സൈന്യത്തിനെതിരെ വിവാദ പ്രസ്താവന: കന്‍ഹയ്യക്കെതിരെ യുവമോര്‍ച്ചയുടെ പരാതി

Posted on: March 10, 2016 11:27 am | Last updated: March 10, 2016 at 2:36 pm
SHARE

kanhaiya-kumar-759ന്യൂഡല്‍ഹി: വനിതാ ദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി യുവജനവിഭാഗം പരാതി നല്‍കി. കനയ്യയുടേത് രാജ്യദ്രോഹകരമായ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച പരാതി നല്‍കിയിരിക്കുന്നത്. ജെഎന്‍യുവില്‍ വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സൈനികരോട് അങ്ങേയറ്റം ബഹുമാനം നിലനില്‍ക്കുമ്പോള്‍ തന്നെ കശ്മീരിലെ യുവതികളെ ഇന്ത്യന്‍ സൈന്യം ബലാല്‍സംഗം ചെയ്യുകയാണെന്ന കന്‍ഹയ്യയുടെ പ്രസ്താവനക്കെതിരെയാണ് യുവമോര്‍ച്ച പരാതി നല്‍കിയത്.
വനിതാ ദിനത്തില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള അഫ്‌സ്പ നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കനയ്യ കുമാര്‍ സൈന്യത്തിനെതിരെ ആഞ്ഞടിച്ചത്. ‘ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിച്ചോളൂ. എന്നാല്‍ ഞങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കെതിരായ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും. അഫ്‌സ്പയ്‌ക്കെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തുമെന്നും കന്‍ഹയ്യ പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെടുക മാത്രമല്ല, അതിനു മുമ്പ് അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്നും കനയ്യ കുമാര്‍ പറഞ്ഞു.

കന്‍ഹയ്യ സൈന്യത്തിനെതിരെ നടത്തിയ പരമാര്‍ശം രാജ്യദ്രോഹപരമാണെന്നും ചൂണ്ടിക്കാട്ടി യുവമോര്‍ച്ച വസന്ത് വിഹാര്‍ പൊലീസ് സ്‌റ്റേഷനെ സമീപിക്കുകയായിരുന്നു. കന്‍ഹയ്യയ്ക്കും ജെഎന്‍യു പ്രൊഫസര്‍ നിവേദിത മേനോനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
നിലവിലെ കേസില്‍ നടപടികള്‍ തുടരുന്ന അവസരത്തില്‍ കന്‍ഹയ്യ വിദ്യാര്‍ഥികളോട് ഇന്ത്യയ്‌ക്കെതിരെ വളരെ മോശമായി സംസാരിച്ചു. സൈനികരെ കശ്മീരി സ്ത്രീകളെ പീഡിപ്പിക്കുന്നവരെന്ന് വിളിച്ചുവെന്നും യുവമോര്‍ച്ച കുറിപ്പില്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here