ലീഗിന്റെ ‘സെയ്ഫ് സോണി’ല്‍ പ്രതീക്ഷയോടെ എല്‍ ഡി എഫ്

Posted on: March 7, 2016 4:08 am | Last updated: March 7, 2016 at 12:15 am

cpm4സംസ്ഥാന രാഷ്ട്രീയ4ത്തില്‍ നിലവില്‍ യു ഡി എഫിന് ‘സെയ്ഫ് സോണും’ ഇടതുപക്ഷത്തിന് ‘ഡേഞ്ചര്‍ സോണു’മാണ് മലപ്പുറം. എന്നാല്‍ ആഞ്ഞ് പിടിച്ചാല്‍ പല മണ്ഡലങ്ങളിലും യു ഡി എഫിനെ ഡേഞ്ചര്‍ സോണിലെത്തിക്കാന്‍ ഇടതുപക്ഷത്തിന് പ്രയാസമുണ്ടാകില്ലെന്നത് ജില്ലയുടെ മുന്‍കാല ചരിത്രമാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് മലപ്പുറത്ത് പടയോട്ടം ആരംഭിച്ച് കഴിഞ്ഞു. മലപ്പുറം, മഞ്ചേരി, മങ്കട, കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലാണ് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ അങ്കത്തിനിറങ്ങുന്നത്. കോട്ടക്കല്‍, വള്ളിക്കുന്ന്, കൊണ്ടോട്ടി എന്നിവിടങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളിടത്ത് സിറ്റിംഗ് എം എല്‍ എമാരാണ് മത്സരിക്കുന്നത്. വള്ളിക്കുന്നില്‍ നിലവിലെ മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കോട്ടക്കലില്‍ മുസ്‌ലിംലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, കൊണ്ടോട്ടിയില്‍ ജില്ലാ സെക്രട്ടറിമാരിലൊരാളായ ടി വി ഇബ്‌റാഹിം എന്നിവരാണ് പുതിയ സ്ഥാനാര്‍ഥികള്‍.
ഹമീദ് മാസ്റ്റര്‍ 2006ല്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് സി പി എം സ്ഥാനാര്‍ഥി വി ശശികുമാറിനോട് മത്സരിച്ച് 14003 വോട്ടുകള്‍ക്ക് പരാജയപ്പെട്ടയാളാണ്. ടി വി ഇബ്‌റാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പുതുമുഖങ്ങളാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതോടെ കോണ്‍ഗ്രസിനെ കാത്ത് നില്‍ക്കാതെ പ്രചാരണവുമായി ഒറ്റക്ക് മുന്നോട്ട് പോകാനാണ് മുസ്‌ലിം ലീഗ് തീരുമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകുന്നതിനാല്‍ അതുവരെ കാത്തിരിക്കേണ്ടെന്ന നിലപാടാണ് നേതാക്കള്‍ക്ക്.
നിലമ്പൂര്‍, വണ്ടൂര്‍, തവനൂര്‍, പൊന്നാനി എന്നീ നാല് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവയില്‍ നിലമ്പൂരിലും വണ്ടൂരിലും മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. വണ്ടൂര്‍ മണ്ഡലം പട്ടികജാതി സംവരണമായതിനാല്‍ സിറ്റിംഗ് എം എല്‍ എ. എ പി അനില്‍കുമാറിന് തന്നെയാണ് ഇത്തവണയും ഇവിടെ സാധ്യതയേറെയുള്ളത്. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന് പകരം മകന്‍ ശൗക്കത്തും കെ പി സി സി സെക്രട്ടറി വി വി പ്രകാശും അവകാശവാദവുമായി രംഗത്തുണ്ട്. തവനൂരില്‍ ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിക്കാണ് പ്രഥമ പരിഗണന. അല്ലെങ്കില്‍ മുന്‍ എം പി. സി ഹരിദാസ് മത്സര രംഗത്തുണ്ടാകും. പൊന്നാനിയില്‍ കെ പി സി സി സെക്രട്ടറി പി ടി അജയ്‌മോഹന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
മലപ്പുറം മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായതിനാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റിലും മത്സരിച്ചത് ലീഗ് സ്ഥാനാര്‍ഥികള്‍ തന്നെയായിരുന്നു. നാലില്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചു. ഇങ്ങനെ 14 സീറ്റുകളില്‍ വിജയിച്ച് യു ഡി എഫ് കരുത്ത് കാട്ടിയപ്പോള്‍ ഇടതുപക്ഷത്തിന് രണ്ട് സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. യു ഡി എഫിന് ഏറ്റവും കൂടുതല്‍ സീറ്റുകളും നേട്ടങ്ങളും സമ്മാനിക്കുന്ന ഇവിടെ വിജയം അരക്കിട്ടുറപ്പിക്കാനുള്ള തന്ത്രങ്ങളാണ് മുസ്‌ലിംലീഗ് മെനയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ജില്ലയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളായിരുന്നു.
മലപ്പുറം മണ്ഡലത്തില്‍ നിന്ന് പി ഉബൈദുല്ല എം എല്‍ എ 44,508 വോട്ടിന്റെ ഭൂരിപക്ഷം നേടി ഒന്നാമതെത്തിയപ്പോള്‍ വേങ്ങരയില്‍ നിന്ന് ജനവിധി തേടിയ പി കെ കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമത്. 38237 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. മലപ്പുറത്തെ ഈ ‘പച്ചത്തുരുത്തില്‍ കയറിക്കൂടാന്‍ ഇടതുപക്ഷത്തിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പ്രകടമായ മുസ്‌ലിം ലീഗ്- കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ പല മണ്ഡലങ്ങളിലും ഇനിയും പരിഹരിച്ചിട്ടില്ല. ഇത് മുതലെടുക്കാനാണ് എല്‍ ഡി എഫ് ശ്രമം. വണ്ടൂരില്‍ ലീഗ്- കോണ്‍ഗ്രസ് ചേരിപ്പോര് രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ ഇന്നലെയും യോഗം ചേര്‍ന്നു.
മലപ്പുറത്ത് ഹരിത പതാകക്ക് മീതെ വേണമെങ്കില്‍ ചെങ്കൊടിയും പാറിക്കളിക്കുമെന്ന് ഇടതുപക്ഷം തെളിയിച്ചിട്ടുണ്ട്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ടി കെ ഹംസയുടെ അട്ടിമറി വിജയം നേടി. 2006ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ മുസലിം ലീഗിലെ മൂന്ന് മന്ത്രിമാരെ ഇടതുമുന്നണി പരാജയപ്പെടുത്തി. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ കെ ടി ജലീലും തിരൂരില്‍ ഇ ടി മുഹമ്മദ് ബശീറിനെ അബ്ദുല്ല കുട്ടിയും മങ്കടയില്‍ എം കെ മുനീറിനെ മഞ്ഞളാംകുഴി അലിയും പരാജയപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രകടനങ്ങളുണ്ടായി. 2010ല്‍ ഒമ്പത് പഞ്ചായത്തുകളില്‍ ഒതുങ്ങികൂടിയവര്‍ ഇത്തവണ 30 പഞ്ചായത്തുകള്‍ കൈപിടിയിലാക്കിയത് ഈ വര്‍ധിത വീര്യത്തിന്റെ പ്രതിഫലനമാണ്. 2006ലെ നിയസഭാ തിരഞ്ഞെടുപ്പ് മലപ്പുറത്തെ മുസ്‌ലിംലീഗിന്റെ അടിത്തറ തന്നെ ഇളക്കുമുണ്ടാക്കിയെന്ന് വേണം പറയാന്‍. മുസ്‌ലിംലീഗിനോട് വിടപറഞ്ഞ് ഇടതുപാളയത്തിലേക്ക് ചേക്കേറിയ കെ ടി ജലീല്‍ പഴയ കുറ്റിപ്പുറം മണ്ഡലത്തില്‍ മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ചാണക്യന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ഇതേ വര്‍ഷം മങ്കടയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മഞ്ഞളാംകുഴി അലിയും പെരിന്തല്‍മണ്ണയില്‍ വി ശശികുമാറും തിരൂരില്‍ പി പി അബ്ദുല്ലക്കുട്ടിയും പൊന്നാനിയില്‍ പാലോളി മുഹമ്മദ്കുട്ടിയും മികച്ച വിജയവുമായാണ് നിയമസഭയിലെത്തിയത്. ഇത്തവണ പോരാട്ടത്തിനിറങ്ങുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥികളെ കുറിച്ച് അന്തിമ ചിത്രമായിട്ടില്ലെങ്കിലും സ്വതന്ത്ര പരീക്ഷണം നടത്തി അപ്രതീക്ഷിത വിജയം നേടാനാണ് എല്‍ ഡി എഫ് ശ്രമം. നിലവില്‍ പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തവനൂരില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച വിജയിച്ച കെ ടി ജലീലുമാണ് ജില്ലയില്‍ നിന്നുള്ള ഇടതുപക്ഷ എം എല്‍ എമാര്‍.
