സ്ഥാനാര്‍ഥി നിര്‍ണയം വൈകിക്കേണ്ടതില്ലെന്ന് യു ഡി എഫ്

Posted on: March 11, 2016 9:30 am | Last updated: March 11, 2016 at 9:30 am

UDFതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു ഡി എഫ് സ്ഥാനാര്‍ഥികളെ മുന്‍നിശ്ചയിച്ചതിലും നേരത്തെ പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നത് മുന്‍തൂക്കം നഷ്ടപ്പെടുത്തുമെന്ന കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി പട്ടിക ഈമാസം 19നാണ് പ്രഖ്യാപിക്കുക. അതിന് തൊട്ടടുത്ത ദിവസങ്ങളിലായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി 15ന് അവരുടെ സീറ്റുകള്‍ നിശ്ചയിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും നടപടിയാവും. 23ന് നിശ്ചയിച്ചിരുന്ന കെ പി സിസി തിരഞ്ഞെടുപ്പ് സമിതി 16ന് ചേരും. തുടര്‍ന്നു 19ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയിലേക്ക് പോകും. ഹൈക്കമാന്‍ഡുമായുള്ള അന്തിമ ചര്‍ച്ചകള്‍ക്ക് ശേഷം 20നോ 21നോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന. രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുമ്പായി ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം എ കെ ആന്റണിയും പങ്കെടുത്തു.

അതേസമയം, കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ 15നും 16നുമായി ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന് കര്‍മ്മപദ്ധതികള്‍ രൂപീകരിക്കുന്നതിനാണ് യോഗങ്ങള്‍ ചേരുക. 16ന് വൈകീട്ട് മൂന്നിനാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരുക.