ഒറ്റപ്പാലത്തെ തിരഞ്ഞെടുപ്പ് ചൂടിന് വേനലിനേക്കാള്‍ കാഠിന്യം

Posted on: March 8, 2016 1:29 pm | Last updated: March 8, 2016 at 1:29 pm

ottapalamഒറ്റപ്പാലം: ചുവപ്പിന്റെ ചരിത്രം പേറുന്ന ഒറ്റപ്പാലത്തെ തിരഞ്ഞെടുപ്പ് ചൂടിന് ഇത്തവണ വേനലിനേക്കാള്‍ കാഠിന്യമേറും.രണ്ട് തവണ ഒഴികെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതിനെ മാത്രം വരിച്ചിട്ടുള്ള ഒറ്റപ്പാലം കടുത്ത പക്ഷപാതിത്വമാണ് ചരിത്രത്തില്‍ വരച്ചിട്ടിട്ടുള്ളത്.1977ല്‍ പി ബാലനിലൂടെയും,87ല്‍ കെ ശങ്കരനാരായണനിലൂടെയും ചരിത്രത്തെ മാറ്റി വരക്കാന്‍ കഴിഞ്ഞെങ്കിലും ശേഷം ഇന്നുവരെ ചുവപ്പ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ യു ഡി എഫിനായിട്ടില്ല.

2008ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ശക്തികേന്ദ്രങ്ങള്‍ നഷ്ടമായിട്ടും പതിമൂവായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി എമ്മിലെ എം ഹംസ നിയമസഭയിലെത്തിയത്. ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയുമുള്‍പ്പെടുന്ന മണ്ഡലത്തില്‍ തച്ചനാട്ടുകരയും, കരിമ്പുഴയുമാണ് യു ഡി എഫ് ഭരണത്തിലുള്ളത്.ഒറ്റപ്പാലം നഗരസഭയും, ലെക്കിടിപേരൂര്‍, അമ്പലപ്പാറ, പുക്കോട്ട്കാവ്,കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍ ഇടതിനൊപ്പമാണ് നില്‍ക്കുന്നത്.പാര്‍ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ 17000 ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷമാണ് എം ബി രാജേഷിന് ഒറ്റപ്പാലം നല്‍കിയത്.തദ്ദേശ സ്വയം’രണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ കണക്കുകളും ഇടതിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ്.
വികസന നേട്ടങ്ങള്‍ നിരത്തിയാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത്.

താലൂക്കാശുപത്രിയില്‍ നിര്‍മിച്ച മാത്യശിശു കേന്ദ്രം,കിന്‍ഫ്ര പാര്‍ക്ക്,മിനിസിവില്‍ സ്റ്റേഷന്‍, ഒറ്റപ്പാലംമണ്ണാര്‍ക്കാട് റോഡ്,ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി നിരവധി വികസന നേട്ടങ്ങളാണ് എല്‍ ഡി എഫ് ജനങ്ങള്‍ക്ക് മുന്നില്‍ നിരത്താന്‍ പോകുന്നത്. എന്നാല്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വികസനത്തിന്റെ കാര്യത്തില്‍ പച്ചക്കൊടി കാട്ടിയതാണ് ഒറ്റപ്പാലത്തെ വികസനങ്ങള്‍ക്ക് കാരണമായതെന്ന മറുവാദം നിരത്തിയാണ് യു ഡി എഫും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ചുവട് വെക്കുന്നത്.

സി പി എമ്മിലെ ആഭ്യന്തര വിഷയങ്ങള്‍വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയും യു ഡി എഫ് വെച്ച് പുലര്‍ത്തുന്നു. പൂക്കോട്ട് കാവിലും കടമ്പഴിപ്പുറത്തും നിലനില്‍ക്കുന്ന ചെറുതല്ലാത്ത വിഭാഗീയതയും, നഗരസഭയിലെ സി പി എം വിമത സാന്നിധ്യവും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന കണക്ക് കൂട്ടലും യു ഡി എഫിനുണ്ട്.
അതേസമയം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സി പി എമ്മില്‍ പുരോഗമിക്കുകയാണ്. രണ്ട് ടേം പൂര്‍ത്തിയാക്കിയ എം ഹംസക്ക് ടിക്കറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സി ഐ ടി യു ജില്ല സെക്രട്ടറിയും, സി പി എം ജില്ല സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയുടെ പേരിനാണ് മുന്‍തൂക്കം.

ചില യുവജന നേതാക്കളുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.യു ഡി എഫില്‍ നിന്ന് കെ പി സി സി സെക്രട്ടറി പി ജെ പൗലോസിന്റെയും, ഡി സി സി സെക്രട്ടറിമാരായ സത്യന്‍ പെരുമ്പറക്കോടിന്റെയും, കെ.ശ്രീവല്‍സന്റെയും പേരുകളാണ് പറഞ്ഞ് കേള്‍ക്കുന്നത്.
പുറത്ത് നിന്നുള്ള ശക്തനായ ഒരുനേതാവിനെയുംപ്രതീക്ഷിക്കുന്നുണ്ട്.മാറിയ രാഷ്ട്രീയസാഹചര്യത്തില്‍വോട്ട് നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയില്‍ ബി ജെ പിയും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ സജീവമാണ്.