മോദിയും നിതീഷും ഒരേ വേദിയില്‍; നിതീഷിന് മോദിയുടെ പ്രശംസ

Posted on: March 12, 2016 10:17 pm | Last updated: March 13, 2016 at 11:25 am
SHARE

Nitish-Kumar.jpg.image.ഹാജിപൂര്‍: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി മോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആദ്യമായി വേദി പങ്കിട്ടു. നിതീഷ് കുമാറിനെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയുമാണ് മോദി സംസാരിച്ചത്. സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ കോണ്‍ഗ്രസ് ബീഹാറിനെ അവഗണിക്കുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.

നിതീഷ് കുമാര്‍ വാജ്‌പെയ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട ദിഘ സോണ്‍പൂര്‍ റെയില്‍ കം റോഡ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് മോദിയും നിതീഷും സംഗമിച്ചത്. നിതീഷ് കുമാറുമായി തനിക്കുള്ള ബന്ധത്തെ മോദി പ്രസംഗത്തില്‍ അനുസ്മരിച്ചു. ഗ്രാമങ്ങളെ വൈദ്യുതീകരിക്കുന്ന കേന്ദ്ര പദ്ധതിയില്‍ ബീഹാറിനേയും ഉള്‍പ്പെടുത്താന്‍ നിതീഷ് നടത്തിയ ശ്രമങ്ങളേയും മോദി അനുസ്മരിച്ചു.

നിതീഷ് പ്രസംഗിക്കുമ്പോള്‍ തനിക്ക് ജയ് വിളിച്ചവരോട് നിശ്ശബ്ദരായിരിക്കാന്‍ മോദി പറഞ്ഞതും ശ്രദ്ധേയമായി. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് 2013ല്‍ നിതീഷ് എന്‍ഡിഎ വിട്ടത്. തുടര്‍ന്ന് 2015ല്‍ ലാലു-നിതീഷ്-കോണ്‍ഗ്രസ് സഖ്യം ബീഹാറില്‍ മോദി ഫാക്ടറിനെ അപ്രസക്തമാക്കി വന്‍ വിജയം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here