ഘടകകക്ഷികളെ മെരുക്കാന്‍ യു ഡി എഫ് വിയര്‍ക്കുന്നു

Posted on: March 14, 2016 4:26 am | Last updated: March 13, 2016 at 11:28 pm

UDF_MEETING_1614374fതിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിനായി യു ഡി എഫിലെ മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് നടക്കും. സി എം പി ഒഴികെ ആരുമായും മുഖ്യകക്ഷിയായ കോണ്‍ഗ്രസ് ധാരണയിലെത്തിയിട്ടില്ല. മുസ്‌ലിം ലീഗ് ഒഴികെയുള്ള പാര്‍ട്ടികളെല്ലാം കൂടുതല്‍ സീറ്റ് ചോദിച്ചിരിക്കുകയാണ്. പ്രധാന കക്ഷികളുമായെല്ലാം ഇന്ന് ധാരണയുണ്ടാക്കിയ ശേഷം നാളെ യു ഡി എഫ് യോഗം ചേര്‍ന്ന് അന്തിമതീരുമാനം പ്രഖ്യാപിക്കാനാണ് നീക്കം. ഉന്നയിച്ച ആവശ്യങ്ങളില്‍ ഘടകകക്ഷികള്‍ ഉറച്ച് നിന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഇപ്പോള്‍ തന്നെ ഇടഞ്ഞുനില്‍ക്കുകയാണ്. അങ്കമാലിയോ മുവാറ്റുപുഴയോ തനിക്ക് നല്‍കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടിന് പാര്‍ട്ടി അംഗീകാരം തേടി ജേക്കബ് ഗ്രൂപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. അനൂപ് ജേക്കബിന് പിറവം നല്‍കാമെന്ന് സമ്മതിച്ച കോണ്‍ഗ്രസ് അങ്കമാലി വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ്. എറണാകുളത്തോ കോട്ടയത്തോ ജോണി നെല്ലൂരിന് സീറ്റ് നല്‍കി പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ജോണി നെല്ലൂര്‍ ഇതിന് വഴങ്ങുമോയെന്ന് കണ്ടറിയണം.
കൂടുതല്‍ സീറ്റ് ചോദിക്കാതെ മാറിനിന്ന മുസ്‌ലിം ലീഗും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന മലയോര വികസന സമിതിയുടെ നിലപാടാണ് അവരെ കുഴക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ലെന്നാണ് നിലപാടെങ്കിലും ജയസാധ്യതയുള്ള മറ്റൊരു സീറ്റില്‍ സമവായ സാധ്യത തേടുകയാണ് കോണ്‍ഗ്രസ്. ലീഗ് മത്സരിക്കാറുള്ള കുന്നമംഗലം, കുറ്റിയാടി, ഗുരുവായൂര്‍, ഇരവിപുരം സീറ്റുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും.
കഴിഞ്ഞ തവണ 15 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് പതിനെട്ട് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആകട്ടെ, ഇതിന് വഴങ്ങുന്നില്ലെന്ന് മാത്രമല്ല, പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ ഏറ്റെടുക്കുന്നതിന്റെ സാധ്യതകളാണ് ആരായുന്നത്.
പി സി ജോര്‍ജ് പോയതോടെ പൂഞ്ഞാറിലും ഡോ. കെ സി ജോസഫ് മുന്നണി മാറിയതോടെ കുട്ടനാട്ടിലും ഇനി ജയസാധ്യത കോണ്‍ഗ്രസിനാണെന്നാണ് കെ പി സി സിയുടെ വിലയിരുത്തല്‍. ഈ രണ്ട് സീറ്റുകളിലും മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ താത്പര്യം കഴിഞ്ഞ ചര്‍ച്ചയില്‍ തന്നെ മാണിയെ അറിയിച്ചെങ്കിലും ഒരു വിട്ടുവീഴ്ച്ചക്കുമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച 15ന് അപ്പുറത്തേക്ക് ചിന്തിക്കേണ്ടെന്നാണ് മാണിക്ക് കോണ്‍ഗ്രസ് നല്‍കുന്ന സൂചന.
എട്ട് സീറ്റാണ് ജെ ഡി യു ചോദിക്കുന്നത്. ഏഴ് സീറ്റ് കഴിഞ്ഞ തവണ പാര്‍ട്ടിക്ക് അനുവദിച്ചെന്നും പിന്നീട് എം വി രാഘവന് മത്സരിക്കാന്‍ നെന്മാറ വിട്ടുനല്‍കേണ്ടിവന്നു എന്നുമാണ് ജെ ഡി യു വാദിക്കുന്നത്. മത്സരിച്ചത് ആറ് സീറ്റിലായതിനാല്‍ അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്ന മട്ടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ മട്ടന്നൂര്‍, ബാലുശ്ശേരി, നേമം സീറ്റുകള്‍ക്ക് പകരം വേറെ സീറ്റുകള്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോവളം അല്ലെങ്കില്‍ വാമനപുരം, കായംകുളം, മലബാറില്‍ മറ്റൊരു സീറ്റുമാണ് ജെ ഡി യു ചോദിക്കുന്നത്.
ആര്‍ എസ് പിയുടെ ആവശ്യവും എട്ട് സീറ്റാണ്. ആറെങ്കിലും ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എല്‍ ഡി എഫിലായിരുന്നപ്പോള്‍ മത്സരിച്ചത് നാല് സീറ്റില്‍. അത്രയും സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഷിബുബേബി ജോണ്‍ കൂടി ചേര്‍ന്നതോടെ ഇത് അഞ്ചായെന്നും ഇതിനോട് ഒരെണ്ണം കൂടി ചേര്‍ത്ത് ആറ് സീറ്റെങ്കിലും ഉറപ്പ് വരുത്താനാണ് ആര്‍ എസ് പിയുടെ നീക്കം.
82 സീറ്റിലാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇതില്‍ ഒന്ന് പോലും കുറയരുതെന്ന ഉറച്ച നിലപാടാണ് പാര്‍ട്ടിക്ക്. ആര്‍ എസ് പി പുതിയ ഘടകകക്ഷിയായി വന്നെങ്കിലും ജെ എസ് എസും പിള്ളയും സി എം പിയിലെ ഒരു വിഭാഗവും പോയതിനാല്‍ ആവശ്യത്തിന് സീറ്റ് കൈവശമുണ്ടെന്ന ആശ്വസത്തിലാണ് കോണ്‍ഗ്രസ്.