ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ടത് വിശ്വാസ്യതയും കഴിവുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: March 8, 2016 3:15 am | Last updated: March 7, 2016 at 11:17 pm

court-hammerന്യൂഡല്‍ഹി: വിശ്വാസ്യതയും കഴിവുമാണ് ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനു പ്രധാനമായും പരിഗണിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ നടപടിക്രമങ്ങളുടെ കരട് മാര്‍ഗരേഖയിലാണ് (എം ഒ പി) ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അധ്യക്ഷയായ മന്ത്രിസഭാ സമിതിയാണ് കരടുരേഖ തയ്യാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. കൊളീജിയം സംവിധാനം രൂപവത്കരിക്കുന്നതിനു മുമ്പ് 1999ല്‍ തയ്യാറാക്കിയ എം ഒ പിയില്‍ കഴിവും വിശ്വാസ്യതയും എന്ന പ്രയോഗം ചേര്‍ത്തിട്ടില്ലായിരുന്നു. ഇതുകൂടി ചേര്‍ത്താണ് ഇപ്പോള്‍ കരടുരേഖ സമര്‍പ്പിച്ചത്. ജഡ്ജിമാരുടെ പ്രകടനം വിലയിരുത്താനും ഹൈക്കോടതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരോട് കരടു എം ഒ പി നിര്‍ദേശം നല്‍കുന്നുണ്ട്.
ഹൈക്കോടതി ജഡ്ജിയായിരിക്കെ അവസാന അഞ്ച് വര്‍ഷം ഒരാള്‍ പുറപ്പെടുവിച്ച വിധിന്യായങ്ങളുടെ മൂല്യനിര്‍ണയമാകണം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിനുള്ള പ്രധാന മാനദണ്ഡം. മൂന്ന് മാസത്തെക്കാളും കൂടുതല്‍ കാലയളവില്‍ ഒരിക്കലും ഹൈക്കോടതിക്ക് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉണ്ടായിക്കൂടെന്നും വിശദീകരിക്കുന്നു.
ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും പിന്‍ഗാമിയായി ഒരു പേരു ശിപാര്‍ശ ചെയ്യാന്‍ അദ്ദേഹത്തോട് കേന്ദ്ര നിയമമന്ത്രി ആവശ്യപ്പെടുക, സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഒരു സ്ഥിരം സെക്രട്ടേറിയറ്റ് രൂപപവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കരടിലുണ്ട്.