പി ടി ഉഷക്ക് വീട് നിര്‍മിക്കാന്‍ സ്‌കൂള്‍ ഗ്രൗണ്ട്: പ്രതിഷേധം ശക്തം

Posted on: March 6, 2016 2:27 pm | Last updated: March 6, 2016 at 2:27 pm

p t ushaകോഴിക്കോട്: ഒളിമ്പ്യന്‍ പി ടി ഉഷക്ക് വീട് നിര്‍മിക്കുന്നതിന് സ്‌കൂള്‍ ഗ്രൗണ്ട് ഏറ്റെടുത്ത് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. വെസ്റ്റ്ഹില്ലിലെ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ 10 സെന്റ് സ്ഥലം വിട്ടുനല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് സ്‌കൂള്‍ പി ടി എയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളജ്, ഗവ. പോളിടെക്‌നിക് കോളജ്, വെസ്റ്റ് ഹില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, എന്നീ സ്ഥാപനങ്ങള്‍ക്ക് പുറമെ സമീപ പ്രദേശത്തുള്ള നിരവധി സ്‌കൂളുകളും റസിഡന്റ്‌സ് അസോസിയേഷനുകളും സ്‌പോര്‍ട്‌സ് ക്ലബുകളും കായിക പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്ന മൈതാനമാണ് പി ടി ഉഷക്ക് നല്‍കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. ആവശ്യത്തിന് കളിസ്ഥലമില്ലാതെ പ്രയാസപ്പെടുന്ന നഗരത്തില്‍ അവശേഷിക്കുന്ന ഗ്രൗണ്ട് കൂടി നഷ്ടപ്പെടുത്തുന്ന നീക്കത്തിനെതിരെ വെസ്റ്റ്ഹില്‍ പ്രദേശത്താകെ പോസ്റ്ററുകള്‍ നിറഞ്ഞിട്ടുണ്ട്.

ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് ഭൂമി കൈമാറ്റം തടയുമെന്ന് പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിബന്ധനകള്‍ പ്രകാരം ടെക്‌നിക്കല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന് ചുരുങ്ങിയത് രണ്ടര ഏക്കര്‍ സ്ഥലമെങ്കിലും വേണമെന്നിരിക്കേ വെസ്റ്റ്ഹില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഒന്നര ഏക്കര്‍ സ്ഥലത്ത് ഏറെ പരിമിതികള്‍ക്ക് നടുവിലാണ്. ഈ പ്രയാസങ്ങളില്‍ സ്‌കൂള്‍ മുന്നോട്ട് പോകുമ്പോഴാണ് ഭൂമി വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സ്‌കൂള്‍ പി ടി എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ജൂലൈയില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, സ്‌കൂള്‍ സൂപ്രണ്ടിനോട് അഞ്ച് സെന്റ് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമാരാഞ്ഞ് ഫാക്‌സ് സന്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി സ്‌കൂളിന്റെ സ്ഥലപരിമിതികളും ശോചനീയാവസ്ഥയും വിശദീകരിച്ചുകൊണ്ട് ഒരു സെന്റ് ഭൂമി പോലും വിട്ടുനല്‍കാന്‍ കഴായാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് 10 സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ കാര്യം ശ്രദ്ധയില്‍പെട്ടതെന്ന് പി ടി എ ഭാരവാഹികള്‍ പറഞ്ഞു.

സെന്റിന് 30 ലക്ഷത്തോളം രൂപ വിലയുള്ള സ്ഥലമാണ് പി ടി ഉഷക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി ടി എ പ്രസിഡന്റ് പാനൂര്‍ തങ്കം, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ വി ബാബുരാജ്, പി ടി എ അംഗങ്ങളായ കുഞ്ഞിക്കാമു, സന്തോഷ് കുമാര്‍, സുനില്‍, ഷൈബു, മണികണ്ഠന്‍ സംബന്ധിച്ചു.