ശുഭപ്രതീക്ഷകളോടെ മുന്നണികള്‍

Posted on: March 16, 2016 9:52 am | Last updated: March 16, 2016 at 9:52 am

KASRAGODകാസര്‍കോട് ജില്ലയില്‍ ഏത് മുന്നണി കൂടുതല്‍ സീറ്റ് നേടുമെന്ന കാര്യം ഇക്കുറി പ്രവചനാതീതം. കാരണം മുന്‍കാലങ്ങളിലുണ്ടായ രാഷ്ട്രീയസമവാക്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്തവണ കാസര്‍കോട്ടെ സ്ഥിതി. ഏറെക്കാലമായി ലോക്‌സഭാതിരഞ്ഞെടുപ്പുകളിലും നിയമസഭാതിരഞ്ഞെടുപ്പുകളിലും കാസര്‍കോട് ജില്ലയില്‍ മുന്‍തൂക്കം ഇടതുപക്ഷത്തിനുതന്നെയാണ്. ഈ സ്ഥിതിക്ക് ഇക്കുറിയും മാറ്റമുണ്ടാവില്ലെന്ന അവകാശവാദമാണ് എല്‍ ഡി എഫിനുള്ളത്. എന്നാല്‍ നിലമെച്ചപ്പെടുത്തുമെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍. അക്കൗണ്ട് തുറക്കാനാകുമെന്ന് ബി ജെ പിയും വിശ്വസിക്കുന്നു.
കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലാണ് ഇടതുമുന്നണിയും യു ഡി എഫും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്നത്. ഇവിടെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലൊഴികെ ബി ജെ പിക്ക് കാര്യമായ സ്വാധീനമില്ല. ഇവിടെ ഇരുമുന്നണികളെയും സമ്മര്‍ദ്ദത്തിലാക്കി ബി ജെ പി ഈ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ബി ജെ പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ വോട്ടുവര്‍ധന ഇരുമുന്നണികളും അതീവഗൗരവത്തോടെയാണ് കാണുന്നത്.
മഞ്ചേശ്വരം നിയമസഭാമണ്ഡലം യു ഡി എഫ് തിരിച്ചുപിടിച്ച കുത്തകയാണ്. മുസ്‌ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖിലൂടെയാണ് മഞ്ചേശ്വരം യു ഡി എഫ് തിരികെ പിടിച്ചത്. അബ്ദുര്‍റസാഖ് 49817 വോട്ടുനേടിയാണ് വിജയിച്ചത്. ബി ജെ പിയിലെ കെ സുരേന്ദ്രന്‍ 43989 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. 35067 വോട്ടുകള്‍ നേടി 26. 37 ശതമാനം വോട്ടുകള്‍ നേടി എല്‍ ഡി എഫിലെ സി എച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തെത്തി. മഞ്ചേശ്വരത്തെ സിറ്റിംഗ് എം എല്‍ എയായ പി ബി അബ്ദുര്‍റസാഖ് തന്നെയാണ് ഇത്തവണയും ഈ മണ്ഡലത്തില്‍ മത്സരിക്കുക. പ്രചരണരംഗത്ത് അബ്ദുര്‍റസാഖ് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സി പി എമ്മിലെ സി എച്ച് കുഞ്ഞമ്പുവും ബി ജെ പി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ ബി ജെ പിയില്‍ ഉടലെടുത്ത തര്‍ക്കം രൂക്ഷമായിരുന്നു.
കാസര്‍കോട് മണ്ഡലത്തില്‍ മുസ്‌ലിംലീഗിലെ എന്‍ എ നെല്ലിക്കുന്ന് തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിത്്വം നേരത്തെ ഉറപ്പിച്ചതിനാല്‍ അദ്ദേഹം പ്രചരണത്തിനിങ്ങിക്കഴിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് നെല്ലിക്കുന്നിന്റെ പ്രചാരണം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് യു ഡി എഫ് സ്ഥാനാര്‍ഥിയായ നെല്ലിക്കുന്നിന് 53068 വോട്ടുകളാണ് ലഭിച്ചത്. രണ്ടാംസ്ഥാനം ലഭിച്ചത് ബി ജെ പിയുടെ ജയലക്ഷ്മി എന്‍ ഭട്ടിനാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഐ എന്‍ എല്ലിലെ അസീസ് കടപ്പുറത്തിന് 16467 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.
