ട്വന്റി20 ലോകകപ്പ്് യോഗ്യതാ മത്സരം: നെതര്‍ലാന്‍ഡ്‌സിനെതിരെ ബംഗ്ലാദേശിന് ജയം

Posted on: March 9, 2016 9:02 pm | Last updated: March 9, 2016 at 9:02 pm

tamim_0903getty_750ധര്‍മശാല: ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ബംഗ്ലാദേശിന് എട്ടു റണ്‍സ് ജയം. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ബംഗ്ലാദേശിന് വേണ്ടി തമീം ഇഖ്ബാല്‍ 83 റണ്‍സ് നേടി കളിയിലെ താരമായി.
നേരത്തെ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരറ്റത്തു വിക്കറ്റുകള്‍ പൊഴിയുമ്പോഴും പിടിച്ചുനിന്ന തമിം ഇഖ്ബാലാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 58 പന്തില്‍ മൂന്നു സിക്‌സറിന്റെയും ആറു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഇഖ്ബാലിന്റെ പ്രകടനം. സൗമ്യ സര്‍ക്കാര്‍ (15), സാബിര്‍ റഹ്മാന്‍ (15), മഹമ്മദുള്ള (10) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് ആദ്യ വിക്കറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും തുടര്‍ന്നുള്ള ബാറ്റിസ്മാന്‍മാര്‍ മികവ് കാണിച്ചില്ല. 30 റണ്‍സ് നേടിയ പീറ്റര്‍ ബോറനാണ് നെതര്‍ലന്‍ഡ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനായി ഷക്കിബ് അല്‍ ഹസന്‍, അല്‍ അമീന്‍ ഹുസൈന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.