ഈ വര്‍ഷം പതിറ്റാണ്ടിലെ കുറഞ്ഞ ശമ്പള വര്‍ധന

Posted on: March 15, 2016 9:59 pm | Last updated: March 15, 2016 at 9:59 pm

dohaദോഹ: പത്തു വര്‍ഷത്തിനിടയിലെ കുറഞ്ഞ ശമ്പള വര്‍ധന ഈ വര്‍ഷമായിരിക്കുമെന്ന് പഠനം. എണ്ണവിലയിടിവിനെത്തുടര്‍ന്ന് സാമ്പത്തിക പുനക്രമീകരണം നടത്തിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവുകള്‍ ഉയരുകയും സബ്‌സിഡികള്‍ ഇല്ലാതാകുകയും ചെയ്യുന്നതിനിടെയാണ് ശമ്പള വര്‍ധനയിലും പിന്നിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വേയിലാണ് ഗള്‍ഫിലെ ഈ വര്‍ഷത്തെ തൊഴില്‍ മേഖലയിലെ പ്രവണതകള്‍ പ്രവചിക്കുന്നത്.
ഉയര്‍ന്ന തസ്തികകളിലും മധ്യ നിരയിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചു നടന്ന സര്‍വേയില്‍ ഖത്വറില്‍ ഈ വര്‍ഷം വര്‍ധിക്കാന്‍ സാധ്യതയുള്ള ശമ്പളം 4.7 ശതമാനമാണ്. ഗള്‍ഫിലെ ശരാശരി വേതന വര്‍ധന 5.2 ശതമാനമാണ്. സഊദി അറേബ്യയാണ് മുന്നില്‍ (5.9 ശതമാനം). എന്നാല്‍, സഊദിയില്‍ ഈ വര്‍ഷം 4.7 ശതമാനം വിലക്കയറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫില്‍ പ്രതീക്ഷിത ശമ്പള വര്‍ധനയില്‍ രണ്ടാമതു നില്‍ക്കുന്ന രാജ്യം യു എ ഇയാണ് (5.3 ശതമാനം). കുവൈത്തും ഒമാനും ഖത്വറിനും പിറകില്‍ 4.6 ശതമാനത്തിലും ബഹ്‌റൈനില്‍ 4.4 ശതമാനവും പ്രതീക്ഷിക്കുന്നു. ശമ്പള വര്‍ധന കുറയുന്നതോടൊപ്പം ജീവിതച്ചെലവുകള്‍ ഉയരുക കൂടി ചെയ്യുന്നതോടെ സാമ്പത്തിക ആദായം വലിയ മാറ്റമില്ലാതെ തുടരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അതേസമയം, പുതിയ സാമ്പത്തിക സാഹചര്യങ്ങള്‍ ഗള്‍ഫില്‍ പുതിയ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ തങ്ങളുടെ പേയ്‌റോളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതരിക്കാന്‍ വേണ്ടി ശ്രദ്ധിക്കുന്നു. സ്ഥാപനത്തിനകത്തു നടത്തുന്ന ക്രമീകരണങ്ങളിലൂടെ ജീവനക്കാരെ തികയ്ക്കാനാണ് ശ്രമം. കമ്പനികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ജീവനക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. പ്രധാനമായും നിര്‍മാണ മേഖലിയിയും ഊര്‍ജ മേഖലയിലുമാണ് നിയന്ത്രണം.
ജീവനക്കാരുടെ എണ്ണം കുറക്കാനും ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികള്‍ ഉദ്ദേശിക്കുന്നു. സര്‍ക്കാര്‍ നിക്ഷേപത്തെയം സാമ്പത്തിക പിന്തുണയെയും ആശ്രയിച്ചു പ്രവര്‍ത്തിച്ചു വന്ന എണ്ണ, ഗ്യാസ്, നിര്‍മാണ മേഖലകളിലെ കമ്പനികളെയാണ് പ്രതിസന്ധി ബാധിച്ചത്.
അതേസമയം, റീട്ടെയില്‍ മേഖലയില്‍ പ്രതിസന്ധി സാരമായി ബാധിച്ചിട്ടില്ല. ആരോഗ്യ മേഖലയിലാകട്ടെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ജനസംഖ്യാ വര്‍ധനവാണ് പ്രധാന കാരണം. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം നിര്‍ബന്ധമാക്കിയതോടെ ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും വര്‍ധിപ്പിക്കേണ്ടി വരുന്നു. കമ്പനികള്‍ തങ്ങളുടെ മികച്ച ജീവനക്കാര്‍ കൂടുവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതുപോലെ തന്നെ തങ്ങളുടെ ജീവനക്കാരെ ഉയര്‍ത്തിക്കൊണ്ടു വരുന്നിതിനുള്ള അവസരമായും ചില കമ്പനികള്‍ കാണുന്നു. സ്വദേശികളെ ആകര്‍ഷിക്കുന്നതിനും ശ്രദ്ധിക്കുന്നു. പൊതുമേഖലയില്‍ സ്വദേശികളുടെ നിയമനത്തില്‍ മന്ദീഭാവം ഉണ്ടായത് കൂടുതല്‍ പേര്‍ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. അതേസമയം, എണ്ണയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ സുസ്ഥിരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.