ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ വേണമെന്ന് മീഡിയ ഫോറം ചര്‍ച്ചയില്‍ ആവശ്യം

Posted on: March 13, 2016 7:02 pm | Last updated: March 13, 2016 at 7:05 pm

indian schoolദോഹ: ഖത്വറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകരുട യോജിച്ച ആവശ്യം. ഇന്ത്യക്കാരായ കുട്ടികളുടെ സ്‌കൂള്‍ പ്രവേശന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നത്.
കമ്യൂണിറ്റി സ്‌കൂള്‍ എന്ന ആശയത്തിനു വേണ്ടി തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് ഗിരീഷ് കുമാര്‍ വ്യക്തമാക്കി. സ്‌കൂള്‍ പ്രവേശനം ലഭിക്കുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രതിസന്ധിയും ആശങ്കയുമാണ് ചര്‍ച്ചയില്‍ വിഷയമായത്. മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് വര്‍ഗീസ് വിഷയാവതരണം നടത്തി. ഖത്വറില്‍ ആറു ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഇതില്‍ നാലര ലക്ഷം പേര്‍ തൊഴിലാളികളാണ്. അവശേഷിക്കുന്ന രണ്ടു ലക്ഷം പേരാണ് കുടുംബങ്ങളായി ജീവിക്കുന്നത്. രാജ്യത്താകെ 14 ഇന്ത്യന്‍ സ്‌കൂളുകളിലായി 35,000 മുതല്‍ 40,000വരെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 2000നും 2500നും ഇടയില്‍ അധ്യാപകരും ജോലി ചെയ്യുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും കൂടി താങ്ങാവുന്ന വിധത്തില്‍ പര്യാപ്തമാണമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്വറിലെ ജനസംഖ്യ അസ്വാഭിവകമായ രീതിയില്‍ വര്‍ധിക്കുന്നത് പ്രവേശന പ്രതിസന്ധിയുടെ പ്രധാന കാരണമാന്നെന്ന് ഐ ബി പി എന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ് പറഞ്ഞു. വരും വര്‍ഷങ്ങളിലും രാജ്യത്തെ ജനസംഖ്യ വര്‍ധിക്കും. ഇത് മുന്നില്‍ കണ്ടുള്ള നടപടികളുണ്ടാകണം. സ്‌കൂളുകള്‍ക്ക് രണ്ടു ഷിഫ്റ്റായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറില്‍ നിന്നും അനുമതി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്‌കൂളുകളില്‍ കൂടുതലായി ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടെന്നും ഇത് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കമ്യൂണിറ്റി സ്‌കൂള്‍ നടപ്പാകുന്നതിന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഇതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഡോ. മോഹന്‍ തോമസ് ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ കര്‍ശന നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്‌കൂളുകള്‍ നടത്തിക്കൊണ്ടു പോകുന്നതിന്റെ ബുദ്ധിമുട്ടുകളും അദ്ദേഹം വിശദീകരിച്ചു.
ചെറിയ വരുമാനക്കാരുടെ മക്കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് കെ സി അബ്ദുല്‍ലത്വീഫ് ചൂണ്ടിക്കാട്ടി. സര്‍ക്കാറുകള്‍ തമ്മില്‍ നയപരമായ ഇടപെടലുകളുണ്ടാകണം. വിദ്യാഭ്യാസ കാരത്തില്‍ ഖത്വര്‍ ചില കാര്യങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോള്‍ ചിലതില്‍ അയഞ്ഞ സമീപനവുമുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കുന്ന പ്രവാസികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്വര്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കമ്യൂണിറ്റി സ്‌കൂള്‍ എന്ന ആവശ്യം അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിക്കണമെന്ന് പ്രവാസി ക്ഷേമബോര്‍ഡ് അംഗം ജോപ്പച്ചന്‍ തെക്കേക്കുറ്റ് ആവശ്യപ്പെട്ടു.
കമ്യൂണിറ്റി സ്‌കൂള്‍ ആരംഭിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും വെല്ലുവിളിയോടെ അത് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സലിം പൊന്നമ്പത്ത് ആവശ്യപ്പെട്ടു. പ്രവേശനം കിട്ടാതെ പുറത്തു നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ നടപടിയുണ്ടാകണമെന്ന് മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്‍ഥികളുടെ വിവര ശേഖരണം നടത്തുന്നതിന് ഐ സി സി മുന്‍കൈയെടുക്കാമെന്ന് ഗിരീഷ്‌കുമാര്‍ അറിയിച്ചു.
ഖത്വറില്‍ സ്വകാര്യ സ്‌കൂളുകള്‍ക്കെതിരായ കാമ്പയിന്‍ നടന്നതാണ് ഇന്ത്യന്‍ സ്‌കൂളുകള്‍ക്കെതിരെ അധികൃതര്‍ കര്‍ശനമായി നിലപാടെടുക്കാന്‍ കാരണമെന്ന് പി എന്‍ ബാബുരാജന്‍ ചൂണ്ടിക്കാട്ടി. കമ്യൂണിറ്റി സ്‌കൂള്‍ ആരംഭിക്കുന്നതിന് കേന്ദ്ര ഇടപെടല്‍ ശക്തമാക്കണമെന്ന് അമാനുല്ല വടക്കാങ്ങര ആവശ്യപ്പെട്ടു. ഇന്ത്യന്‍ മീഡിയാഫോറം പ്രസിന്റ് ജിബി മാത്യു, ജനറല്‍ സെക്രട്ടറി ഒ പി ഷാനവാസ് സംസാരിച്ചു.

ഖത്വര്‍ അധികൃതര്‍ക്ക് അനുകൂല നിലപാട്‌
ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ എന്ന ആശയത്തോട് ഖത്വര്‍ വിദ്യഭ്യാസ വകുപ്പ് അനുകൂലമാണെന്ന് ഈ ആശയവുമായി ഗവണ്‍മെന്റിനെ സമീപിച്ച മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് വര്‍ഗീസും ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാറും പറഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് കത്ത് കൊണ്ടു വരണമെന്നാണ് അന്ന് വിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്ന് ആവശ്യപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെയും ഐ സി സി, ഐ ബി പി എന്‍, ഐ സി ബി എഫ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി 14 പേരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ച് ഇതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ഇന്ത്യന്‍ അംബാസഡറോട് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം അനുകൂലനിലപാടെടുത്ത് എംബസിയിലെ വിദ്യഭ്യാസ വിഭാഗത്തെ തുടര്‍ കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എംബസിയില്‍ നിന്ന് കത്ത് ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വേണം. അതത്ര എളുപ്പത്തില്‍ സാധിക്കില്ല. രണ്ടു സര്‍ക്കാറുകള്‍ തമ്മിലുള്ള വിഷയമായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ച് ശേഷമേ നടപടിയുണ്ടാകു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന് മേല്‍ ശക്തമായ സമ്മര്‍ദമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിറ്റി സ്‌കൂള്‍ വേണമെന്ന ആവശ്യവുമായി 2014 ഡിസംബറില്‍ അന്നത്തെ സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറെ നേരിട്ട് കണ്ടിരുന്നതായി ജോസഫ് വര്‍ഗീസ് അറിയിച്ചു. 3,000 മുതല്‍ 4,000 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ കമ്യൂണിറ്റി സ്‌കൂള്‍ ആരംഭിക്കുന്നതിന് സൗജന്യമായി കെട്ടിടവും വെള്ളവും വൈദ്യുതിയും മറ്റു സൗകര്യങ്ങളും ലഭ്യമാക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, രണ്ടു രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ തമ്മില്‍ ഉഭയകക്ഷിതലത്തില്‍ നീങ്ങിയാലേ ഇത് യാഥാര്‍ഥ്യമാകൂ എന്നായിരുന്നു നിലപാടെന്നും അദ്ദഹം വ്യക്തമാക്കി.