സുഗന്ധ വിപണിയില്‍ വളര്‍ച്ച

Posted on: March 6, 2016 8:22 pm | Last updated: March 6, 2016 at 8:22 pm

fragranceദോഹ: മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക (എം ഇ എ) മേഖലയിലെ സുഗന്ധ വിപണിയില്‍ ഏഴ് ശതമാനത്തിന്റെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 5.2 ബില്യന്‍ ഡോളറിന്റെതായിരുന്നു സുഗന്ധ വിപണി. ലാറ്റിന്‍ അമേരിക്ക കഴിഞ്ഞാല്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക വിപണിയാണ് സുഗന്ധ മേഖലയില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് ലണ്ടന്‍ ആസ്ഥാനമായ വിപണി ഗവേഷണ കമ്പനിയായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാറ്റിന്‍ അമേരിക്കയില്‍ 31 ശതമാനത്തിന്റെ (5.8 ബില്യന്‍ ഡോളര്‍) വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, ചൈനയിലും റഷ്യയിലും സുഗന്ധ വിപണി തളര്‍ച്ച നേരിട്ടു. ആഗോള സുഗന്ധ ഉപഭോക്താക്കള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക വിപണിയെ കൂടുതലായി ആശ്രയിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. മേഖലയില്‍ സഊദി അറേബ്യയും ദുബൈയുമാണ് സുഗന്ധ വിപണിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. സഊദിയുടെത് 1.7 ബില്യന്‍ ഡോളറും ദുബൈയുടെത് 423 മില്യന്‍ ഡോളറുമാണ് വിപണി. മൊത്തം മേഖലയിലെ 2019 വരെ 1.8 ബില്യന്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ഷിക വളര്‍ച്ച 6.5 ശതമാനമായിരിക്കും.
വടക്കന്‍ അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ചയാണ് കണക്കാക്കുന്നത്. ആഗോള വ്യവസായ തോതിന്റെ 60 ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്നത് മിഡില്‍ ഈസ്റ്റ് ആണെന്ന് യൂറോഫ്രാഗ്രന്‍സ് കണ്‍ട്രി മാനേജര്‍ ശൈഖ് സമാന്‍ പറഞ്ഞു. മെയ് 15 മുതല്‍ ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര സുഗന്ധ പ്രദര്‍ശനം മേഖലക്ക് ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.