Connect with us

Kerala

ന്യായാധിപന്മാര്‍ പദവി മറന്ന് പ്രസ്താവന നടത്തരുത്: സമസ്ത

Published

|

Last Updated

കോഴിക്കോട്: സ്ത്രീയുടെ സുരക്ഷക്കും അഭിമാനത്തിനും നീതിക്കും പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാമെന്നും വിശുദ്ധ ഖുര്‍ആനിനെയും തിരുനബിയെയും സ്ത്രീവിരുദ്ധമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അഹന്തയില്‍ നിന്നുടലെടുത്തതാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അഭിപ്രായപ്പെട്ടു. മുസ്‌ലിം വ്യക്തി നിയമത്തിലൂടെ ശരീഅത്ത് നിയമങ്ങള്‍ അനുവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമാണെന്നും ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ വേര്‍തിരിച്ച് ആക്രമിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ലെന്നും പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ വ്യക്തമാക്കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചുരുങ്ങിയ പക്ഷം തങ്ങളുടെ പദവിയെ പറ്റിയും പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണെന്ന് ജസ്റ്റിസ് കമാല്‍പാഷയുടെ ശരീഅത്ത് സംബന്ധമായ അഭിപ്രായങ്ങളെ പരാമര്‍ശിക്കവെ സമസ്ത നിരീക്ഷിച്ചു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ ന്യായാധിപസ്ഥാനത്തുള്ള ഒരാള്‍ ഏകപക്ഷീയമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതില്‍ തികഞ്ഞ അനൗചിത്യമുണ്ട്. ദേശീയ തലത്തില്‍ തന്നെ ശരീഅത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ചിലര്‍ ശക്തമായ വിമര്‍ശങ്ങളുന്നയിച്ചപ്പോള്‍ ഇസ്‌ലാമിക ശരീഅത്ത് എന്താണെന്ന് പൊതുസമൂഹത്തെ ധരിപ്പിക്കാനും സ്ത്രീക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് ഇസ്‌ലാം നല്‍കുന്നതെന്ന് ബോധ്യപ്പെടുത്താനും മതപണ്ഡിതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ മതേതരത്വത്തിന് വലിയ വെല്ലുവിളികളുയര്‍ത്തി രാജ്യം ഒരു നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഫാസിസത്തെ തൃപ്തിപ്പെടുത്തുന്നതായി മാത്രമേ കാണാന്‍ കഴിയൂ. ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും ഒറ്റപ്പെടുത്തി കാണുന്നവരാണ് ശരീഅത്ത് നിയമങ്ങളെ കടന്നാക്രമിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ ഈ നിയമത്തില്‍ സന്തുഷ്ടരും സ്വാതന്ത്ര്യം അനുഭവിക്കുന്നവരുമാണ്. ബഹുഭാര്യാത്വം പോലെ ബഹുഭര്‍തൃത്വവും വേണ്ടേ എന്ന ചോദ്യം തന്നെ ശരീഅത്തിനെതിരെയുള്ള അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുത്തതാണ്.
ഇന്ത്യയുടെ സെക്യുലറിസത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സുന്നീ സമൂഹം ശരീഅത്തിനെതിരെയുള്ള ഏതു കടന്നാക്രമണത്തെയും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും ഏക സിവില്‍കോഡിനു വേണ്ടിയുള്ള ഏതു ശ്രമങ്ങളെയും യോജിച്ച് എതിര്‍ക്കുമെന്നും മുശാവറ പ്രസ്താവനയില്‍ പറഞ്ഞു.
സയ്യിദ് അലി ബാഫഖി, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.