ദുബൈയില്‍ തിമിര്‍ത്ത് പെയ്ത് മഴ; വീശിയടിച്ച് കൊടുങ്കാറ്റ്

Posted on: March 10, 2016 3:06 pm | Last updated: March 10, 2016 at 3:06 pm

rainദുബൈ: രാജ്യവ്യാപകമായി ഇന്നലെ ശക്തമായ മഴ പെയ്തു. അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ മഴ പെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അബുദാബിക്കു പുറമെ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും ഇന്നലെ ശക്തമായ മഴ പെയ്തത്. രാജ്യം അടുത്ത കാലത്തൊന്നും സാക്ഷിയാവാത്തത്രയും ശക്തമായ മഴയാണ് ഇന്നലെ പെയ്തത്. അബുദാബിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. റാസല്‍ ഖൈമയിലും ഫുജൈറയിലും മഴക്ക് അകമ്പടിയായി ശക്തമായ ഇടിയുമുണ്ടായി. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് കിഴക്ക് രൂപപ്പെട്ട ന്യൂനമര്‍ദമാണ് യു എ ഇ ഉള്‍പെടെ മേഖലയില്‍ അസാധാരണമായ മഴക്ക് ഇടയാക്കിയത്. മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പര്‍വത പ്രദേശങ്ങള്‍, താഴ്‌വരകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

രാവിലെ 10ന് ജബല്‍ അലി, അല്‍ മക്തൂം വിമാനത്താവളം എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ജബല്‍ അലി മേഖലയില്‍ മഴയെത്തുടര്‍ന്ന് ദൂരക്കാഴ്ച പൂജ്യത്തിലേക്ക് താഴ്ന്നിരുന്നു. ഇതോടെ ശൈഖ് സായിദ് റോഡ് ഉള്‍പെടെയുള്ള ഇടങ്ങളില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ നിശ്ചലമായിക്കിടന്നു. മഴ കനത്തതോടെ പ്രധാന റോഡുകള്‍ ഉള്‍പെടെയുള്ളവയില്‍ വെള്ളം പൊങ്ങി. ചിലയിടങ്ങളില്‍ കാറുകള്‍ പൂര്‍ണമായും മുങ്ങുന്നത്രയും ഉയരത്തിലാണ് വെള്ളം പൊങ്ങിയത്.
ജബല്‍ അലി ഭാഗത്തുകൂടി യാത്ര ചെയ്യേണ്ടവര്‍ ഒഴിവാക്കണമെന്ന് ഇതുവഴി സഞ്ചരിച്ച് റോഡില്‍ കുടുങ്ങിയ ആന്റി ടേര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു. വാഹനം വെള്ളത്തില്‍ മുങ്ങിപ്പോവാന്‍ ഇടയുള്ളതിനാല്‍ പരമാവധി വേഗം കുറച്ച് പോവണമെന്ന് ആര്‍ ടി എ അധികാരികള്‍ ട്വീറ്റ് ചെയ്തു.
ദുബൈ സ്‌പോര്‍ട്‌സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലും വെള്ളം കയറി. ജബല്‍ അലി ഫ്രീസോണ്‍ പൂര്‍ണമായും സ്തംഭിച്ചു. ദുബൈ മറീന, ഗാര്‍ഡണ്‍സ് എന്നിവിടങ്ങളിലും ജനജീവിതം നിശ്ചലമായി. മഴയുടെ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ പോലീസും അഭ്യര്‍ഥിച്ചു. അബുദാബി നഗരം, ഖലീഫ സിറ്റി, മസ്ദര്‍ സിറ്റി എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.
ശൈഖ് സായിദ് റോഡില്‍ ഡാന്യൂബ് മെട്രോ സ്റ്റേഷനു സമീപം കനത്ത തോതിലാണ് വെള്ളം പൊങ്ങിയത്. ഡാന്യൂബ് മെട്രോ സ്റ്റേഷനകത്ത് മുട്ടിനു മേലെ വെള്ളം കയറിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്തു. ജബല്‍ അലി വ്യവസായ മേഖല ഒന്നിലെ ചില കെട്ടിടങ്ങളില്‍ ഒരു അടിവരെ ഉയരത്തില്‍ വെള്ളം പൊങ്ങി. ജെ എല്‍ ടി, ഡിസ്‌കവറി ഗാര്‍ഡണ്‍സ് എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം ഉയര്‍ന്നതിനാല്‍ വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയത്.
അബുദാബി-ദുബൈ റോഡില്‍ വെള്ളപ്പൊക്കവും ദൂരക്കാഴ്ച കുറഞ്ഞതും നിരവധി അപകടങ്ങള്‍ക്കാണ് ഇടയാക്കിയത്.