Connect with us

Kerala

പി ജയരാജനെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

തലശ്ശേരി: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ഗൂഢാലോചന കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മൂന്ന് ദിവസത്തേക്ക് സിബിഎെ കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ജയാരജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സിബിഎെ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ജയിലിലോ ആശുപത്രിയിലോ വെച്ച് ചോദ്യം ചെയ്യാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ ആറ് മണി വരെ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അഭിഭാഷകന്റെയും ഡോക്ടറുടെയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന ജയരാജന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. സി.ബി.ഐയുടെ ക്യാമ്പില്‍ ജയരാജനെ കൊണ്ടുപോകാന്‍ കഴിയില്ല. ജയരാജന്റെ റിമാന്‍ഡ് കാലാവധി 11ന് തീരാനിരിക്കെയാണു മൂന്നു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ ജഡ്ജി വി.ജി അനില്‍കുമാര്‍ അനുവാദം നല്‍കിയത്.

റിമാന്‍ഡ് കാലാവധി ഈ മാസം 11ന് അവസാനിക്കാനിരിക്കെ, ജയരാജന്‍ ഹൃദയ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് തവണ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാകുകയും ആര്‍ എസ് എസ് ആക്രമണത്തിന് വിധേയമായി അംഗവൈകല്യത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുകയും ചെയ്യുന്ന സി പി എം നേതാവിനെ സി ബി ഐ കസ്റ്റഡിയില്‍ വിടരുതെന്നാണ് ഇദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. കെ വിശ്വന്‍ വാദിച്ചിരുന്നത്. നിത്യവും 13ലേറെ മരുന്നുകള്‍ കഴിച്ചാണ് ആശുപത്രിയില്‍ കഴിയുന്നത്. ഹൃദയ സംബന്ധമായ വേദനകള്‍ ഇടക്കിടെ അലട്ടുന്നു. തുടര്‍ചികിത്സ ആവശ്യമാണ്. ഹൃദയാസ്വാസ്ഥ്യം വരാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലൂടെ ഖണ്ഡിക്കുന്ന സി ബി ഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ കസ്റ്റഡി ആവശ്യം കോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നു. മനോജ് വധഗൂഢാലോചന കേസില്‍ 25-ാം പ്രതിയാണ് പി ജയരാജന്‍. തക്കതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയാക്കിയത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ കോടതി അനുകൂലമായി ഉത്തരവ് നല്‍കണമെന്നും സി ബി ഐ വാദിച്ചിരുന്നു.

കഴിഞ്ഞ മാസം രണ്ടിനാണ് പി ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ചികിത്സയില്‍ കഴിയുന്ന പരിയാരം ഹൃദയാലയത്തില്‍ നിന്നും ആംബുലന്‍സില്‍ എത്തിയാണ് കോടതിയില്‍ ഹാജരായത്. ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ജയരാജന് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മതിയായ ചികിത്സ നല്‍കുമെന്ന് ജഡ്ജ് വി ജി അനില്‍കുമാര്‍ ഉത്തരവിട്ടിരുന്നു.

ഇതേ തുടര്‍ന്ന് വീണ്ടും പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍് കോളജാശുപത്രിയില്‍ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രവേശിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest