Connect with us

Eranakulam

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സമരം അഞ്ചാം ദിവസത്തിലേക്ക്; നാളെ ചര്‍ച്ച

Published

|

Last Updated

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ ട്രെയ്‌ലര്‍, ട്രക്ക് ഡ്രൈവര്‍മാരും ക്ലീനര്‍മാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് നാലാം ദിവസവും പൂര്‍ണം. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവേതനവും പുതുക്കിയ സേവന വ്യവസ്ഥകളും ലോറി പാര്‍ക്കിംഗിന് സൗകര്യവും ആവശ്യപ്പെട്ടാണു പത്ത് സംഘടനകള്‍ ഉള്‍പ്പെടുന്ന ട്രേഡ് യൂനിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം തുടരുന്നത്. പ്രശ്‌ന പരിഹാരത്തിന് നാളെ തിരുവനന്തപുരത്ത് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ട്രേഡ് യൂനിയനുകളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ പാര്‍ക്കിംഗിന് സ്ഥിരം സംവിധാനങ്ങളുണ്ടാകുന്നതുവരെ താത്കാലിക പാര്‍ക്കിംഗിന് ജില്ലാ കളക്ടറും ട്രേഡ് യൂനിയനുകളും മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പോര്‍ട്ട് ട്രസ്റ്റും ഡിപി വേള്‍ഡും അംഗീകരിച്ചു. ഇതു പ്രകാരം ടെര്‍മിനലിനു മുന്നിലെ രണ്ട് കേന്ദ്രങ്ങളിലും ഗോശ്രീ ജംഗ്ഷന്‍ മുതല്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കും. അതേസമയം സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച യൂനിയനുകളുടെ നിര്‍ദ്ദേശം ട്രക്കുടമകളുടെ സംഘടനകള്‍ അംഗീകരിച്ചില്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ട്രേഡ് യൂനിയന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് പറഞ്ഞു.

Latest