സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പതറി ടീം ഇന്ത്യ: ന്യൂസിലാന്റിന് 47 റണ്‍സ് വിജയം

Posted on: March 15, 2016 10:40 pm | Last updated: March 16, 2016 at 9:23 am

india-in-new-zealand-1-640

നാഗ്പൂര്‍: പുകഴ്‌പെറ്റ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയാന്‍ മത്സരിച്ചപ്പോള്‍ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ പോരില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ന്യൂസിലാന്‍ഡിനോട് 47 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട ടീം ഇന്ത്യക്ക് തുടക്കത്തിലേറ്റ തോല്‍വി കനത്ത തിരിച്ചടിയായി. പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ തുടങ്ങിയ കരുത്തരായ ടീമുകളെ കീഴടക്കി സെമിയില്‍ പ്രവേശിക്കുക ഏറെ ശ്രമകരമാകും.
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ 126 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിരങ്ങിയ ഇന്ത്യ18.1 ഓവറില്‍ 79 റണ്‍സിന് ആള്‍ ഓട്ടാകുകയായിരുന്നു. ക്യാപ്റ്റന്‍ ധോണി (30), വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (23), ആര്‍ അശ്വിന്‍ (10) എന്നിവരൊഴികെ ആര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ലെന്നത് ഇന്ത്യയുടെ തോല്‍വിയുടെ ആഴം വ്യക്തമാക്കുന്നു. രോഹിത് ശര്‍മ (5), ധവാന്‍ (1), റെയ്‌ന (1), യുവ്‌രാജ് (4), പാണ്ഡ്യ (1), ജഡേജ (0), നെഹ്‌റ (0) എന്നിവര്‍ വന്നതും പോയതുമറിഞ്ഞില്ല.
നേരത്തെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തിയാണ് ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സ് ആരംഭിച്ചത്. അശ്വിന്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് ഗുപ്റ്റില്‍ അനായാസം വേലിക്കപ്പുറത്തെത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ ഗുപ്റ്റിലിനെ എല്‍ ബി ഡബ്യുവില്‍ കുടുക്കി അശ്വിന്‍ തിരിച്ചടിച്ചു. നാലാം പന്തില്‍ റിവേഴ്‌സ് സ്വീപ്പിലൂടെ മണ്‍റോയുടെ സിക്‌സര്‍. ആദ്യ ഓവറില്‍ 13 റണ്‍സാണ് ന്യൂസിലാന്‍ഡ് കുറിച്ചത്. രണ്ടാം ഓവറില്‍ ഏഴ് റണ്‍സെടുത്ത മണ്‍റോ വീണു. നെഹ്‌റയുടെ പന്തില്‍ പാണ്ഡ്യക്ക് ക്യാച്ച്. അതിനിടെ ഏഴാം ഓവറില്‍ അശ്വിനെ പിന്‍വലിച്ച് റെയ്‌നക്ക് ബൗളിംഗ് ചുമതല ഏല്‍പ്പിച്ച ക്യാപ്റ്റന്‍ ധോണിയുടെ നീക്കം ഫലം കണ്ടു. ഓപണിംഗ് ബാറ്റ്‌സ്മാനായ വില്ല്യംസണെ ധോണി പിടിച്ചു പുറത്താത്തി. തുടര്‍ന്ന് ആന്‍ഡേഴ്‌സണും റോസ് ടെയ്‌ലറും ചേര്‍ന്ന് പൊരുതിയപ്പോള്‍ ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചു.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 26 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടെയ്‌ലറെ റെയ്‌ന റൗണ്ണൗട്ടാക്കി. പിന്നീട് ആന്‍ഡേഴ്‌സണും സാറ്റനറും ചേര്‍ന്ന് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റെയ്‌നയുടെയും ബ്രുംറയുടെയും പന്തുകളില്‍ റണ്‍സ് നേടാന്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടി. 17.2 ഓവറിലാണ് കിവീസ് സ്‌കോര്‍ 100 കടന്നത്. 11 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 21 റണ്‍സടിച്ച ലൂക്ക് റോഞ്ചിയാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ 126ല്‍ എത്തിച്ചത്.
സ്‌കോര്‍ ബോര്‍ഡ്
ന്യൂസിലാന്‍ഡ് 126/ 7 (20 ഓവര്‍)

ഗുപ്റ്റില്‍ എല്‍ ബി ബി അശ്വിന്‍ 6, വില്ല്യംസണ്‍ സ്റ്റംമ്പ്ഡ് ധോണി ബി റെയ്‌ന 8, മണ്‍റോ സി പാണ്ഡ്യ ബി നെഹ്‌റ 7, ആന്‍ഡേഴ്‌സണ്‍ ബി ബ്രുംറ 34, ടെയ്‌ലര്‍ റണ്ണൗട്ട്(റെയ്‌ന) 10, സാറ്റ്‌നര്‍ സി ധോണി ബി ജഡേജ 18, എലിയട്ട് റണ്ണൗട്ട് (ധവാന്‍, നെഹ്‌റ) 9, റോഞ്ചി നോ്ട്ടൗട്ട് 21, മക്കെല്ലം നോട്ടൗട്ട് 0. എക്‌സ്ട്രാസ്: 13.

വിക്കറ്റ് വീഴ്ച: 1-6 (ഗുപ്റ്റില്‍), 2-13 (മണ്‍റോ), 3-35 (വില്ല്യംസണ്‍), 4-61 ടെയ്‌ലര്‍, 5-89 (ആന്‍ഡേഴ്‌സണ്‍), 6-98 (സാറ്റനര്‍), 7-114 (എലിയട്ട്)

ബൗളിംഗ്:’അശ്വിന്‍ 4-0-32-1, നെഹ്‌റ 3-0-21-1, ബ്രുംറ 4-0-15-1, റെയ്‌ന 4-0-15-1, ജഡേജ 4-0-26-1, പാണ്ഡ്യ 1-0-10-0.
ഇന്ത്യ 79 ആള്‍ ഓട്ട് (18.1)

രോഹിത് ശര്‍മ സ്റ്റംമ്പ്ഡ് റോഞ്ചി ബി സാറ്റ്‌നര്‍ 5, ധവാന്‍ എല്‍ബി ബി മക്കെല്ലം 1, കോഹ്‌ലി സി റോഞ്ചി ബി സോധി 23, റെയ്‌ന സി ഗുപ്റ്റില്‍ ബി സാറ്റ്‌നര്‍ 1, യുവ്‌രാജ് സി ആന്‍ഡ് ബി മക്കെല്ലം 4, ധോണി സി മക്കെല്ലം ബി സാറ്റ്‌നര്‍ 30, പാണ്ഡ്യ എല്‍ബി ബി സാറ്റ്‌നര്‍ 1, ജഡേജ സി ആന്‍ഡ് ബി സോധി 0, അശ്വിന്‍ സി റോഞ്ചി ബി സോധി 10, നെഹ്‌റ ബി മില്‍നെ (0), ബ്രുംറ നോട്ടൗട്ട് (0). എക്‌സ്ട്രാസ് 4.

വിക്കറ്റ് വീഴ്ച: 1-5 (ധവാന്‍), 2-10 (രോഹിത് ), 3-12 (റെയ്‌ന), 4-26 (യുവ്‌രാജ്), 5- 39 (കോഹ്‌ലി), 6-42 (പാണ്ഡ്യ), 7-43 (ജഡേജ), 8-73 (അശ്വിന്‍), 9-79 ധോണി, 10-79 (നെഹ്‌റ).

ബൗളിംഗ്: മക്കെല്ലം 3-0-15-2, ആന്‍ഡേഴ്‌സണ്‍ 3-0-18-0, സാറ്റ്‌നര്‍ 4-0-11-4, എലിയട്ട് 2-0-9-0, മില്‍നെ 2.1-0-8- 1, സോധി 4-0-18-3.