ഇന്ത്യയെ പുകഴ്ത്തിയ അഫ്രീദിക്കെതിരെ പാക്കിസ്ഥാനില്‍ രോഷപ്രകടനം

Posted on: March 15, 2016 6:00 am | Last updated: March 15, 2016 at 12:41 am

afridiഇസ്്‌ലാമാബാദ്: നാട്ടിലുള്ളതിനേക്കാള്‍ സ്‌നേഹം ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ലഭിക്കുന്നുവെന്ന പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ പരാമര്‍ശം വിവാദമായി. അഫ്രീദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. അഫ്രീദിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നായിരുന്ന മിയാന്‍ദാദിന്റെ കമെന്റ്.
ലോകകപ്പ് മത്സരങ്ങള്‍ക്കു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അഫ്രീദിയുടെ പരാമര്‍ശങ്ങള്‍. ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും സുരക്ഷാ ഭീഷണിയുള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു. പാക് ടീമിലെ സഹതാരം ശുഐബ് മാലിക്കും ക്യാപ്റ്റന്റെ അഭിപ്രായത്തെ പിന്തുണച്ചു.
നേരത്തെ, ദിവസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ശനിയാഴ്ച രാത്രിയോടെയാണു പാക് പുരുഷ, വനിതാ ടീമുകള്‍ ഇന്ത്യയിലെത്തിയത്. പുരുഷ ടീം കോല്‍ക്കത്തയിലും വനിതാ ലോകകപ്പിനുള്ള ടീം ചെന്നൈയിലുമാണു വിമാനമിറങ്ങിയത്.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ലാഹോറിലെ ഒരു അഭിഭാഷകന്‍ അഫ്രീദിക്കെതിരെ വക്കീല്‍ നോട്ടീസയക്കുകയും ചെയ്തു.