എ എഫ് ഡിക്ക് വിജയം; മെര്‍ക്കലിന് കനത്ത തിരിച്ചടി

Posted on: March 15, 2016 5:26 am | Last updated: March 15, 2016 at 12:27 am
SHARE
മെര്‍ക്കല്‍
മെര്‍ക്കല്‍

ബെര്‍ലിന്‍: ജര്‍മനിയില്‍ മൂന്ന് മേഖലകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ ആര്‍ട്ടര്‍നേറ്റീവ് ഫര്‍ ഡ്യൂട്ട്ഷ്‌ലാന്‍ഡ്(എ എഫ് ഡി)ക്ക് വന്‍ വിജയം. ഒരു വര്‍ഷം മുമ്പ് വരെ ഇത്തരമൊരു വിജയം ചിന്തിക്കാന്‍കൂടി കഴിയാത്തതായിരുന്നു. പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അഭയാര്‍ഥി നയത്തില്‍ പുരോഗമന നിലപാട് സ്വീകരിച്ച ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിനും ഇവരുടെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂനിയനും( സി ഡി യു) കനത്ത തിരിച്ചടിയായിരിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടിടത്തും മെര്‍ക്കലിന്റെ സി ഡി യു പരാജയപ്പെട്ടു. സി ഡി യുവിന്റെ ശക്തികേന്ദ്രമായ ബാഡന്‍ വുര്‍ട്ടം ബര്‍ഗില്‍ ചരിത്രത്തില്‍ ആദ്യമായി 27 ശതമാനം വോട്ട് നേടി രണ്ടാംസ്ഥാനത്തേക്ക് പുറംതള്ളപ്പെടുകയുമുണ്ടായി. ഗ്രീന്‍സ് പാര്‍ട്ടിയാണ് ഇവിടെ ഒന്നാമതെത്തിയത്. കുടിയേറ്റക്കാര്‍ രാജ്യത്ത് കടന്നാല്‍ പോലീസ് വെടിവെക്കണമെന്ന നിലപാടിലൂടെ കനത്ത രോഷം ഏറ്റുവാങ്ങിയ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ എഫ് ഡി)ക്ക് ആദ്യമായി നടത്തിയ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലും രണ്ടക്ക വിജയം കൊയ്യാനായിട്ടുണ്ട്. സാക്‌സണ്‍ അന്‍ഹാള്‍ട്ടില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 24 ശതമാനം വോട്ടുകള്‍ നേടിയ എ എഫ് ഡി സംസ്ഥാന പാര്‍ലിമെന്റില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി. മറ്റു രണ്ട് സംസ്ഥാനങ്ങളിലും പ്രവചിച്ചതിനേക്കാള്‍ അധികം വോട്ടുകള്‍ നേടാനും പാര്‍ട്ടിക്കായി. ബാഡന്‍ വൂര്‍ട്ടം ബര്‍ഗ്, റൈന്‍ലാന്‍ഡ് ഫാള്‍സ്, സാക്‌സണ്‍ അന്‍ഹാള്‍ട്ട് എന്നീ സംസ്ഥാനങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി പാര്‍ട്ടിയായ എസ് പി ഡിക്കും വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. മെര്‍ക്കലിന്റെ സി ഡി യുവും എ എഫ് ഡിയും തമ്മിലായിരുന്നു പ്രധാന മത്സരം.
ജര്‍മനിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here