പട്ടാമ്പിയില്‍ ജെ എന്‍ യു പ്രതിനിധി സി പി ഐ സ്ഥാനാര്‍ഥിയാകും

Posted on: March 10, 2016 11:47 am | Last updated: March 10, 2016 at 11:47 am

cpiപാലക്കാട്: പട്ടാമ്പി മണ്ഡലത്തില്‍ ഇടത് മുന്നണിസ്ഥാനാര്‍ഥിയായി എ ഐ എസ് എഫ്‌ന്റെ ജെ എന്‍ യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഹ് സിനെ സാധ്യത. പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെ കോട്ടയായി തുടരുന്ന ചരിത്രമാണ് പട്ടാമ്പിക്കുള്ളത്.
ഇ എം എസ് അടക്കമുളളവര്‍ വിജയിച്ചിരുന്ന മണ്ഡലത്തില്‍ 2001 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് വിജയിച്ചതിന് ശേഷം ഇടത് മുന്നണിക്ക് ഇവിടെ വിജയിക്കാനായില്ല. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെന്നതിന്റെ ആനുകൂല്യം സി പി മുഹമ്മദിന് ലഭിക്കുന്നുണ്ടെങ്കിലും സി പി ഐ മത്സരിക്കുന്ന സീറ്റില്‍ സ്ഥിരമായി പുറത്ത് നിന്നുള്ള സ്ഥാനാര്‍ഥിയെമത്സരിപ്പിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് ഇടത് മുന്നണികണക്കുകൂട്ടുന്നുണ്ട്. ഈസാഹചര്യത്തിലാണ് പട്ടാമ്പികാരക്കാരനായ മുഹ് സിനെ പരിഗണിക്കുന്നത്. നാട്ടുകാരന്‍, ഗവേഷണവിദ്യാര്‍ഥി. യുവത്വം തുടങ്ങിയവ ഘടകങ്ങള്‍ ഗുണം ചെയ്യുമെന്നാണ് സി പി ഐ നേതൃത്വം കരുതുന്നത്.
ഇതിന് പുറമെ സമീപകാലത്ത് ജെ എന്‍ യു വിലുണ്ടായ പ്രശ്‌നങ്ങളില്‍ കനയ്യ കുമാറിനോടൊപ്പം പ്രക്ഷോഭ രംഗത്തുണ്ടായിരുന്നയാളെന്നത് രാഷ്ട്രീയമായും ഗുണകരമാകുമെന്ന് സി പി ഐ പ്രതികരിക്കുന്നു. സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കുന്നുവെന്ന് സൂചന പാര്‍ട്ടി നേതൃത്വം മുഹ്‌സിന് നല്‍കിയിട്ടുണ്ട്. മുഹമ്മദ് മുഹ്‌സിന്‍ സി പി ഐ പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് അംഗമാണ്.