ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

Posted on: March 11, 2016 8:27 pm | Last updated: March 12, 2016 at 11:58 am

adhar

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളും സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കില്‍ ഇനി അധാര്‍ കാര്‍ഡ് നിര്‍ബന്ധമാകും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ‘ആധാര്‍ ബില്‍ 2016’ ലോക്‌സഭ പാസ്സാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ നേരിട്ട് എത്തിച്ചുകൊടുക്കാനാണ് ആധാര്‍ ഉപയോഗപ്പെടുത്തുകയെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ പറഞ്ഞു. കാര്‍ഡിലൂടെ ശേഖരിക്കുന്ന പൗരന്മാരുടെ വിവരങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ജെയ്റ്റ്‌ലി ഉറപ്പുനല്‍കി. ധനബില്ലായി ലോക്‌സഭയില്‍ പാസ്സാക്കിയതിനാല്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനല്ലാതെ ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ ഇനി കഴിയില്ല. ബില്ലിന്മേല്‍ രാജ്യസഭയില്‍ ചര്‍ച്ച നടന്നാലും ഇല്ലെങ്കിലും പതിനാല് ദിവസത്തിനുള്ളില്‍ നിയമമാകും. യു പി എ സര്‍ക്കാറാണ് 2010ല്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ആദ്യമായി പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. അതേസമയം, അന്ന് ആധാര്‍ ബില്ലിനെ എതിര്‍ത്തിരുന്ന പ്രതിപക്ഷ സഖ്യമായ എന്‍ ഡി എയാണ് ചെറിയ തിരുത്തലുകള്‍ വരുത്തി വീണ്ടും ബില്‍ അവതരിപ്പിച്ചത്.
ആധാര്‍ ബില്‍ നിലവില്‍ രാജ്യസഭയുടെ പരിഗണയിലിരിക്കുന്നുണ്ടെന്നും വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ആധാര്‍ബില്ലിനെ എതിര്‍ത്തത്. ബില്‍ പാര്‍ലിമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടുക, ആധാറിലെ വിവരങ്ങള്‍ പരസ്യമാകുന്നത് തടയുക എന്നീ ആവശ്യങ്ങളും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബില്‍ ധൃതിപിടിച്ച് നടപ്പാക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി വിഷയത്തില്‍ സംവാദം നടക്കുകയാണെന്നും ഇനിയും ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും ജെയ്റ്റ്‌ലി പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായി പറഞ്ഞു. പുതിയ ആധാര്‍ ബില്‍ നേരത്തെ യു പി എ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ നിന്ന് വ്യത്യസ്തമാണ്. ആനുകൂല്യങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയെന്നതാണ് ബില്ലിന്റെ പ്രധാന ഉദ്ദേശ്യമെന്നും വെറും വിവരശേഖരണം മാത്രമല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചത് സര്‍ക്കാറിന് മേല്‍ക്കൈയില്ലാത്ത രാജ്യസഭയില്‍ എതിര്‍പ്പ് നേരിടുമെന്ന ഭയം കാരണമാണെന്ന് സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബില്ലിന്മേല്‍ ധൃതി കാണിക്കരുതെന്ന് ബി ജെ ഡി, എ ഐ എ ഡി എം കെ അംഗങ്ങളും പ്രതികരിച്ചു.
വിഷയത്തില്‍ വരുംദിവസങ്ങളില്‍ രാജ്യസഭ പ്രക്ഷുബ്്ധമാകുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗുലാംനബി ആസാദ് മുന്നറിയിപ്പ് നല്‍കി. ബില്‍ പാര്‍ലിമെന്ററി സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യസഭയിലെ പ്രതിഷേധം ഫലം കണ്ടില്ലെങ്കില്‍ രാഷ്ട്രപതിയെക്കൊണ്ട് ബില്‍ തിരിച്ചയപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നോക്കുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് ബില്ലില്‍ പറയുന്നു.
ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ ഇടക്കാല വിധി പുറപ്പെടുവിച്ച സുപ്രീം കോടതി, ആറ് സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് അനുവദിച്ചിരുന്നു. വിധവാ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, തൊഴിലുറപ്പ് പദ്ധതി, പ്രൊവിഡന്റ് ഫണ്ട്, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്നീ മേഖലയിലേക്ക് കൂടിയാണ് ആധാര്‍ പദ്ധതി വ്യാപിപ്പിച്ചിരുന്നത്. പാചകവാതക, മണ്ണെണ്ണ സബ്‌സിഡിക്ക് ആധാര്‍ ഉപയോഗിക്കാന്‍ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.