പൈതൃക സംരക്ഷണ ക്യാംപയിന് തുടക്കം

Posted on: March 15, 2016 7:02 pm | Last updated: March 15, 2016 at 7:02 pm
പൈതൃക സംരക്ഷണ ക്യാംപയിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌
പൈതൃക സംരക്ഷണ ക്യാംപയിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്‌

ദോഹ: പൈതൃകത്തിന് വേണ്ടി ഒന്നിക്കൂ എന്ന പേരില്‍ ഖത്വറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപയിന് തുടക്കം. ഖത്വര്‍ മ്യൂസിയത്തില്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നിരവധി നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ക്യാംപയിനിന് തുടക്കമായത്. ഖത്വര്‍ മ്യൂസിയം, യുനെസ്‌കോ എന്നിവയുടെ സഹകരണത്തോടെ സാംസ്‌കാരിക മന്ത്രാലയമാണ് ക്യാംപയിന്‍ നടത്തുന്നത്.
ലോകത്തുടനീളമുള്ള പൈതൃകത്തെ സംബന്ധിച്ച് ബോധവത്കരിക്കലും സാംസ്‌കാരിക പൈതൃകത്തെ പൊതുജനങ്ങളെ അറിയിക്കലുമാണ് പ്രചാരണത്തിന്റെ ലക്ഷ്യം. സാംസ്‌കാരിക മുദ്രകളടങ്ങിയ വസ്തുക്കളുടെ നിയമവിരുദ്ധ വില്‍പ്പന ഇല്ലാതാക്കലും സാംസ്‌കാരിക കേന്ദ്രങ്ങളെ സംരക്ഷിക്കലും പ്രധാന ലക്ഷ്യമാണ്. മാനവിക പൈതൃകത്തെ പിന്തുണക്കുന്ന ശബ്ദങ്ങള്‍ ഉയരേണ്ടതുണ്ടെന്ന് പരിപാടിയില്‍ യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ സ്ഥാനാര്‍ഥിയും അമീറിന്റെ സാംസ്‌കാരിക ഉപദേശകനുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി പറഞ്ഞു. അജ്ഞതയുടെയും അന്ധമായ മാനസികാവസ്ഥയുടെയും പേരില്‍ ചില കറുത്ത കരങ്ങള്‍ മനുഷ്യ സാന്നിധ്യത്തിന്റെ സ്മരണകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ അജ്ഞരായ അക്രമികള്‍ സാംസ്‌കാരിക പൈതൃകങ്ങളെ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ വ്യാപക ബോധവത്കരണങ്ങളും ഓര്‍മപ്പെടുത്തലുകളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്വര്‍ മ്യൂസിയം ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ജാസ്സിം അല്‍ കുബൈസി സന്നിഹിതനായിരുന്നു.