ലോക സമ്പന്നതയിലേക്ക് ഗള്‍ഫ് മലയാളികളുടെ കുതിപ്പ്

Posted on: March 15, 2016 6:24 pm | Last updated: March 17, 2016 at 6:30 pm
എം എ യൂസുഫലി,രവി പിള്ള,സണ്ണി വര്‍ക്കി
എം എ യൂസുഫലി,രവി പിള്ള,സണ്ണി വര്‍ക്കി

ലോക സമ്പന്നരില്‍ ഗള്‍ഫ് മലയാളികള്‍ ഇടംപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്ത് ഏറ്റവും ആസ്തിയുള്ള 500 പേരില്‍ എം എ യൂസുഫലിയുണ്ട് (ഫോബ്‌സ് ആനുകാലികത്തിന്റെ പട്ടിക പ്രകാരമാണിത്). 430 കോടി ഡോളറാണ് യൂസുഫലിയുടെ ആസ്തി. വരും വര്‍ഷങ്ങളില്‍ രവി പിള്ള, സണ്ണിവര്‍ക്കി, ആസാദ് മൂപ്പന്‍, ടി എസ് കല്യാണരാമന്‍, ജോയ് ആലുക്കാസ് എന്നിവരും ആദ്യ 500ല്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. ലോകത്ത് 358-ാമത്തെ സമ്പന്നനാണ് എം എ യൂസുഫലി. രവി പിള്ള 595-ാം സ്ഥാനത്ത്. സണ്ണിവര്‍ക്കി 959-ാം സ്ഥാനത്താണ്.
7,500 കോടി ഡോളര്‍ ആസ്തിയുള്ള ബില്‍ഗേറ്റ്‌സാണ് ഒന്നാമന്‍. ഇന്ത്യക്കാരില്‍ മുകേഷ് അംബാനിയാണ് മുമ്പന്‍. ലോക റാങ്കിംഗില്‍ 36-ാം സ്ഥാനം. 1930 കോടി ഡോളറാണ് ആസ്തി.
എം എ യൂസുഫലി സമ്പന്നന്‍ മാത്രമല്ല, ജി സി സിയില്‍ സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും പാരസ്പര്യം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഈയിടെ അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പല ഘട്ടങ്ങളിലും നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമാണ്.
യൂസുഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ജോയ് ആലുക്കാസ് എന്നിവരുടെ കുതിപ്പ് കഠിനാധ്വാനത്തിന്റെയും ദീര്‍ഘ വീക്ഷണത്തിന്റെയും ഫലമാണ്.
1973ല്‍ അബുദാബിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായാണ് യൂസുഫലി ഗള്‍ഫ് ജീവിതം തുടങ്ങിയത്. ഗള്‍ഫ് യുദ്ധകാലത്ത് മിക്കവരും മേഖല വിട്ടുപോകുമ്പോള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കാണിച്ച ധീരതയാണ് യൂസുഫലിയെ വ്യത്യസ്തനാക്കിയത്. അന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ അഭിനന്ദനത്തിന് യൂസുഫലി പാത്രമായി. 59 വയസിനിടയില്‍ ആണ് യൂസുഫലിയുടെ നേട്ടങ്ങള്‍ എന്നത് മറ്റൊരു സവിശേഷത. 1990ലാണ് ആദ്യമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നത്. ഇന്ന് ഗള്‍ഫ് മേഖലയില്‍ മാത്രം നൂറിലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്വന്തം. 2013 മാര്‍ച്ച് പത്തിന് കൊച്ചിയിലും ലുലു ഷോപ്പിംഗ്മാള്‍ തുടങ്ങി. 37 രാജ്യങ്ങളിലെ 30,000 ഓളം ജീവനക്കാര്‍ അദ്ദേഹത്തിന് കീഴിലുണ്ട്. കൂടുതലും മലയാളികള്‍. രവി പിള്ളയും ഏറെ വിയര്‍പ്പൊഴുക്കിയാണ് സാമ്പത്തിക ഭദ്രത കൈവരിച്ചത്. കൊല്ലത്ത് തൊഴില്‍ സമരത്തെത്തുടര്‍ന്ന് സ്വന്തം സ്ഥാപനം പൂട്ടിയപ്പോള്‍ 1978ല്‍ സഊദി അറേബ്യയിലേക്ക് പോവുകയായിരുന്നു. അവിടെ ചെറിയ സ്ഥാപനം തുടങ്ങി. രണ്ടു വര്‍ഷത്തിനുശേഷം നിര്‍മാണ മേഖലയിലേക്ക് കടന്നു. പിന്നീട് 150 ജീവനക്കാരുമായി നാസര്‍ അല്‍ ഹാജിരി കോര്‍പറേഷന്‍ തുടങ്ങി. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 70,000 ജീവനക്കാര്‍ രവി പിള്ളയുടെ കീഴിലുണ്ട്. കേരളത്തില്‍ വിവിധ നഗരങ്ങളില്‍ ആര്‍ പി മാളുകള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. 62 വയസുകാരനായ രവി പിള്ള പുതിയ മേഖലകള്‍ തേടുകയാണ്.
ദുബൈയില്‍ ഒരു ക്ലിനിക്കില്‍ നിന്നാണ് ഡോ. ആസാദ് മൂപ്പന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ശൃംഖലകളുള്ള ഡി എം ഹെല്‍ത് കെയറിന് രൂപം നല്‍കുന്നത്. ആരോഗ്യ സംരക്ഷണ രംഗത്ത് ലോകത്തു തന്നെ ഒന്നാം സ്ഥാനത്തെത്താന്‍ ഡോ. ആസാദ് മൂപ്പന്‍ ഇനി അധികം ദൂരമില്ല. ഇത്തരത്തില്‍ സമ്പന്നതയില്‍ ഗള്‍ഫ് മലയാളികള്‍ മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുന്നു. ഇവരില്‍ പലരുടെയും നിക്ഷേപ അടിത്തറ ഭദ്രമാണെന്നതാണ് മറ്റുള്ളവരില്‍ നിന്ന് ഇവരെ വ്യതിരിക്തമാക്കുന്നത്.