ഇത്തവണ കാസര്‍കോട് സീറ്റ് വേണ്ടെന്ന നിലപാടിലാണ് ഐ എന്‍ എല്‍. ഈ നിലപാടിലുറച്ചുനിന്നാല്‍ കാസര്‍കോട് മണ്ഡലത്തില്‍ സി പി എം തന്നെ മത്സരിക്കും. വനിതാസ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് സി പി എം ആലോചിക്കുന്നത്. പി പത്മാവതിയോ അഡ്വ. പി പി ശ്യാമളാദേവിയോ സ്ഥാനാര്‍ഥിയാകുമെന്നാണ് പാര്‍ട്ടികേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. പ്രമീള സി നായകിന്റെ പേരിനാണ് കാസര്‍കോട്ടെ ബി ജെ പി സ്ഥാനാര്‍ഥിപട്ടികയില്‍ മുന്‍തൂക്കമുള്ളത്.
നിലവില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ യു ഡി എഫിന്റെ കൈവശമാണെങ്കില്‍ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ എല്‍ ഡി എഫിനാണ്. ഈ മണ്ഡലങ്ങളില്‍ ഉദുമ ഏതുവിധേനയും പിടിച്ചെടുത്ത് ജില്ലയില്‍ മേല്‍ക്കൈ നേടാനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. ഉദുമയിലെ സിറ്റിംഗ് എം എല്‍ എയായ കെ കുഞ്ഞിരാമന്‍ തന്നെയായിരിക്കും ഇത്തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ഇക്കുറി കേരളരാഷ്ട്രീയം പ്രധാനമായും ഉറ്റുനോക്കുന്ന മണ്ഡലം കൂടിയാണ് ഉദുമ. കോണ്‍ഗ്രസിന്റെ കണ്ണൂരിലെ പടക്കുതിരയായി അറിയപ്പെടുന്ന കെ സുധാകരനെ ഉദുമയില്‍ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എ സി പി ഐയിലെ ഇ ചന്ദ്രശേഖരന്‍ തന്നെയാകും ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. യു ഡി എഫ് സ്ഥാനാര്‍ഥിയായി സോഷ്യലിസ്റ്റ് ജനതയുടെ പ്രതിനിധി രംഗത്തുവരും. ബി ജെ പിയില്‍ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 66640 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ എം സി ജോസ് 54462 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തായിരുന്നു. ബി ജെ പിയിലെ മടിക്കൈ കമ്മാരന്‍ 15543 വോട്ടുകളാണ് നേടിയത്. എല്‍ഡി എഫിന് 47.65 ശതമാനവും യു ഡി എഫിന് 38. 95 ശതമാനവും ബി ജെ പിക്ക് 11.11 ശതമാനവുമാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ലഭിച്ചത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയക്കാര്യത്തില്‍ സി പി എമ്മിലും കോണ്‍ഗ്രസിലും ഒരുപോലെ തര്‍ക്കം രൂക്ഷമാണ്. എല്‍ ഡി എഫിന്റെ കുത്തകസീറ്റാണ് തൃക്കരിപ്പൂര്‍. സി പി എമ്മിലെ കെ കുഞ്ഞിരാമനാണ് സിറ്റിംഗ് എം എല്‍ എ ഇത്തവണ തൃക്കരിപ്പൂരില്‍ കുഞ്ഞിരാമന്‍ മല്‍സരിക്കുന്നില്ല. സി പി എമ്മിലെ തന്നെ എം രാജഗോപാലനാണ് തൃക്കരിപ്പൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകുക. യു ഡി എഫിലും ബി ജെ പിയിലും അനിശ്ചിതത്വം തുടരുകയാണ്. തൃക്കരിപ്പൂരില്‍ കെ കുഞ്ഞിരാമന് 67871 വോട്ടുകളാണ് കിട്ടിയത്. വോട്ടിംഗ് ശതമാനം 49.91. യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ കെ വി ഗംഗാധരന്‍ 59106 വോട്ടുനേടി രണ്ടാം സ്ഥാനത്തായിരുന്നു. 43.46 ശതമാനം വോട്ടാണ് യു ഡി എഫിന് കിട്ടിയത്. ബി ജെ പിയുടെ ടി രാധാകൃഷ്ണന്‍ 5450 വോട്ടുകള്‍ നേടിയിരുന്നു. 04.01 ശതമാനമായിരുന്നു ബി ജെ പിയുടെ വോട്ടിംഗ് നില.