സിറിയന്‍ വെടിനിര്‍ത്തല്‍

Posted on: March 7, 2016 5:25 am | Last updated: March 6, 2016 at 8:27 pm

ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വന്‍ ശക്തികള്‍ നുഴഞ്ഞുകയറുകയും ഇസില്‍ ഭീകരവാദികള്‍ പിടിമുറുക്കുകയും ചെയ്തതോടെ ജനജീവിതം തീകുണ്ഠത്തിന് നടുവിലായിപ്പോയ സിറിയക്ക് നേരിയ സമാശ്വാസം പകരുന്നതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തല്‍. രണ്ടാഴ്ചത്തേക്ക് നിശ്ചയിച്ചിട്ടുള്ള വെടിനിര്‍ത്തലിന്റെ ഒരു വാരം പിന്നിട്ടിരിക്കുന്നു. പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ സൈന്യം ചിലയിടങ്ങളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് വിമത വിഭാഗം ആരോപിച്ചതൊഴിച്ചാല്‍ വലിയ കുഴപ്പങ്ങളില്ലാതെയാണ് ഈ വാരം കടന്ന് പോയത്. ഇസില്‍ സംഘത്തിന്റെയും അല്‍ഖാഇദയുടെ സിറിയന്‍ പതിപ്പായ അന്നുസ്‌റ ഫ്രണ്ടിന്റെയും ശക്തി കേന്ദ്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ രൂക്ഷമായ ആക്രമണങ്ങള്‍ നടക്കുന്നത്. നേരത്തേ സംഘര്‍ഷ ഭരിതമായിരുന്ന പലയിടങ്ങളിലും അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകള്‍ക്ക് ചെന്നെത്താന്‍ സാധിക്കുന്നുണ്ട്. പലായനമോ മരണമോ അല്ലാതെ വഴിയില്ലെന്ന നിലയിലെത്തിയ മനുഷ്യര്‍ക്ക് ഇത് പകരുന്ന ആശ്വാസം അമൂല്യമാണ്. മാത്രമല്ല, കൃത്യമായ ചര്‍ച്ചകളും ഇടപെടലുകളും ഉണ്ടെങ്കില്‍ ഏത് സംഘര്‍ഷ ഭൂമിക്കും സമാധാനത്തിലേക്ക് ഉണരാനാകുമെന്ന സന്ദേശവും പ്രതീക്ഷയും മുന്നോട്ട് വെക്കുന്നുണ്ട് ഈ വെടിനിര്‍ത്തല്‍. സിറിയയിലെ യു എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുറക്ക് അഭിമാനിക്കാം. റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിനും യു എസ് പ്രസിഡന്റ് ബരാക് ഒബാമക്കും ഇത്രയെങ്കിലും ചെയ്യാനായല്ലോയെന്ന് സമാശ്വസിക്കാം. പിടിവാശികള്‍ ഉപേക്ഷിച്ച് അനുരഞ്ജനത്തിന്റെയും സത്യസന്ധതയുടെയും വെളിച്ചത്തിലേക്ക് നടക്കാനുള്ള അവസരമായി ഈ നേതാക്കള്‍ക്ക് ഈ ഇടവേള ഉപയോഗിക്കുകയുമാകാം.
സിറിയയില്‍ മാത്രമല്ല, ഏത് സംഘര്‍ഷ ഭൂമിയിലും സാമ്രാജ്യത്വ ശക്തികള്‍ ദീര്‍ഘവും ഹ്രസ്വവും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ലക്ഷ്യങ്ങളോടെ ഇടപെടുമ്പോഴാണ് സ്ഥിതി സങ്കീര്‍ണമാകുന്നതെന്ന വസ്തുതയാണ് ഈ വെടിനിര്‍ത്തല്‍ കാലത്ത് ഉയര്‍ന്ന് നില്‍ക്കുന്നത്. ബശര്‍ അല്‍ അസദിനെ താഴെയിറക്കാന്‍ 2011ലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിനെ ജനാധിപത്യ പ്രക്ഷോഭമെന്നും മുല്ലപ്പൂ വിപ്ലവത്തിന്റെ ഭാഗമെന്നും വിളിക്കുന്നത് നിരുത്തരവാദപരമായ അപദാനമാണെന്ന് പിന്നീട് അരങ്ങേറിയ സംഭവവികാസങ്ങള്‍ തെളിയിച്ചു. കലാപത്തില്‍ അമേരിക്കയാണ് ആദ്യം കക്ഷി ചേര്‍ന്നത്. അതോടെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ പരിമിതമായ ഉള്ളടക്കം പോലും അപ്രത്യക്ഷമാകുകയും ശത്രുതാപരമായ സായുധ കലാപത്തിലേക്ക് ഭീകരരൂപം പ്രാപിക്കുകയും ചെയ്തു. വിമതഗ്രൂപ്പുകള്‍ക്ക് അമേരിക്ക തരാതരം ആയുധം എത്തിച്ചുകൊടുത്തു.
