വിഎസ് മലമ്പുഴയിലും പിണറായി ധര്‍മ്മടത്തും: കെപിഎസി ലളിത വടക്കാഞ്ചേരിയില്‍

Posted on: March 13, 2016 8:24 pm | Last updated: March 14, 2016 at 10:22 am

VSതിരുവനന്തപുരം: ജില്ലാ സെക്രട്ടേറിയറ്റുകള്‍ നിര്‍ദേശിച്ച സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികക്ക് സംസ്ഥാന സമിതിയുടെ ഭാഗിക അംഗീകാരം. മൂന്ന് ജില്ലാ സെക്രട്ടറിമാരും സിറ്റിംഗ് എം എല്‍ എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിക്കും. ധര്‍മടത്ത് പിണറായി വിജയനും മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനും മത്സരിക്കണമെന്ന പി ബി നിര്‍ദേശം സംസ്ഥാന സമിതിയും അംഗീകരിച്ചു. വി എസ് മത്സരിക്കുന്നതിനെ സംസ്ഥാന സമിതിയില്‍ മൂന്ന് പേര്‍ എതിര്‍ത്തെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിലക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ചലച്ചിത്ര താരം കെ പി എ സി ലളിതയും കണ്ണൂര്‍ പേരാവൂരില്‍ കേന്ദ്ര കമ്മറ്റിയംഗം കെ കെ ശൈലജയും മത്സരിക്കും. ചില മണ്ഡലങ്ങളിലേക്ക് നിര്‍ദേശിച്ച പേരുകള്‍ സംസ്ഥാന സമിതി അംഗീകരിച്ചില്ല. ഇവിടങ്ങളില്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ യോഗം ചേര്‍ന്ന് പുതിയ പേരുകള്‍ നിര്‍ദേശിക്കണം. ഒരു മണ്ഡലത്തിലേക്ക് ഒന്നിലധികം പേരുകള്‍ നിര്‍ദേശിച്ചത് ഒറ്റ പേര് മാത്രമാക്കി നല്‍കണമെന്നും സംസ്ഥാന സമിതി നിര്‍ദേശിച്ചു. 16ന് സംസ്ഥാനസെക്രട്ടേറിയറ്റ് വീണ്ടും യോഗം ചേര്‍ന്ന് അന്തിമപട്ടിക അംഗീകരിക്കും.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ കല്‍പ്പറ്റയിലും തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ കുന്നംകുളത്തും മത്സരിക്കും. മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ച എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, ആലപ്പുഴ ജില്ലാസെക്രട്ടറി സജിചെറിയാന്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവര്‍ക്ക് മത്സരിക്കാന്‍ അനുമതി ലഭിച്ചില്ല. ഡോ. ടി എം തോമസ് ഐസക്ക് (ആലപ്പുഴ), ജി സുധാകരന്‍ (അമ്പലപ്പുഴ), എ കെ ബാലന്‍ (തരൂര്‍), ഇ പി ജയരാജന്‍ (മട്ടന്നൂര്‍), എസ് ശര്‍മ (വൈപ്പിന്‍), സാജുപോള്‍ (പെരുമ്പാവൂര്‍), എ എം ആരിഫ് (അരൂര്‍), വി ശിവന്‍കുട്ടി (നേമം), പി ശ്രീരാമകൃഷ്ണന്‍ (പൊന്നാനി), എ പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത്), രാജു എബ്രഹാം (റാന്നി) കെ കെ ലതിക (മേപ്പയ്യൂര്‍) തുടങ്ങിയവരാണ് മത്സരിക്കുന്ന സിറ്റിംഗ് എം എല്‍ എമാരില്‍ പ്രമുഖര്‍. സ്വതന്ത്രരായി മത്സരിക്കുന്ന കെ ടി ജലീല്‍ (തവനൂര്‍) പി ടി എ റഹീം (കുന്ദമംഗലം) എന്നിവരുടെ കാര്യത്തിലും ധാരണയായി.
