ഖത്വറില്‍ വൃക്കരോഗമുള്ളത് 13 ശതമാനം പേര്‍ക്ക്

Posted on: March 13, 2016 6:52 pm | Last updated: March 13, 2016 at 6:52 pm

Kidney Dayദോഹ: ഖത്വറില്‍ വൃക്കരോഗം ബാധിച്ചവര്‍ ലോകശരാശരിയേക്കാള്‍ കൂടുതല്‍. ലോകാടിസ്ഥാനത്തില്‍ പത്തു ശതമാനമാണ് രോഗബാധയെങ്കില്‍ ഖത്വറലേത് 13 ശതമാനമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. ഹസന്‍ അല്‍ മാലികി അറിയിച്ചു. ലോക കിഡ്‌നി ദിനാചരണത്തോടനുബന്ധിച്ച ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദീര്‍ഘകാലമായി തുടരുന്ന ചെറിയ കിഡ്‌നി പ്രശ്‌നങ്ങള്‍ പിന്നീട് പ്രവര്‍ത്തനം നിലക്കുന്ന രീതിയിലേക്കു വളരുന്നു. രാജ്യത്ത് വൃക്കരോഗികള്‍ ലോകശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതിന് വിവിധ ഘടകങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൃക്കകളുടെ ക്രമരാഹിത്യം വളരെ പ്രധാനമാണ്. രോഗാവസ്ഥ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് ജനങ്ങള്‍ക്ക് വേണ്ടത്ര അവബോധമില്ലാത്തത് പ്രശ്‌നമാണ്. കുടുംബത്തില്‍ നേരത്തേ കിഡ്‌നി രോഗമുണ്ടായിട്ടുണ്ടെങ്കില്‍ സാധ്യത കൂടുതലാണ്. ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് രോഗ സാധ്യത കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊഴുപ്പ്, പുകവലി തുടങ്ങിയവയെല്ലാം വൃക്കരോഗം വരുന്നതിനും മൂര്‍ച്ഛിക്കുന്നതിനും കാരണങ്ങളാണ്. രോഗത്തിന്റെ ആദ്യഘട്ടിത്തില്‍ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കില്ലെന്നത് രോഗം കണ്ടുപിടിക്കുന്നതിനും പ്രയാസം സൃഷ്ടിക്കും. ഒരു സൂചനയും നല്‍കാതെ കിഡ്‌നിയുടെ പ്രവര്‍ത്തനം 90 ശതമാനം വരെ നിലയ്ക്കാനുള്ള സാധ്യതയുണ്ട്. സാധാരണയായി കരുതുന്ന രോഗലക്ഷണങ്ങള്‍ കിഡ്‌നി രോഗത്തിന്റെത് ആയിക്കൊള്ളണമെന്നുമില്ല. എങ്കിലും അത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഡോക്ടറെ കണ്ട് കിഡ്‌നി പരിശോധന കൂടി നടത്തുന്നതാണ് സുരക്ഷിതം.
കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി വിവിധ പരിപാടികള്‍ നടത്തി വരുന്നതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ ബോധവത്കരണത്തിനാണ് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്നത്. രാജ്യത്തെ ചെറുപ്പക്കാരും പ്രായം ചെന്നവരുമായ നിരവധിയാളുകളുടെ ജീവിതത്തെ വൃക്കരോഗം ബാധിച്ചിട്ടുണ്ടെന്നും ഫലപ്രദവും സുരക്ഷിതവുമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും പൊതു ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി പറഞ്ഞു. ബോധവത്കരണ പ്രവര്‍ത്തിന്റെ ഭാഗമായി സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.