ബാലനീതി നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകള്‍ നീക്കണം: കേരള മുസ്‌ലിം ജമാഅത്ത്

Posted on: March 6, 2016 12:21 pm | Last updated: March 6, 2016 at 12:21 pm

കോഴിക്കോട്: അനാഥ – അഗതി സ്ഥാപനങ്ങള്‍ ബാലനീതി നിയമത്തിന് വിധേയമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പേരില്‍ പരമ്പരാഗതമായി നിയമ വിധേയമായി പ്രവര്‍ത്തിച്ചുവരുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങളെയും പതിനായിരക്കണക്കിന് കുട്ടികളെയും പ്രതിസന്ധിയിലാക്കുന്ന സമീപനം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമാകുന്നതും, അപ്രായോഗികവുമായ ബാലനീതി നിയമത്തിലെ വ്യവസ്ഥകള്‍ നീക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

കേരള മുസ്‌ലിം ജമാഅത്ത് വിഭാവനം ചെയ്യുന്ന സമഗ്ര പ്രവര്‍ത്തന പദ്ധതികള്‍ക്ക് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ എക്‌സിക്യൂട്ടീവ് യോഗം രൂപം നല്‍കി. സമൂഹത്തില്‍ വ്യാപകമായ സാംസ്‌കാരിക ജീര്‍ണതകള്‍ക്കെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തന പരിപാടികള്‍ മഹല്ല് ജമാഅത്തുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ മഹല്ല് ജമാഅത്തുകളിലും തര്‍ബിയത്ത് സംഗമങ്ങള്‍ സംഘടിപ്പിക്കും.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. ചര്‍ച്ചയില്‍ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്‍ കരീംഹാജി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അഡ്വ. പി യു അലി, എം എന്‍ സിദ്ദീഖ് ഹാജി, അപ്പോളോ മൂസ ഹാജി, എ. അഹ്മദ് കുട്ടിഹാജി എറണാകുളം, പ്രൊഫ. യു സി അബ്ദുല്‍ മജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു എന്‍ അലി അബ്ദുല്ല സ്വാഗതവും അഡ്വ. എ കെ ഇസ്മാഈല്‍ വഫ നന്ദിയും പറഞ്ഞു.