സംസ്ഥാനത്ത് ചൂട് 35 ഡിഗ്രിക്ക് മുകളില്‍

Posted on: March 13, 2016 11:29 am | Last updated: March 13, 2016 at 11:29 am
SHARE

draughtതിരുവനന്തപുരം:സംസ്ഥാനത്തെ താപനിലയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ. കേരളത്തിലെ പല ജില്ലകളിലും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ മാര്‍ച്ച് അവസാനത്തോടെ ജലനിരപ്പ് ഗണ്യമായി താഴുമെന്നാണ് ഭൂഗര്‍ഭ ജലവകുപ്പിന്റെ മുന്നറിയിപ്പ്. മഴലഭ്യതയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഭൂജലവകുപ്പ് ജില്ലാടിസ്ഥാനത്തില്‍ ഭൂജലവിതാനത്തില്‍ വന്ന ഏറ്റക്കുറച്ചിലുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കുള്ളില്‍ ഇത് സംബന്ധിച്ച സമഗ്രചിത്രം ലഭിക്കുമെന്നാണ് വിവരം. 2013 ല്‍ ഭൂജലവകുപ്പും കേന്ദ്ര ഭൂജല ബോര്‍ഡും സംയുക്തമായി ഭൂജലനിരപ്പിലെ ഏറ്റക്കുറിച്ചില്‍ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ അതിചൂഷണ ബ്‌ളോക്കായി അന്ന് കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, കാസര്‍കോട് ജില്ലയിലെ കാസര്‍കോട് എന്നിവ ക്രിട്ടിക്കല്‍ ബ്‌ളോക്കിലും 18 ബ്‌ളോക്കുകള്‍ എണ്ണം സെമി ക്രിട്ടിക്കല്‍ ആയും ശേഷിക്കുന്ന 131 എണ്ണം സുരക്ഷിതമായുമാണ് അന്ന് തരംതിരിച്ചിരുന്നത്. എന്നാല്‍ 2013ന് ശേഷം കുഴല്‍കിണറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഭൂജലനിരപ്പ് ഏറെ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് ഒന്ന് മുതല്‍ ഒമ്പത് വരെ സാധാരണ ലഭിക്കേണ്ടത് ആറ് മില്ലീമിറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ ഈ കാലപരിധിയില്‍ ലഭിച്ചത് 0.8 മില്ലീമീറ്റര്‍ മാത്രം. മഴവെള്ള ലഭ്യതയില്‍ 87 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. 8.1 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട ആലപ്പുഴയില്‍ കിട്ടിയത് 0.3 മില്ലീമീറ്റര്‍ മഴ. 1.9 മീല്ലീമീറ്റര്‍ കിട്ടേണ്ട കണ്ണൂരില്‍ 0.2 മില്ലീമീറ്ററും. 14.3 മി. മീ മഴ സീസണില്‍ സാധാരണ കിട്ടാറുള്ള കൊല്ലത്തിന് 2.7 മീ.മീ മാത്രം.
എറണാകുളം (ലഭിക്കേണ്ടത് 4.8 മി.മീ), ഇടുക്കി (ലഭിക്കേണ്ടത് 10.1 മി.മി), കാസര്‍കോട് (3.3), കോട്ടയം (8.8), മലപ്പുറം (1.8), പാലക്കാട്(4.2 മി.മി), പത്തനംതിട്ട (14 മീ.മീ), തിരുവനന്തപുരം (6.5), തൃശൂര്‍, വയനാട് ജില്ലകളില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഒമ്പത് വരെ മഴ ലഭിച്ചിട്ടേയില്ല. ഭേദപ്പെട്ട മഴ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. സാധാരണ 3.4 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന കോഴിക്കോട്ട് ഈ ഈ കാലപരിധിയില്‍ കിട്ടിയത് 9.9 മില്ലീലിറ്ററാണ്. അതേ സമയം വെള്ളിയാഴ്ച തലസ്ഥാനനഗരത്തില്‍ നേരിയ മഴ ലഭിച്ചു.
കേരളത്തിലെ അതികഠിനമായ ചൂടിന് പ്രധാന കാരണം പസഫിക് സമുദ്രത്തിലെ ‘എല്‍നിനോ’ പ്രതിഭാസമാണെന്ന് കാലാവസ്ഥാ പഠനവിദഗ്ധരുടെ വിലയിരുത്തല്‍. നാലുവര്‍ഷം കൂടുമ്പോള്‍ അതിശക്തമാകുന്ന ഈ പ്രതിഭാസം മൂലം ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില മുമ്പത്തേതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടിയതാണ് കേരളത്തില്‍ വേനല്‍ക്കാലത്തെ ചൂട് കൂട്ടുന്നത്. പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖക്കടുത്ത് ഉപരിതല താപമാനം വര്‍ധിക്കുന്ന പ്രതിഭാസമാണിത്. ഇത് അന്തരീക്ഷതാപമാനം വര്‍ധിപ്പിക്കും. 2015ല്‍ ആരംഭിച്ച ‘എല്‍നിനോ’ പ്രതിഭാസം ഈ വര്‍ഷം ഏപ്രില്‍വരെ അതിശക്തമായി അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാപഠനങ്ങള്‍ കാണിക്കുന്നത്.
എല്‍നിനോ ശക്തമായതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും താപനില ഉയര്‍ന്നു. ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിനോടുചേര്‍ന്നുള്ള അറബിക്കടലിന്റെ തീരം പങ്കിടുന്ന കേരളത്തില്‍ ഓരോ മാസവും മുന്‍വര്‍ഷത്തേതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുതലായാണ് അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ ചൂട് 40 ഡിഗ്രിയില്‍ തുടരുകയാണ്. തൊട്ട് പിന്നില്‍ 38 ഡിഗ്രിയില്‍ കണ്ണൂരും. ഭൂരിഭാഗം ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്. ഏറ്റവും കുറവ് കൊല്ലം ജില്ലയിലെ പുനലൂരിലും, 24 ഡിഗ്രി സെല്‍ഷ്യസ്.
രാത്രി സമയങ്ങളില്‍ താപനില വന്‍തോതില്‍ കുറയുകയും പകല്‍ സമയങ്ങളില്‍ കുത്തനെ ഉയരുകയും ചെയ്യുന്നത് പലരോഗങ്ങളും വ്യാപിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. വെള്ളത്തില്‍ ചൂട് വര്‍ധിക്കുന്നത് മത്സ്യലഭ്യതയും കുറക്കും. കേരളത്തില്‍ പലതരം കൃഷികളേയും ഉയര്‍ന്ന് ചൂട് ബാധിക്കും. വരും ദിവസങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുമെന്നാണ് സൂചന.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ആശുപത്രികളില്‍ ചികിത്സതേടി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പനി, വയറിളക്കം, മഞ്ഞപ്പിത്തം, ഛര്‍ദി, തുടങ്ങിയ രോഗങ്ങള്‍ പല ജില്ലകളിലും വ്യാപകമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here