മറുപുറത്ത് ബശര്‍ ഭരണകൂടം അതിക്രൂരമായാണ് ഈ സായുധ സംഘങ്ങളെ നേരിട്ടത്. രാസായുധങ്ങളടക്കം എല്ലാ തരം നിഗ്രഹോപാധികളും അദ്ദേഹം സ്വന്തം ജനതക്ക് മേല്‍ പ്രയോഗിച്ചു. സ്വകാര്യ സേനകളെയും തന്റെ കൂടെ നില്‍ക്കാന്‍ തയ്യാറുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളെയും അസദ് ഉപയോഗിച്ചു. പിതാവിന്റെ കാലത്ത് നടന്ന ഹുമ കൂട്ടക്കൊലയുടെ ചെറുപതിപ്പുകള്‍ രാജ്യത്തുടനീളം ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്നത് വ്യക്തമാണ്. അമേരിക്കന്‍ ചേരിയുടെ ഇടപെടലാണ് ഈ നിലയിലേക്ക് കാര്യങ്ങള്‍ വഷളാക്കിയത്. തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ബന്ധം സാധ്യമാകുകയും അവര്‍ ആയുധവത്കരിക്കപ്പടുകയും ചെയ്തപ്പോള്‍ ബശര്‍ അല്‍ അസദ് കൂടുതല്‍ അക്രമാസക്തനാകുകയായിരുന്നു. അലവൈറ്റ് ശിയാ വിഭാഗക്കാരനായ ബശറിന്റെ ഓരം ചേര്‍ന്ന് ഇറാനും ലബനാനും വന്നതോടെ വംശീയതയുടെ തലം കൂടി കൈവന്നു. ഈ ഘട്ടത്തില്‍ യു എന്നില്‍ സിറിയ വിഷയമാകുകയും അന്താരാഷ്ട്ര സൈന്യം സിറിയന്‍ ആകാശത്തും മണ്ണിലുമിറങ്ങുമെന്ന് വരികയും ചെയ്തപ്പോഴാണ് റഷ്യ നേരിട്ടെത്തിയത്. രാസായുധങ്ങള്‍ നശിപ്പിക്കാമെന്ന വ്യവസ്ഥയില്‍ ഒപ്പുവെപ്പിച്ച് ബശറിനെ റഷ്യ രക്ഷിച്ചെടുത്തു. ഇസില്‍ തീവ്രവാദികളുടെ വ്യാപനത്തോടെ പ്രതിസന്ധിയുടെ പുതിയ ഒരു ഘട്ടത്തിലേക്ക് സിറിയ പ്രവേശിക്കുകയായിരുന്നു. ഇസില്‍വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി അമേരിക്കന്‍ ചേരി സിറിയയില്‍ എത്തി. ഇതേ ലക്ഷ്യം തന്നെയാണ് വ്യോമാക്രമണം തുടങ്ങിയപ്പോള്‍ റഷ്യയും പറഞ്ഞത്. എന്നാല്‍ അവരുടെ യഥാര്‍ഥ ലക്ഷ്യം ബശര്‍വിരുദ്ധ വിമത ഗ്രൂപ്പുകളാണെന്ന് അമേരിക്ക മാത്രമല്ല തുര്‍ക്കിയും നിരവധി സന്നദ്ധ ഗ്രൂപ്പുകളും ആരോപിച്ചു. ആ ആരോപണത്തില്‍ കഴമ്പുണ്ടായിരുന്നു താനും.
ചുരുക്കത്തില്‍, സിറിയയില്‍ ഇടപെട്ടവരെല്ലാം അവരവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. രണ്ടര ലക്ഷം പേര്‍ മരിച്ചുവീണു. 10 ലക്ഷം പേര്‍ അഭയാര്‍ഥികളായി. വാസയോഗ്യമല്ലാത്ത ഇടമായി ഈ രാജ്യം അധഃപതിച്ചു. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ചരിത്ര ശേഷിപ്പുകള്‍ തുടച്ചുനീക്കുന്നു. റഷ്യയും അമേരിക്കയും മാത്രം മനസ്സുവെച്ചാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് വെടിനിര്‍ത്തല്‍ വിജയത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. പുടിന്റെ ആത്മാര്‍ഥതയെക്കുറിച്ച് നിരന്തം സംസാരിക്കുന്ന യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും കൂട്ടരും സ്വന്തം നിലപാടില്‍ ആത്മവിചാരണ നടത്തട്ടേ. ഇരു പക്ഷവും കക്ഷി ചേരല്‍ അവസാനിപ്പിക്കണം. സിറിയന്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരമാണ് ആദ്യം വേണ്ടത്. വ്യവസ്ഥാപിതമായ ഭരണമുള്ള ഒരു രാജ്യത്തും ഇസില്‍ ഭീകരര്‍ക്ക് വേരുറക്കാനാകില്ലെന്നോര്‍ക്കണം.