Connect with us

Sports

ഇനി സൂപ്പര്‍ കളി

Published

|

Last Updated

വിരാട് കോഹ്‌ലി ഫീല്‍ഡിംഗ് പരിശീലനത്തില്‍

നാഗ്പുര്‍: ആറാമത് ഐ സി സി ട്വന്റിട്വന്റി ലോകകപ്പിലെ സൂപ്പര്‍ ടെന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആതിഥേയരായ ഇന്ത്യയും കുട്ടിക്രിക്കറ്റിലെ അവിസ്മരണീയ പ്രകടനക്കാരായ ന്യൂസിലാന്‍ഡും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും.
ഇന്ന് രാത്രി 7.30നാണ് മത്സരം. പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ, ബംഗ്ലാദേശ് ഉള്‍പ്പെട്ട ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യും ന്യൂസിലാന്‍ഡും. ബംഗ്ലാദേശ് യോഗ്യതാ റൗണ്ടിലൂടെ സൂപ്പര്‍ ടെന്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ജേതാക്കളായ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം യോഗ്യതാ ഗ്രൂപ്പ് ജേതാക്കളായ അഫ്ഗാനിസ്ഥാനും ചേരുന്നു.
2007 ലെ പ്രഥമ ട്വന്റി20 ചാമ്പ്യന്‍മാരാണ് ഇന്ത്യ. അന്ന് ടീമിനെ നയിച്ച മഹേന്ദ്ര സിംഗ് ധോണി ഇന്നും അമരത്തുണ്ട്.
അധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആയി അറിയപ്പെടുന്ന ധോണി മികച്ച ഫോമിലാണ്. സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് എതിരാളികളുടെ ഉറക്കം കെടുത്തുന്നതായിരുന്നു.
ബ്രെണ്ടന്‍ മക്കെല്ലം എന്ന സൂപ്പര്‍ നായകന്റെ വിരമിക്കലിന് ശേഷം ന്യൂസിലാന്‍ഡ് മത്സരലോകത്തേക്കിറങ്ങുകയാണ്. മക്കെല്ലത്തിന്റെ അഭാവം കിവീസ് നിരയില്‍ പ്രതിഫലിക്കാതിരിക്കില്ല. അതേ സമയം, കാന്‍ വില്യംസന് കീഴില്‍ ആത്മവിശ്വാസമുള്ള മറ്റൊരു നിര ഈ ലോകകപ്പില്‍ ഉയര്‍ന്നു വരുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ട്വന്റി20 യില്‍ 19 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഫോമിലേക്കുയര്‍ന്നാല്‍ കിവീസിന് പേടിക്കാനില്ല. എന്നാല്‍, ഗുപ്ടില്‍ ഉള്‍പ്പടെയുള്ള കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്ത്യയിലെ സാഹചര്യത്തില്‍ ഇരുപതോവര്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള പരിചയക്കുറവ് വലിയൊരു ദൗര്‍ബല്യമാണ്.
ഇവിടെയാണ് ഇന്ത്യ എതിരാളികള്‍ക്ക് മേല്‍ ആത്മവിശ്വാസം നേടുന്നത്. നാട്ടില്‍ കളിക്കുന്നുവെന്നത് ഇന്ത്യയെ ടോപ് ഗിയറില്‍ നിര്‍ത്തുന്നു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, യുവരാജ്, വിരാട് കോഹ്‌ലി, ധോണി, ഹര്‍ദിക്, റെയ്‌ന എന്നിങ്ങനെ സ്വപ്‌നതുല്യമായ ബാറ്റിംഗ് ലൈനപ്പ് ഇന്ത്യക്ക് സ്വന്തം.
ആശിഷ് നെഹ്‌റ നയിക്കുന്ന ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വൈവിധ്യമേറെ. സ്പിന്‍ എറിയാന്‍ അശ്വിനൊപ്പം ജഡേജയും യുവരാജും റെഡി. എന്നാല്‍, ട്വന്റി20യില്‍ ഇതുവരെ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന ചരിത്രമുണ്ട്. ഇത് തിരുത്തിക്കുറിക്കാന്‍ കൂടിയാകും ധോണിയും സംഘവും ആദ്യ കളിക്കിറങ്ങുന്നത്.
സാധ്യതാ സ്‌ക്വാഡ്:
ഇന്ത്യ : ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, ഹര്‍ദിക് പാണ്ഡ്യ, എം എസ് ധോണി(ക്യാപ്റ്റന്‍&വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആശിഷ് നെഹ്‌റ/മുഹമ്മദ് ഷമി.
ന്യൂസിലാന്‍ഡ് : മാര്‍ട്ടിന്‍ ഗുപ്ടില്‍, കാന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), കോളിന്‍ മന്റോ, റോസ് ടെയ്‌ലര്‍, കോറി ആന്‍ഡേഴ്‌സന്‍, ഗ്രാന്റ് എലിയറ്റ്, ലൂക് റോഞ്ചി(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാനെര്‍, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്, മിച്ചല്‍മക്‌ഗ്ലെനാഹന്‍.