വേതനമുറപ്പു സംവിധാനം അഥവാ ഡബ്ല്യു പി എസ്

Posted on: March 6, 2016 8:14 pm | Last updated: March 6, 2016 at 8:14 pm

വിദേശികളായ ജോലിക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ഖത്വര്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന സംവിധാനമാണ് ഡബ്ല്യു പി എസ്. കഴിഞ്ഞ നവമ്പറിലാണ് പ്രാബല്യത്തില്‍ വന്നത്. ഇലക്‌ട്രോണിക് സംവിധാനത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങള്‍ (ബേങ്കുകള്‍) മുഖേനയാണ് ഈ സംവിധാനത്തില്‍ വേതനം നല്‍കുന്നത്.
സാധാരണ ബേങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചുള്ള വിതരണ സംവിധാനത്തിനു പുറമേ ചെറിയ ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് സാലറി കാര്‍ഡ് എന്ന പേരിലുള്ള പ്രത്യേക ബേങ്ക് കാര്‍ഡ് നല്‍കി ശമ്പള വിതരണം നടത്തി വരുന്നു. ശമ്പളമായി കമ്പനി നിക്ഷേപിക്കുന്ന തുക പിന്‍വലിക്കുന്നതിനും അക്കൗണ്ടില്‍ ബാലന്‍സുള്ള തുകക്ക് അനുസരിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നതിനും മാത്രം കഴിയുന്നതാണ് ഈ കാര്‍ഡ്. മറ്റു ബേങ്കിടപാടുകള്‍ ഈ അക്കൗണ്ടില്‍ സാധ്യമല്ല.
ഒരു സ്ഥാപനത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് നമ്പറില്‍ (കമ്പ്യൂട്ടര്‍ കാര്‍ഡ്) രാജ്യത്ത് എത്തിയ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കിയിരിക്കണം എന്നാണ് നിയമം. ഐ ഡി കാര്‍ഡിന് അപേക്ഷിക്കാത്തവര്‍ക്ക് അവരുടെ വിസാ നമ്പര്‍ മുഖേന ബേകില്‍ അക്കൗണ്ട് തുറക്കാനുള്ള സൗകര്യമുണ്ട്. ഐ ഡി ലഭിച്ചാല്‍ വിവരം ബേങ്കില്‍ അപ്‌ഡേറ്റു ചെയ്താല്‍ മതിയാകും.
സ്‌പോണ്‍സറുടെ (തൊഴിലുടമയുടെ) അനുമതിയോടെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം എങ്ങനെ ഡബ്ല്യു പി എസ് വഴി നല്‍കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തൊഴിലുടമക്കാണ് അതിന്റെ ബാധ്യതയെങ്കിലും യഥാര്‍ഥ തൊഴിലുടമയും താത്കാലിക തൊഴിലുടമയും ധാരണയിലെത്തുന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭികാമ്യം. തൊഴിലാളിക്ക് നിശ്ചയിച്ച വേതനം നല്‍കുമ്പോള്‍ കുറവു വരുത്താന്‍ പാടില്ല. വേതനത്തില്‍ കുറവു വരുത്തല്‍ അനിവാര്യമാണെങ്കില്‍ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനവും അലവന്‍സുകളുടെ പതിനഞ്ചു ശതമാനവുമേ ഇളവുണ്ടാകാവൂ. (മൊത്തം ശമ്പളത്തിന്റെ 25 ശതമാനം) ശമ്പളത്തോടൊപ്പം നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും വേതനമുറപ്പു സംവിധാനം വഴി തന്നെ കൊടുത്തിരിക്കണം. ഓവര്‍ ടൈം, അവധിക്കാല ശമ്പളം, ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഇവയെല്ലാം ഡബ്ല്യു പി എസ് മുഖേന തന്നെ വിതരണം ചെയ്യണം. മാസ ശമ്പളത്തിന്റെ ദിവസം വ്യത്യസ്ത രീതിയിലായിരുന്നു നേരത്തേ കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ മുപ്പതു ദിവസം എന്ന നിലയാലാണ് മാസ ശമ്പളം നിശ്ചയിക്കേണ്ടതെന്നാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.
ഒരു കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വിസയുള്ള ബ്രാഞ്ചിന്റെ കമ്പ്യൂട്ടര്‍ കാര്‍ഡ് നമ്പരിലാണ് ശമ്പളം നല്‍കേണ്ടത്. ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ശമ്പളം കേന്ദ്രീകൃതമാക്കുക ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധമായി വിശദീകരിക്കുന്ന ഐക്കണ്‍ കാണാം. ബുധനാഴ്ചകളില്‍ നജ്മയിലെ ലേബര്‍ വിഭാഗത്തില്‍ ഈ വിഷയത്തില്‍ ട്രെയിനിംഗ് നടന്നു വരുന്നു. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് പരിശീലനം.
ഒരു തൊഴിലാളിയുടെ ഓവര്‍ ടൈം പ്രതിമാസം 55 മണിക്കൂറില്‍ വര്‍ധിക്കാന്‍ പാടില്ലെന്ന നിയമവും വേതനമുറപ്പു സംവിധാനത്തിന്റെ പരിധിയില്‍ വരും.