ശക്തമായ മഴ; അല്‍ ഐന്‍ നഗരം വെള്ളത്തിലായി

Posted on: March 9, 2016 3:09 pm | Last updated: March 9, 2016 at 3:09 pm

rain uaeഅല്‍ ഐന്‍:ഇന്നലെ പെയ്ത ശക്തമായ മഴ അല്‍ ഐന്‍ നഗരത്തെയും ഗ്രാമ പ്രദേശങ്ങളെയും വെള്ളത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയായിരുന്നെങ്കിലും ഇന്നലെ പെയ്ത ശക്തമായ മഴ ഒന്നര മണിക്കൂറോളം നീണ്ടുനിന്നത് ജനജീവിതം ദുസ്സഹമാക്കി. ഇടിയോടുകൂടി കാറ്റും മഴയും വന്നതോടെ റോഡുകളും പ്രധാന റൗണ്ട് എബൗട്ടുകളും വെള്ളത്തിലായി. ഓഫീസുകളും സ്‌കൂളുകളും പ്രവൃത്തി കഴിഞ്ഞ സമയമായതിനാല്‍ റോഡുകളില്‍ നീണ്ട വാഹന നിര തന്നെയുണ്ടായിരുന്നു. ഉച്ചക്ക് 1.45 ഓടെയാണ് മഴ ആരംഭിച്ചത്. ഇത് അബുദാബി-അല്‍ ഐന്‍ റോഡിലും ദുബൈ-അല്‍ ഐന്‍ റോഡിലും വന്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. സിവില്‍ ഡിഫന്‍സിന്റേയും പോലീസിന്റേയും സമയോചിതമായ ഇടപെടല്‍ പലയിടങ്ങളിലും വാഹന ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായകമായി.

മാന്‍ഹോളുകളില്‍ നിന്ന് മഴവെള്ളത്തില്‍ ഒലിച്ചെത്തിയ ചവറുകളും ശക്തമായ കാറ്റില്‍ മരങ്ങളില്‍ നിന്ന് കൊഴിഞ്ഞ ഇലകളും വെള്ളം ഒഴിഞ്ഞുപോവുന്നതിന് തടസമായപ്പോള്‍ പലയിടത്തും വെള്ളക്കെട്ടായി മാറി. മഴമൂലം ദൂരക്കാഴ്ചക്ക് തടസ്സമായതിനാല്‍ അല്‍ ഐനില്‍ ഇരുപതോളം അപകടങ്ങള്‍ നടന്നു. പരുക്കേറ്റവരെ ജീമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം അബുദാബിയിലും പ്രാന്ത പ്രദേശങ്ങളിലും ഇന്നലെ ഇടിയോട്കൂടി ശക്തമായി മഴ പെയ്തു. രാവിലെ പതിനൊന്നിനാണ് മഴ തുടങ്ങിയത്. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു.