തുല്യശക്തികളുടെ പൂരം; തിരഞ്ഞെടുപ്പ് തീപാറും

Posted on: March 15, 2016 6:00 am | Last updated: March 15, 2016 at 12:20 am

07-TRISSUR (1)സംസ്ഥാനത്ത് 14ാമത് നിയമസഭയിലേക്ക് പ്രതിനിധികളെ നിര്‍ണയിക്കുന്നതിനുള്ള ജനവിധിക്ക് രണ്ട് മാസം ശേഷിക്കെ തൃശൂരില്‍ തിരഞ്ഞെടുപ്പ് രംഗം പതിയെ ചൂടുപിടിച്ച് വരികയാണ്. സ്ഥാനാര്‍ഥി ചര്‍ച്ചകളും തീരുമാനങ്ങളും പ്രചാരണങ്ങളും ഓരോ മുന്നണിയുടെയും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്നണിക്കും പാര്‍ട്ടികള്‍ക്കുമുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുമുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ് ജില്ലയിലെ രാഷ്ട്രീയ നേതൃത്വം. 13 മണ്ഡലങ്ങളിലും ജനപിന്തുണയും കഴിവുമുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തി 2011ലെതിനെക്കാള്‍ മികവുറ്റ പ്രകടനം നടത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടികളോരോന്നും കരുക്കള്‍ നീക്കുന്നത്.
നിലവില്‍ ഒരിടത്തും മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടില്ല. സാധ്യതാ പട്ടികയാണ് പലയിടത്തുമുള്ളത്.
നിയമസഭയില്‍ മുന്നണികള്‍ മാറിമാറി വരുന്നത് പോലെ ഏതെങ്കിലും ഒരു മുന്നണിയെ സ്ഥിരമായി തിരഞ്ഞെടുത്ത ചരിത്രം തൃശൂരിനുമില്ല. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫിനായിരുന്നു മേല്‍ക്കൈ. 2001ല്‍ നിലവിലുണ്ടായിരുന്ന പതിനാല് സീറ്റില്‍ പന്ത്രണ്ടും കൈക്കലാക്കി യു ഡി എഫ് മൃഗീയ ആധിപത്യം നേടിയപ്പോള്‍ 2006ല്‍ 11 സീറ്റോടെ എല്‍ ഡി എഫ് വെന്നിക്കൊടി പാറിച്ചു. ഇരു മുന്നണികളും ബലാബലത്തിലാണെന്നതിനാല്‍ പോരാട്ടം തീപാറും. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് ഇരു കൂട്ടര്‍ക്കും വിയര്‍ക്കേണ്ടി വരുമെന്നര്‍ഥം. വോട്ടെണ്ണല്‍ കഴിയും വരെ സസ്‌പെന്‍സ് ത്രില്ലറാകും തൃശൂരിലെ തിരഞ്ഞെടുപ്പ്.
ജില്ലയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ഇടത് എം പിമാരാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 86 പഞ്ചായത്തില്‍ 66 ഉം ഏഴ് നഗരസഭകളില്‍ ആറെണ്ണവും വരുതിയിലാക്കാന്‍ എല്‍ ഡി എഫിനായി. തൃശൂര്‍ കോര്‍പറേഷന് പുറമെ ജില്ലാ പഞ്ചായത്തും യു ഡി എഫില്‍ നിന്ന് തിരിച്ചു പിടിച്ചു. എന്നാല്‍ ഈ കണക്കുകളെല്ലാം ഈ തിരഞ്ഞെടുപ്പില്‍ മാറിമറിയുമെന്നും നല്ല മുന്‍തൂക്കത്തില്‍ ആധിപത്യം നേടാനാവുമെന്നുമുള്ള പ്രതീക്ഷയില്‍ തന്നെയാണ് വലത് മുന്നണി.
ഇരിങ്ങാലക്കുടയില്‍ കഥാകൃത്ത് അശോകന്‍ ചരുവില്‍, ഡി വൈ എഫ് ഐ മുന്‍ നേതാവ് ടി ശശിധരന്‍ എന്നിവരാണ് സി പി എം ലിസ്റ്റിലുള്ളത്. ഗവ. ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവുമായ തോമസ് ഉണ്ണിയാടനാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എല്‍ ഡി എഫില്‍ നിന്ന് മത്സരിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് അഡ്വ. കെ ആര്‍ വിജയയെ 14000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉണ്ണിയാടന്‍ പരാജയപ്പെടുത്തിയത്. ബി ജെ പിയുടെ വേണുഗോപാല്‍ 7000ത്തോളം വോട്ട് നേടി. ഇത്തവണയും ഉണ്ണിയാടന്‍ തന്നെയാണ് യു ഡി എഫിന് വേണ്ടി മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ബി ജെ പി സീറ്റ് ബി ഡി ജെ എസിന് വിട്ടുകൊടുത്തേക്കും. അങ്ങിനെയാണെങ്കില്‍ എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളമായിരിക്കും ജനവിധി തേടുക. രണ്ട് തവണയായി എം എല്‍ എയായി തുടരുന്ന സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ വി അബ്ദുല്‍ ഖാദറിനെ തന്നെയാകും ഗുരുവായൂരില്‍ എല്‍ ഡി എഫ് ഇപ്രാവശ്യവും സ്ഥാനാര്‍ഥിയാക്കുക. ഒമ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ വിജയം. ലീഗ് സ്ഥാനാര്‍ഥി അശ്‌റഫ് കോളൂരിനെയാണ് തോല്‍പ്പിച്ചത്. 2006ല്‍ അബ്ദുല്‍ ഖാദറിനോട് അടിയറവ് പറഞ്ഞ ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദാണ് ഇത്തവണ യു ഡി എഫ് സാധ്യതാ ലിസ്റ്റിലുള്ളത്. ബി ജെ പി ഗുരുവായൂര്‍ മണ്ഡലവും ബി ഡി ജെ എസിന് കൊടുത്തേക്കും. വെല്‍ഫയര്‍ പാര്‍ട്ടി, എസ് ഡി പി ഐ തുടങ്ങിയ ചെറുകക്ഷികളും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് സൂചന.
കുന്നംകുളത്ത് 481 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ കടന്നുകൂടിയ ബാബു എം പാലിശ്ശേരിയെ സി പി എം വീണ്ടും നിര്‍ത്തി പരീക്ഷിക്കാന്‍ സാധ്യത കുറവാണ്. പകരം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ സ്ഥാനാര്‍ഥിയായേക്കും. സി എം പിക്ക് നീക്കിവച്ചിട്ടുള്ള സീറ്റില്‍ സി പി ജോണ്‍ തന്നെയാകും യു ഡി എഫ് സ്ഥാനാര്‍ഥി. ബി ജെ പിക്ക് വേണ്ടി കെ അനീഷ് കുമാര്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മത്സരിക്കാനെത്തുമെന്ന ഊഹാപോഹങ്ങളാണ് മണലൂരിനെ ശ്രദ്ധേയമാക്കുന്നത്. അങ്ങനെ യല്ലെങ്കില്‍ സിറ്റിംഗ് എം എല്‍ എ. പി എ മാധവന്‍ തന്നെയാകും ഒരിക്കല്‍ കൂടി അങ്കത്തിനിറങ്ങുക. 481 വോട്ട് ഭൂരിപക്ഷത്തിലാണ് മാധവന്‍ എല്‍ ഡി എഫിലെ ബേബിജോണിനെ മറികടന്നത്. മുന്‍ എം എല്‍ എ മുരളി പെരുനെല്ലിയെ വീണ്ടും നിര്‍ത്തി നേരിയ വോട്ടുകള്‍ക്ക് കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ ഡി എഫ്. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ മണലൂരിനെ ഇറക്കി നേട്ടമുണ്ടാക്കാനാകുമോയെന്നാണ് ബി ജെ പി നോക്കുന്നത്. വടക്കാഞ്ചേരിയില്‍ സിറ്റിംഗ് എം എല്‍ എയും മന്ത്രിയുമായ സി എന്‍ ബാലകൃഷ്ണന്‍ ഇത്തവണ രംഗത്തുണ്ടാവില്ലെന്നാണ് അറിയുന്നത്. പകരം പി എ മാധവന്‍, അനില്‍ അക്കര, രാജേന്ദ്രന്‍ അരങ്ങത്ത് എന്നിവര്‍ക്കാര്‍ക്കെങ്കിലും നറുക്ക് വീഴും. ചലച്ചിത്ര താരം കെ പി എസി ലളിതയെയാണ് ഇടത് മുന്നണി ഇവിടെ പരിഗണിക്കുന്നത്.
അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട് ജൈത്രയാത്ര തുടരുന്ന തേറമ്പില്‍ രാമകൃഷ്ണന്‍ തന്നെ തൃശൂരില്‍ സ്ഥാനാര്‍ഥിയാകണമെന്ന കാര്യത്തില്‍ യു ഡി എഫില്‍ രണ്ട് പക്ഷമുണ്ടാകാനിടയില്ല. കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ വിജയം. സ്വതന്ത്രനെ രംഗത്തിറക്കി തേറമ്പിലിന് തടയിടാനുള്ള ആലോചനകളാണ് എല്‍ ഡി എഫില്‍ നടക്കുന്നത്.
കൊടുങ്ങല്ലൂരില്‍ ടി എന്‍ പ്രതാപന്‍ തന്നെയായിരിക്കും ഇത്തവണയും ഉണ്ടാവുക. അഥവാ മാറിയാല്‍ ചാലക്കുടി മുന്‍ എം പി. കെ പി ധനപാലനോ മുന്‍ എം എല്‍ എ. ടി യു രാധാകൃഷ്ണനോ സാധ്യത തെളിയും. മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, വി ആര്‍ സുനില്‍ കുമാര്‍ എന്നിവര്‍ സി പി ഐ പരിഗണനാ പട്ടികയിലുണ്ട്. 2549 വോട്ടുകള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച സി പി എമ്മിലെ ബി ഡി ദേവസ്സിയാകും ചാലക്കുടിയിലെ എല്‍ ഡി എഫ് സാരഥി. മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ആലോചനകള്‍ എവിടെയുമെത്തിയിട്ടില്ല. എങ്കിലും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പനോ കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണോ ആയിരിക്കും മിക്കവാറും ദേവസ്സിയെ നേരിടാനുണ്ടാകുക.
13570 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നിലവില്‍ കൈപ്പമംഗലത്തെ പ്രതിനിധീകരിക്കുന്ന സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍ ഒരിക്കല്‍ കൂടി ഇവിടെത്തന്നെ മത്സരിക്കാനിറങ്ങിയേക്കും. ടി എന്‍ പ്രതാപനെ നിര്‍ത്തി ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ യു ഡി എഫില്‍ ആലോചനയുണ്ട്. കാല്‍ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പുതുക്കാട് നിന്ന് വിജയശ്രീലാളിതനായ സി പി എമ്മിന്റെ പ്രൊഫ. സി രവീന്ദ്രനാഥിന്റെ കാര്യത്തിലും മാറ്റമുണ്ടാകില്ല. അദ്ദേഹത്തിനെതിരെ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, മുന്‍ എം എല്‍ എ. എം കെ പോള്‍സണ്‍, അഡ്വ. ജോസഫ് ടാജറ്റ് എന്നിവരെയെല്ലാം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഇവിടെ ജില്ലാ പ്രസിഡന്റ് എ നാഗേഷിനെ മത്സരിപ്പിക്കാനാണ് ബി ജെ പി ഉദ്ദേശിക്കുന്നത്.
ചേലക്കരയില്‍ കാല്‍ ലക്ഷത്തിന്റെ മേല്‍ക്കൈ നേടിയ കെ രാധാകൃഷ്ണന് വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി മാര്‍ഗരേഖയില്‍ ഇളവ് അനുവദിക്കണമെന്ന് സി പി എം ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാറിനെയോ എന്‍ കെ സുധീറിനെയോ കോണ്‍ഗ്രസ് മത്സരിപ്പിക്കും. ഒല്ലൂരില്‍ സിറ്റിംഗ് എം എല്‍ എ. എം പി വിന്‍സെന്റ് തന്നെ തുടര്‍ന്നേക്കും. സി പി ഐയിലെ സാറാമ്മ റോബ്‌സണാണ് എല്‍ ഡി എഫില്‍ നിന്ന് സാധ്യത. സംവരണ മണ്ഡലമായ നാട്ടികയില്‍ സി പി ഐയുടെ ഗീതാഗോപി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത് 16054 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്നാല്‍ ഇത്തവണ അവര്‍ മാറിയേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. യു ഡി എഫിന് വേണ്ടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസനെ രംഗത്തിറക്കാനാണ് ആലോചന.
മുന്‍ ഏരിയാ സെക്രട്ടറി കെ കെ രാമചന്ദ്രന്‍, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ബി അനൂപ്, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ വി നബീസ എന്നിവര്‍ സി പി എമ്മിന്റെയും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, മുന്‍ എം എല്‍ എ രാജാജി മാത്യു തോമസ് എന്നിവര്‍ സി പി ഐയുടെയും സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്‍, കെ കെ അനീഷ് കുമാര്‍, എം എസ് സമ്പൂര്‍ണ, ഷാജുമോന്‍ വട്ടേക്കാട് എന്നിവര്‍ ബി ജെ പിയുടെയും സാധ്യതാ പട്ടികയിലുണ്ട്.