എളമരം കരീം, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ബാബു എം പാലിശ്ശേരി, പി കെ ഗുരുദാസന്‍ എന്നിവരാണ് സിറ്റിംഗ് എം എല്‍ എമാരില്‍ മത്സരരംഗത്ത് നിന്ന് മാറ്റിയ പ്രമുഖര്‍. എം എം മണി (ഉടുമ്പന്‍ചോല), ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര), ആര്‍ രാജേഷ് (മാവേലിക്കര), ബി സത്യന്‍ (ആറ്റിങ്ങല്‍) ടി എന്‍ സീമ (വട്ടിയൂര്‍ക്കാവ്), ഐ ബി സതീഷ് (കാട്ടാക്കട), ഡി കെ മുരളി (വാമനപുരം), പി ബിജു (അരുവിക്കര), ആര്‍ സനല്‍കുമാര്‍ (കോന്നി) തുടങ്ങിയവരും മത്സരരംഗത്തുണ്ടാകും.
ജില്ലാ കമ്മിറ്റികളുടെ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സെക്രട്ടേറിയറ്റ് അംഗീകരിച്ചത്. ഈ പട്ടിക സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു. മത്സരരംഗത്തു നിന്ന് മാറി നില്‍ക്കാന്‍ തയ്യാറായ കെ രാധാകൃഷ്ണന്‍ സിറ്റിംഗ് മണ്ഡലമായ ചേലക്കര മത്സരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്കും സമാനമായ അഭിപ്രായമാണെന്നും സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജയസാധ്യത പരിഗണിച്ച് നാല് തവണ വരെ മത്സരിച്ച സിറ്റിംഗ് എം എല്‍ എമാരെയും സ്ഥാനാര്‍ഥികളാക്കുന്നുണ്ട്. കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടവരെ വീണ്ടും പരിഗണിച്ചു. യുവാക്കള്‍ക്കും വനിതകള്‍ക്കും കാര്യമായ പരിഗണന ലഭിക്കുകയും ചെയ്തു.
വി എസ് അച്യുതാനന്ദന്‍ മത്സരിക്കണമെന്ന പി ബി നിര്‍ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റിപ്പോര്‍ട്ട് ചെയത ഉടനെയാണ് എതിര്‍പ്പുയര്‍ന്നത്. എം എം ലോറലന്‍സ്, എന്‍ ആര്‍ ബാലന്‍, സി എന്‍ മോഹനന്‍ എന്നിവരാണ് വി എസ് മത്സരിക്കുന്നതിനോട് വിയോജിച്ചത്. വി എസിന്റെ സാന്നിധ്യം അനിവാര്യമല്ലെന്നും അദ്ദേഹം മത്സരിക്കരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സി എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അഭിപ്രായമല്ല, നിങ്ങളുടെ അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് വി എസിനെതിരായ വിമര്‍ശം യെച്ചൂരി വിലക്കി. ജീവന്മരണ പോരാട്ടമാണ് നേരിടുന്നതെന്നും വിജയം അനിവാര്യമാണെന്നും ഇതിനായി പാര്‍ട്ടി സംവിധാനം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ജയസാധ്യതയായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു. ഇതിന് അനുസൃതമായി ശേഷിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം എടുക്കണം. എല്ലാ ജില്ലകളിലും ഇന്ന് തന്നെ സെക്രട്ടേറിയറ്റ് ചേരും. എറണാകുളം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് ധാരണയായത്. തിരുവനന്തപുരത്തെ പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലേക്ക് നിര്‍ദേശിച്ച സ്ഥാനാര്‍ഥികളുടെ കാര്യത്തിലും മാറ്റം വേണമെന്ന് നിര്‍ദേശിച്ച് പട്ടിക മടക്കി. ആറന്മുളയിലെ സ്ഥാനാര്‍ഥി പട്ടിക റദ്ദാക്കിയ സംസ്ഥാന സമിതി പുതിയ പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു.