പാലക്കാടോ, കാലക്കേടോ..

Posted on: March 15, 2016 5:36 am | Last updated: March 14, 2016 at 11:38 pm

ഒടുവില്‍ പെറ്റു. തിരുവയറൊഴിഞ്ഞു എന്ന് പറയാം. ഇരട്ടക്കുട്ടികളാണ്. ശസ്ത്രക്രിയ വേണ്ടിവന്നു എന്നാണ് അറിയുന്നത്. ഡല്‍ഹിയില്‍ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷമായിരുന്നു ക്രിയകള്‍. ഇവിടെ ഡോക്ടര്‍മാരില്ലാത്തത് കൊണ്ടല്ല. കുഴപ്പമുള്ള കേസായത് കൊണ്ടാണ്. എല്ലാം പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിച്ച അവയ്‌ലബിള്‍ മരുന്ന് കുത്തിവെച്ചു. ഒടുവില്‍ ബുളറ്റിന്‍ വന്നു. ഓപറേഷന്‍ സക്‌സസ്.
കീറാമുട്ടിയാണെന്ന് നേരത്തെ ബോധ്യപ്പെട്ടിരുന്നു. ഒടുവില്‍ കീറി രണ്ടും രണ്ടു വഴിക്കാക്കിയല്ലോ. ആശ്വാസം. എത്രയോ നാളായുള്ള കാത്തിരിപ്പാണ്. ജില്ലാ ആശുപത്രിയില്‍ കാണിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പോയി. അങ്ങോട്ടും ഇങ്ങോട്ടും യാത്ര തന്നെ. കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിരുന്നു. മുമ്പ് രണ്ട് തവണ വലിയ പ്രശ്‌നമായതാണ്. അന്ന് പ്രകടനങ്ങളും ഫാക്‌സുകളും തലങ്ങും വിലങ്ങും പാഞ്ഞു. പി ബിയെത്തിയാണ് അന്നത്തെ പ്രശ്‌നം പരിഹരിച്ചത്.
ഇരട്ടക്കുട്ടികളാണെന്ന് പറഞ്ഞല്ലോ. ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. വിജയാ, അച്യുതാ എന്നൊക്കെ പറഞ്ഞാല്‍ കേള്‍ക്കും. ചിരിക്കും. പേരിടുന്ന കാലത്ത് വീണ്ടും ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ്. മുഖ്യമന്ത്രി എന്ന പേര് വേണമെന്ന് രണ്ടാളും വാശിപിടിച്ച് കരഞ്ഞാല്‍ എന്ത് ചെയ്യും? അപ്പോഴുമെത്തും വിദഗ്ധ സംഘം. കുപ്പിപ്പാലും ബേബി ഫുഡുമായി. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ അച്ചടക്കവാളെടുക്കും. അടങ്ങിയൊതുങ്ങി ഇരുന്നോളണം എന്നാകും അവസാന വാക്ക്.
അതൊക്കെ പിന്നീടുള്ള കാര്യമല്ലേ. ഇപ്പോള്‍ രണ്ടാളും മത്സരിച്ച് ജയിച്ച് വരിക. പാര്‍ട്ടിയിലെ മത്സരം അതുകഴിഞ്ഞ്… അധികം ഇവിടെ നില്‍ക്കാന്‍ സമയമില്ല, സഖാക്കളേ… ബംഗാളിലേക്ക് പോകണം. ലാല്‍സലാം…
ചില പേരുകളുണ്ട്. കേട്ടാല്‍ തന്നെ ബോധ്യമാകും. പാര്‍ട്ടികളെ കുഴക്കും. മുന്നണികളെ കുടുക്കും. ചുഴികളും അടിയൊഴുക്കുകളും ധാരാളം. മാരാരിക്കുളത്താണ് സാക്ഷാല്‍ അച്യുതാനന്ദന്‍ തോറ്റത്. ചുഴി എവിടെ നിന്ന് വന്നു എന്നറിയില്ല. എന്തായാലും വീണു.
തിരുവമ്പാടി എന്ന് കേള്‍ക്കുമ്പോള്‍ ലീഗിന് മനമിടറും. എല്ലാവരെയും കടത്തിവെട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പാര്‍ട്ടിയാ. ആളായതാ. ഞങ്ങള് റെഡി കോണ്‍ഗ്രസേ, നിങ്ങളോ? അപ്പോഴാണ് തിരുഅരമനയില്‍ നിന്നൊരു തിരുഅമ്പ്! മലയോരമാണ്, സ്ഥാനാര്‍ഥി വേറെ മതിയെന്നാണ്. പിന്നാലെ പണ്ടെന്നോ അയച്ച കത്തുമെത്തി. പിന്നില്‍ നിന്ന് കുത്ത്. അമ്പായി അതും. ഇപ്പോള്‍ പറയുന്നത് വേറെ സീറ്റ് തന്നാല്‍ അമ്പാടി വിടാമെന്നാണ്. കൊടുവള്ളിയിലുമുണ്ട് കാലില്‍ വള്ളി കുടുങ്ങിയ മാതിരി. പടലപ്പിണക്കമാണ്. പിടിവള്ളി കിട്ടാതെ പാര്‍ട്ടി.
കൊഴിഞ്ഞുപോക്ക് രോഗമാണ് മാണി സാറിന്റെ പാര്‍ട്ടിക്ക്. തേങ്ങയാണെന്നാണ് കേള്‍വി. പലരും കൊഴിഞ്ഞു പോയി. ഇനിയും ഇത് തുടര്‍ന്നാല്‍… മൂവാറ്റുപുഴ വഴിയാണ് ഒഴുക്ക്. നട്ടപ്പാതിരക്ക് പുഴയിലിറങ്ങി പിടിച്ചു കെട്ടാനുള്ള പെടാപ്പാട്. ഇതൊക്കെ ആദ്യ സംഭവമാ. മൂവാറ്റുപുഴയില്‍ മുങ്ങി മാണി. പിന്നാലെ അനൂപിന്റെ പാര്‍ട്ടിയിലും പൊട്ടിത്തെറി. അങ്കക്കലി. തെളിച്ചു പറഞ്ഞാല്‍ അങ്കമാലി. ഔഷധിക്കാരനാണ് രംഗത്ത്. കലി കയറുന്നു. അങ്കമാലി പോയാല്‍ പിന്നെ നെല്ലൂരാന്‍ എവിടെ പോകും? നരിക്ക് മുറിഞ്ഞത് പോലെയാണ് നടപ്പ്. സീറ്റില്ല പോലും…
പാലക്കാട് നല്ല ചൂടാണ്. നാല്‍പ്പതിന് മുകളിലാണ് താപനില. രാവിലെ കുളി കഴിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനെത്തിയതാണ്. ശോഭയോടെ ആകാമെന്ന് കരുതി. പ്രവര്‍ത്തകരോട് രണ്ട് വാക്ക് പറയാമെന്നും വിചാരിച്ചു. താമര വിരിയിക്കാന്‍ സഹായിക്കണമെന്നും അക്കൗണ്ട് തുറക്കാന്‍ സഹകരിക്കണമെന്നും… അപ്പോഴേക്കും വിളക്ക് കൊളുത്തി ഉദ്ഘാടനം കഴിഞ്ഞിരിക്കുന്നു. സ്ഥാനാര്‍ഥി ശരിക്കും ശശിയായി! പാലക്കാടോ, കാലക്കേടോ?