അഭയാര്‍ഥികളെ തടയാനുള്ള ഇ യു നടപടിക്കെതിരെ യു എന്‍

Posted on: March 9, 2016 9:48 am | Last updated: March 9, 2016 at 9:48 am

refugeeജനീവ: അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാനായി യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും രൂപം നല്‍കിയ പദ്ധതിയില്‍ യു എന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ആക്രമണം രൂക്ഷമായ സിറിയയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി എത്തിയ ലക്ഷക്കണക്കിന് ജനങ്ങളെ പ്രതികൂലമായി ബാധിക്കുകയും വലിയ തോതിലുള്ള മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കാരണമാകാനിടയുള്ളതുമായ പദ്ധതിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ, അഭയാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭ ഉത്കണ്ഠ രേഖപ്പെടുത്തിയത്.

തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലെത്തിയ മുഴുവന്‍ അഭയാര്‍ഥികളെയും തിരിച്ചയക്കാനുള്ള നീക്കമാണ് പുതിയ പദ്ധതിയിലൂടെ ഇ യു നേതൃത്വം ആവിഷ്‌കരിച്ചത്.
രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം മുതല്‍ അഭയാര്‍ഥി പ്രതിസന്ധി നേരിടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സിറിയന്‍ ആഭ്യന്തര കലാപാനന്തരം കൂടുതല്‍ വെല്ലുവിളി നേരിടേണ്ടിവന്നുവെന്നാണ് ഇ യു നേതൃത്വം പറയുന്നത്.
അഭയാര്‍ഥി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അഭയാര്‍ഥികള്‍ മടങ്ങിപോകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അഭയാര്‍ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കാത്ത രീതിയില്‍ ഇ യു നേതാവ് ഡോണാള്‍ഡ് ടെസ്‌ക് സംസാരിക്കുകയും ചെയ്തിരുന്നു.

അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പുറത്താക്കാനുള്ള ഇ യു നേതൃത്വത്തിന്റെ ശ്രമം യൂനിയന്‍ നിയമത്തിന് എതിരാണെന്ന് യു എന്‍ അഭയാര്‍ഥി ഏജന്‍സി വക്താക്കള്‍ അറിയിച്ചു.
തിങ്കളാഴ്ച ബ്രസല്‍സില്‍ നടന്ന ഉച്ചകോടയിലാണ് ഗ്രീസിലെ അഭയാര്‍ഥികളെ തിരിച്ചുവിളിക്കാന്‍ ഇ യു ആവശ്യപ്പെട്ടത്. തുര്‍ക്കിയില്‍ നിന്ന് വന്ന അഭയാര്‍ഥികളെന്ന നിലക്ക് തുര്‍ക്കിയോടായിരുന്നു ആവശ്യം. 30,000ലധികം അഭയാര്‍ഥികള്‍ ഇപ്പോള്‍ ഗ്രീസിലുണ്ടെന്നാണ് യു എന്റെ ഔദ്യോഗിക കണക്ക്. ഈ മാസാവസാനത്തോടെ ഇത് ലക്ഷത്തിലധികമാകാന്‍ സാധ്യതയുണ്ട്.

യൂറോപ്യന്‍ നേതാക്കള്‍ തുര്‍ക്കി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് തീരുമാനിച്ചതിന് പുറമെ അഭയാര്‍ഥി വിഷയത്തില്‍ പ്രത്യേക ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കി പല നിലക്കും സഹകരിക്കുന്നുണ്ടെങ്കിലും യൂറോപ്പിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഈ രാജ്യം അഭയാര്‍ഥിപ്രവാഹം കുറക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യം.