സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 6026 കുട്ടികളെ

Posted on: March 14, 2016 10:44 am | Last updated: March 14, 2016 at 10:44 am

chilld missingതിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 6026 കുട്ടികളെ. കാണാതാകുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2011 മുതല്‍ 2015 വരെയുള്ള ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അപ്രത്യക്ഷരാകുന്നതില്‍ ഏറെയും പെണ്‍കുട്ടികളാണ്. 3311 പെണ്‍കുട്ടികളാണ് ഈ കാലയളവില്‍ കാണാതായത്. 2715 ആണ്‍കുട്ടികളും കാണാതായവരുടെ പട്ടികയില്‍പ്പെടും.

2015ല്‍ മാത്രം 1598 കുട്ടികളെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായത്. 809 ആണ്‍കുട്ടികളെയും 798 പെണ്‍കുട്ടികളെയുമാണ് കഴിഞ്ഞ വര്‍ഷം കാണാതായത്. തിരുവനന്തപുരത്തു നിന്നാണ് ഏറ്റവും അധികം കുട്ടികളെ കാണാതായത്. 242 കുട്ടികളാണ് തലസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായത്. 124 പെണ്‍കുട്ടികളും 118 ആണ്‍കുട്ടികളും ഇതില്‍പ്പെടും. മലപ്പുറമാണ് കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലാത്ത രണ്ടാമത്തെ ജില്ല. 201 കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷം മലപ്പുറത്തു നിന്നും കാണാതായത്. ഇതില്‍ 112 ആണ്‍കുട്ടികളും 89 പെണ്‍കുട്ടികളും പെടും.
കൊല്ലം ജില്ലയില്‍ നിന്ന് 86 ആണ്‍കുട്ടികളും 74 പെണ്‍കുട്ടികളും ഉള്‍പ്പെടെ 160 കുട്ടികളെയാണ് കാണാതായത്. 77 ആണ്‍കുട്ടികളും 60 പെണ്‍കുട്ടികളും ഉള്‍പ്പെടെ 147 കുട്ടികളാണ് തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായത്. കോഴിക്കോട് നിന്ന് അപ്രത്യക്ഷരായത് 138 കുട്ടികളാണ്. ഇവരില്‍ 84 പേര്‍ ആണ്‍കുട്ടികളും 54 പേര്‍ പെണ്‍കുട്ടികളുമാണ്. എറണാകുളം ജില്ലയില്‍ നിന്ന് കാണാതായവരില്‍ ഏറെയും പെണ്‍കുട്ടികളാണ്. 64 ആണ്‍കുട്ടികളും 66 പെണ്‍കുട്ടികളും ഉള്‍പ്പെടെ 130 കുട്ടികളെയാണ് എറണാകുളത്ത് നിന്ന് കാണാതായത്.
പത്തനംതിട്ടയില്‍ 63 പേരെ കാണാതായതില്‍ 33 പേര്‍ പെണ്‍കുട്ടികളും 30 പേര്‍ ആണ്‍കുട്ടികളുമാണ്. ആലപ്പുഴ ജില്ലയാണ് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത മറ്റൊരിടം. ഇവിടെ 66 പെണ്‍കുട്ടികളാണ് കഴിഞ്ഞവര്‍ഷം കാണാതായത്. 50 ആണ്‍കുട്ടികളെയും ചേര്‍ത്ത് ആകെ 116 പേര്‍ ആലപ്പുഴയില്‍ കാണാതായിട്ടുണ്ട്്. 60 പെണ്‍കുട്ടികളും 43 ആണ്‍കുട്ടികളും ഉള്‍പ്പെടെ 103 പേരാണ് പാലക്കാട് നിന്ന് കാണാതായത്. വയനാട് 69 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാണാതായവരില്‍ 43 പേര്‍ പെണ്‍കുട്ടികളും 26 പേര്‍ ആണ്‍കുട്ടികളുമാണ്. 46 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും ഉള്‍പ്പെടെ 78 കുട്ടികളെയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് കാണാതായത്.
കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 44 കുട്ടികളാണ് ഇവിടെ കാണാതായത്. ഇവരില്‍ 22 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്. ഇവയ്ക്കു പുറമെ റെയില്‍വേയില്‍ ഒരു കേസും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെക്കാള്‍ ഇരട്ടിയലധികമാണ് 2015ല്‍ ഉള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളെക്കാള്‍ ഗ്രാമീണമേഖലകളില്‍ നിന്നാണ് കൂടുതല്‍ കുട്ടികളെ കാണാതാകുന്നതെന്നും കണക്കുകള്‍ വ്യക്തമാകുന്നു.