തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ താമരശ്ശേരി രൂപത ഒരുങ്ങുന്നു

Posted on: March 8, 2016 3:49 am | Last updated: March 7, 2016 at 11:51 pm

കോഴിക്കോട് :തിരുവമ്പാടി സീറ്റില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ യു ഡി എഫിലുണ്ടായ പ്രതിസന്ധി പുതിയ തലത്തിലേക്ക്. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കുടിയേറ്റ കര്‍ഷകനായ ഒരാള്‍ക്ക് യു ഡി എഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ താമരശ്ശേരി രൂപതയും ജില്ലാ മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റിയും ഒരുങ്ങുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും എടുത്ത തീരുമാനത്തില്‍ ഉറച്ച് സ്വന്തം സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്റര്‍ക്കായി മുസ്‌ലിംലീഗ് പ്രചാരണവും തുടങ്ങി കഴിഞ്ഞു. സ്ഥാനാര്‍ഥിയെ പിന്‍വലിച്ചുള്ള ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്ന് മുസ്‌ലിംലീഗ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റിയുടെ നീക്കം യു ഡി എഫ് രാഷ്ട്രീയത്തില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.
ഇപ്പോള്‍ ബംഗളൂരുവിലുള്ള ബിഷപ്പ് തിരിച്ചെത്തിയാല്‍ സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് നീക്കമെന്ന് മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹി പ്രതികരിച്ചു. ഇതിനിടയില്‍ യു ഡി എഫ് തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുതിരുവമ്പാടി സീറ്റില്‍ കുടിയേറ്റ കര്‍ഷകനായ ഒരാളെ പരിഗണിക്കുമെന്ന് യു ഡി എഫ് നേതൃത്വം നേരത്തെ ഉറപ്പ് നല്‍കിയതാണ്. ഇപ്പോള്‍ ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ല. തീരുമാനം പുനപ്പരിശോധിക്കാന്‍ യു ഡി എഫ് നേതൃത്വം തയ്യാറായില്ലെങ്കില്‍ മറ്റൊരു സമവായത്തിനും തങ്ങള്‍ ഒരുക്കമല്ലെന്നും തിരുവമ്പാടിയില്‍ മലയോര കര്‍ഷകര്‍ക്കായി ഒരു സ്ഥാനാര്‍ഥിയുണ്ടാകുമെന്നും മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റിയുടെ ഒരു നേതാവ് പ്രതികരിച്ചു. തിരുവമ്പാടിയില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും തങ്ങളുടെ ഈ നീക്കത്തിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നാണ് ഇവരുടെ ഭീഷണി. എന്നാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഒരു മലോയര കര്‍ഷകനായിരുന്നാലും പിന്തുണക്കുന്നതിന് ഒരു ഉറപ്പും ഇവര്‍ പറയുന്നുമില്ല.
എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് യു ഡി എഫ് നേതൃത്വത്തിന്റെ ഇടപെടല്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി ദിവസങ്ങള്‍ക്ക് മുമ്പ് രൂപത അധ്യക്ഷനുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. വരും ദിവസങ്ങളിലും ഇവരെ അനുനയിപ്പിക്കുന്നതിനായി ശ്രമങ്ങള്‍ യു ഡി എഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും സമാനമായ നീക്കങ്ങള്‍ മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റിയുടെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും ഭാഗത്ത് നിന്നുണ്ടായിരുന്നു. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ഭൂനികുതി പട്ടയ പ്രശ്‌നങ്ങള്‍, ജണ്ടകെട്ടി കര്‍ഷകനെ കുടിയിറക്കാനുള്ള നീക്കം, റബ്ബര്‍ വിലയിടിവ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ യു ഡി എഫ് ഇടപെടുന്നില്ലെന്ന് ആരോപിച്ച് കോഴിക്കോട്, വടകര, വയനാട് പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇവര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ യു ഡി എഫിന്റെ നേതൃത്വം ഇടപെട്ട് സമവായ ചര്‍ച്ചകളിലൂടെ നീക്കം പിന്‍വലിപ്പിക്കുകയായിരുന്നു. അന്ന് നടന്ന സമവായ ചര്‍ച്ചകളില്‍ തിരുവമ്പാടി സീറ്റ് മലയോര കര്‍ഷകര്‍ക്ക് വിട്ടുനല്‍കുമെന്ന് യു ഡി എഫ് നേതൃത്വം പറഞ്ഞതായാണ് മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി പറയുന്നത്. തിരുവമ്പാടിയില്‍ കോണ്‍ഗ്രസുകാരനായ ഒരു മലയോര കര്‍ഷകന് സീറ്റ് കൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം.