തദ്ദേശവാസികളെ പരിഗണിച്ചില്ല; ആറളം ഫാമിംഗ് കോര്‍പറേഷനിലെ തൊഴിലാളി നിയമനത്തില്‍ അട്ടിമറി

Posted on: March 8, 2016 3:19 am | Last updated: March 7, 2016 at 11:23 pm

aralamകണ്ണൂര്‍: ആറളം ഫാമിംഗ് കോര്‍പറേഷനില്‍ ഒഴിവുള്ള തസ്തികകളില്‍ തദ്ദേശവാസികളായ ആദിവാസികള്‍ക്ക് വാഗ്ദാനം ചെയ്ത നിയമനം അട്ടിമറിക്കാന്‍ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയുടെ ഒത്താശ.
തദ്ദേശവാസികളും അഭ്യസ്ത വിദ്യരുമായ ആദിവാസികള്‍ക്കാണ് കോര്‍പറേഷന്‍ അധികൃതര്‍ നേരത്തെ ജോലി വാഗ്ദാനം ചെയ്തിരുന്നത്. അഭ്യസ്ത വിദ്യരല്ലാത്തവവര്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, പ്രദേശവാസികളെ തഴഞ്ഞ് മന്ത്രിയുടെ സ്വന്തം ജില്ലയായ വയനാട്ടിലെ ഏതാനും പേര്‍ക്ക് മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിച്ച് ജോലി നല്‍കാനാണ് ആറളം ഫാമിംഗ് കോര്‍പറേഷന്‍ കരുക്കള്‍ നീക്കുന്നതെന്നാണ് ആരോപണം.
ആദിവാസി ഫണ്ട് നല്‍കി വിലക്ക് വാങ്ങിയ ആറളം ഫാം ഭൂമിയുടെ 3500 ഏക്കര്‍ സ്ഥലം ഫാമിംഗ് കോര്‍പറേഷന് നല്‍കുന്ന അവസരത്തിലാണ് കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികള്‍ക്ക് കോര്‍പറേഷനില്‍ ജോലിയും മറ്റു ക്ഷേമപദ്ധതികളും നടപ്പാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചത്. അഭ്യസ്ത വിദ്യരായ 300 പേരാണ് ഇവിടെയുള്ളത്. ആറളം ഫാമിംഗ് കോര്‍പറേഷനില്‍ ഇപ്പോള്‍ ഒഴിവ് വന്ന 61 തസ്തികകളിലേക്കുള്ള നിയമനത്തില്‍ നിന്നാണ് തദ്ദേശവാസികളായ ആദിവാസികളെ ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ നല്‍കിയ ഉറപ്പിന്റെയും വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണിതെന്ന് ആരോപിച്ച് ആദിവാസി ഗോത്രമഹാസഭ രംഗത്ത് വവന്നിട്ടുണ്ട്. തദ്ദേശവാസികളെ ഒഴിവാക്കി അന്യ ജില്ലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചാണ് ഒഴിവുള്ള തസ്തികകളിലേക്ക് അധികൃതര്‍ അഭിമുഖം നടത്തിയത്. ഇതിനെതിരെ പ്രദേശത്തെ അഭ്യസ്ത വിദ്യരായ ആദിവാസികളില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
അപേക്ഷ ക്ഷണിച്ച 61 തസ്തികകളില്‍ ഭൂരിഭാഗത്തിനും ആറളം ഫാമിംഗ് മേഖലയില്‍ തന്നെ നിശ്ചിത യോഗ്യതയുള്ളവര്‍ ഉണ്ടെന്നിരിക്കെ വയനാട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത് വകുപ്പ് മന്ത്രിയുടെയും ഫാമിംഗ് കോര്‍പറേഷന്‍ അധികൃതരുടെയും സ്വന്തക്കാരെ തിരുകിക്കയറ്റാനാണെന്നാണ് ആദിവാസി സംഘടനകളുടെ ആക്ഷേപം. എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ള 200 ഓളം പേര്‍ ഇവിടെയുണ്ട്. ഇതില്‍ കൂടുതലും വനിതകളാണ്. ഒഴിവുള്ള ഓഫീസ് അസിസ്റ്റന്‍ഡ് തസ്തികക്കും സെക്യൂരിറ്റി ഗാര്‍ഡ് തസ്തികക്കും എസ് എസ് എല്‍ സിയാണ് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
ഓഫീസ് അസിസ്റ്റന്‍ഡിന്റെ ഏഴ് ഒഴിവുകളും സെക്യൂരിറ്റി ഗാര്‍ഡിന്റെ 26 ഒഴിവുകളുമാണ് ഇവിടെയുള്ളത്. എഴുത്ത്പരീക്ഷ നടത്തിയിരുന്നുവെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുകയോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ ചെയ്യാതെയാണ് അഭിമുഖം നടത്തിയത്. ഇത് മന്ത്രിയുടെ സ്വന്തക്കാരെ നിയമിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് വിവിധ ആദിവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. കാസര്‍കോട് ജില്ലയില്‍ നിന്ന് വന്നവരെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് തിരിച്ചയച്ചതായും പരാതിയുയര്‍ന്നിരുന്നു.
യോഗ്യതക്കനുസരിച്ച് നിശ്ചിത എണ്ണം തസ്തികകള്‍ ഫാമിംഗ് മേഖലയിലെ ആദിവാസികള്‍ക്ക് മാറ്റിവെക്കുമെന്നുള്ള ഉറപ്പാണ് അധികൃതര്‍ ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നിയമന നടപടികള്‍ റദ്ദാക്കി തദ്ദേശവാസികളായ അഭ്യസ്ത വിദ്യര്‍ക്ക് യോഗ്യതക്കനുസരിച്ച് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 15ന് ആറളം ഫാം ഓഫീസിന് മുന്നില്‍ ആദിവാസി യുവജന- വിദ്യാര്‍ഥി പ്രതിനിധികളും ഗോത്രമഹാസഭാ പ്രവര്‍ത്തകരും നില്‍പ്പ് സമരം സംഘടിപ്പിച്ചിട്ടുണ്ട്.