Connect with us

Gulf

അബുദാബി എയര്‍ഷോ തുടങ്ങി

Published

|

Last Updated

അബുദാബി:വ്യോമയാന രംഗത്തെ നൂതന സംരംഭവുമായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന അബുദാബി എയര്‍ എക്‌സ്‌പോക്ക് തുടക്കമായി. ബത്തീന്‍ എക്‌സിക്യുട്ടീവ് എയര്‍പോര്‍ട്ടില്‍ അബുദാബി കിരീടാവകാശി കോടതി ചീഫ് ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

വിമാനങ്ങളുടെ പ്രദര്‍ശനത്തിന് പുറമെ വ്യോമയാനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പങ്കെടുക്കുന്ന കരിയര്‍ കോണ്‍ഫറന്‍സും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അബുദാബി വ്യോമ പ്രചാരണത്തിന്റെ ഭാഗമായാണ് എക്‌സ്‌പോ ഒരുക്കിയിട്ടുള്ളത്.

വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന അബുദാബി ഏവിയേഷന്‍, അബുദാബി എയര്‍പോര്‍ട്ട്, ബോയിംഗ് ബിസിനസ് ജെറ്റ്, ഗ്ലോബല്‍ എയറോസ് ബൈസ്, ഇത്തിഹാദ്, ഖത്വര്‍ എയര്‍വേയ്‌സ്, സ്‌കൈ പ്രേം ഏവിയേഷന്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ എത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ സ്വകാര്യ വിമാനക്കമ്പനികള്‍, വിമാന ഉപകരണ കമ്പനികള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ അബുദാബി എയര്‍ എക്‌സ്‌പോക്കെത്തിയിട്ടുണ്ട്. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ബോയിംഗ് 787 ഡ്രീം ലൈനര്‍, എ 320 ചാര്‍ട്ടേഡ് വിമാനം മേളയില്‍ എത്തിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ ദിവസവും ഉച്ചക്ക് രണ്ടു മുതല്‍ മൂന്നുവരെ വ്യോമാഭ്യാസവും നടക്കും. മൂന്ന് ദിവസത്തെ മേളയില്‍ 20,000 സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം, ശക്തമായ മഴ കാരണം ഇന്നലെ എയര്‍ ഷോ ഉച്ച കഴിഞ്ഞ് അവസാനിപ്പിച്ചു. ഇന്നലെ ഉച്ച തിരിഞ്ഞ് ആസൂത്രണം ചെയ്ത പരിപാടികളാണ് പ്രതികൂലമായ കാലാവസ്ഥ കാരണം മാറ്റിയത്. പരിപാടി നടക്കുന്ന അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ ശക്തമായ മഴയില്‍ വെള്ളം നിറഞ്ഞതാണ് മാറ്റി വെക്കാന്‍ കാരണം. ഷോ ഇന്ന് രാവിലെ 10ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest