നടന്‍ കലാഭവന്‍ മണി അന്തരിച്ചു

Posted on: March 6, 2016 7:27 pm | Last updated: March 7, 2016 at 11:17 am

kalabhavan mani

തൃശൂര്‍: ഹാസ്യത്തിനു പുറമെ ഗൗരവപ്രധാനമായ കഥാപാത്രങ്ങളും വിദഗ്ധമായി കൈകാര്യം ചെയ്ത് ചലച്ചിത്രാസ്വാദകരെ രസിപ്പിച്ച കലാഭവന്‍ മണി (45) അന്തരിച്ചു. കരള്‍രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ കാരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ആന്തരീകാവയവത്തില്‍ വിഷാംശം കലര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ 1971 ജനുവരി ഒന്നിന് ചേനത്തുനാട് കുന്നിശ്ശേരി വീട്ടില്‍ രാമന്റെയും അമ്മിണി രാമന്റെയും മകനായി ജനിച്ച മണി, കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. അക്ഷരം എന്ന സിനിമയില്‍ ഓട്ടോ ഡ്രൈവറുടെ വേഷമിട്ടാണ് മണി ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്.
സഹനടനായി തുടങ്ങി പിന്നീട് നായകന്‍, വില്ലന്‍ വേഷങ്ങളിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയത്തിന് 1999ലെ സംസ്ഥാന ജൂറി പുരസ്‌കാരം മണി കരസ്ഥമാക്കി. 2000ത്തിലെ പ്രത്യേക ജൂറി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. മലയാളത്തിനു പുറമെ തമിഴ് തെലുഗു ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിമ്മിയാണ് ഭാര്യ. ഏക മകള്‍: ശ്രീലക്ഷ്മി.