National
നീതിന്യായ വ്യവസ്ഥ വെല്ലുവിളി നേരിടുന്നു: ചീഫ് ജസ്റ്റിസ്

അലഹബാദ്: വിശ്വാസ്യതയുടെ കാര്യത്തില്‍ നീതിന്യായ വിഭാഗം പ്രതിസന്ധി നേരിടുകയാണെന്നും ജഡ്ജിമാര്‍ തങ്ങളുടെ ചുമതലകളോട് കൂടുതല്‍ നീതിപുലര്‍ത്താന്‍ തയ്യാറാകണമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു.
കെട്ടിക്കിടകക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്ന് അത്രകണ്ട് സഹകരണമല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ജഡ്ജിമാര്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തയ്യാറാകുന്നുണ്ട്. പക്ഷേ, അഭിഭാഷകര്‍ പലപ്പോഴും വേണ്ട സഹകരണം നല്‍കുന്നില്ല.
വര്‍ഷങ്ങളായി ആളുകള്‍ വിചാരണാ തടവുകാരായി കഴിയേണ്ടിവരുന്നത് പോലുള്ള കേസുകളെങ്കിലും വേഗത്തില്‍ തീര്‍പ്പാക്കേണ്ടതുണ്ട്. ഇതിനായി ജഡ്ജിമാര്‍ ശനിയാഴ്ചകളില്‍ പോലും ജോലി ചെയ്യാന്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.അലഹബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ടി എസ് ഠാക്കൂര്‍.
നിരവധിയായ വെല്ലുവിളികളിലൂടെയാണ് അലഹബാദ് ഹൈക്കോടതിയും അവിടത്തെ ജഡ്ജിമാരും കടന്നുപോയിട്ടുള്ളതെന്ന് ചീഫ് ജസ്റ്റിസ് അനുസ്മരിച്ചു. പക്ഷേ, ജഡ്ജിമാരെല്ലാം അവസരത്തിനൊത്ത് ഉയരുകയും നിര്‍ഭയമായി തങ്ങളുടെ കടമ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചരിത്രത്തിന്റെ പ്രകീര്‍ത്തനങ്ങളില്‍ മാത്രം മുഴുകി ആനന്ദിക്കാനോ ഉറങ്ങിക്കിടക്കാനോ പാടില്ലെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
ഭാവിയില്‍ കൂടുതല്‍ വെല്ലുവിളികളെയാണ് നീതിന്യായ വിഭാഗത്തിന് അഭിമുഖീകരിക്കാനുള്ളത്. അതിനായി നാം സജ്ജരായിരിക്കേണ്ടതുണ്ട്. സംവിധാനത്തിന്റെ അകത്തുനിന്നുള്ളത് പോലെ തന്നെ പൊതുസമൂഹത്തില്‍ നിന്നും നീതിന്യായ വിഭാഗം വെല്ലുവിളി നേരിടുന്നുണ്ട്. എന്നാല്‍, അത് അത്രകണ്ട് അലോസരപ്പെടുത്തുന്നവയല്ലെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.