പെരിന്തല്‍മണ്ണയും തിരൂരുമെല്ലാം മുസ്‌ലീം ലീഗിന്റെ അപ്രമാദിത്വത്തില്‍ ഇടതുപക്ഷത്തിന് കൈവിടേണ്ടി വന്നെങ്കിലും തിരിച്ചു പിടിക്കാവുന്നവയാണെന്ന് അവര്‍ കണക്കുകൂട്ടുന്നു. പെരിന്തല്‍മണ്ണയില്‍ മുന്‍ എം എല്‍ എ കൂടി ആയിരുന്ന വി ശശികുമാറിനെയായിരിക്കും സി പി എം പരീക്ഷിക്കുക. പൊന്നാനിയിലും തവനൂരിലും നിലവിലുള്ള സിറ്റിംഗ് എം എല്‍ എമാര്‍ തന്നെ മത്സരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എം സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ട വി അബ്ദുര്‍റഹ്മാനായിരിക്കും താനൂരില്‍ നിന്ന് ജനവിധി തേടുക. ഇക്കാര്യത്തില്‍ ഏകദേശ ധാരണയാകുകയും രഹസ്യപ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ പത്ത് സീറ്റുകളിലാണ് സി പി എം മത്സരിച്ചത്. ഇതില്‍ മൂന്ന് സീറ്റുകളില്‍ സ്വതന്ത്രന്‍മാരെ നിര്‍ത്തിയായിരുന്നു പരീക്ഷണം. ജനാധിപത്യ മഹിളാ അസോസിയേഷനും ഡി വൈ എഫ് ഐക്കും ജില്ലയില്‍ സീറ്റുകളുണ്ടാകുമെന്നാണ് കരുതുന്നത്.
വേങ്ങര ഐ എന്‍ എല്ലിനും കോട്ടക്കല്‍ എന്‍ സി പിക്കും മലപ്പുറം ജനതാദള്‍ എസിനുമാണ് കഴിഞ്ഞ തവണ നല്‍കിയത്. സി പി ഐക്ക് മഞ്ചേരി, ഏറനാട്, തിരൂരങ്ങാടി സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാല്‍ ഈ മൂന്നിടത്തും വന്‍ പരാജയമായിരുന്നു സി പി ഐ സ്ഥാനാര്‍ഥികള്‍ക്ക്. ഏറനാട് മണ്ഡലത്തില്‍ സി പി ഐയുടെ അശ്‌റഫലി കാളിയത്ത് മൂന്നാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. 2700 വോട്ട് മാത്രമാണ് അശ്‌റഫലിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ സി പി ഐ ജില്ലയില്‍ സി പി എമ്മുമായി സീറ്റുകള്‍ വെച്ചുമാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ബി ജെ പി, എസ് ഡി പി ഐ സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പിന് മുന്നോടിയായി തലപൊക്കുമെങ്കിലും വിജയപരാജയങ്ങളില്‍ കാര്യമായ പങ്ക് വഹിക്കാറില്ല. ബി ജെ പി പതിനാറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറിയ രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ബി ജെ പിക്കുണ്ട്.