മലമ്പുഴ വീണ്ടും രാഷ്ട്രീയ ചര്‍ച്ചയിലേക്ക്

Posted on: March 6, 2016 12:04 pm | Last updated: March 6, 2016 at 12:04 pm

v sപാലക്കാട്: മലമ്പുഴ മണ്ഡലം നാലാമതും രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടുകയാണ്. ആദ്യം സ്ഥാനാര്‍ഥി നിഷേധത്തെ തുടര്‍ന്ന് മലമ്പുഴയില്‍ വി എസിന്റെ സ്ഥാനാര്‍ഥിത്വം ചരിത്രമായിരുന്നു. എന്നാല്‍ പ്രായപരിധി കഴിഞ്ഞിട്ടും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും പോളിറ്റ് ബ്യൂറോയു ടെപ്രത്യേക നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥിയായി മലമ്പുഴയില്‍ വി എസ് എത്തുന്നതാണ് ഇത്തവണത്തെ പ്രത്യേകത.

വി എസിനെ സംബന്ധിച്ചിടത്തോളം ഇത് തിരഞ്ഞടുപ്പിലെ അവസാനത്തെ പോരാട്ടമായിരിക്കും. അത് കൊണ്ട് തന്നെ ഇത്തവണ വി എസിന്റെ പോരാട്ടത്തിനും വീറും വാശിയും ഏറുമെന്നുറപ്പാണ്.

കഴിഞ്ഞ തവണ വി എസ് അച്യുതാനന്ദന്‍ മല്‍സരിക്കേണ്ടെന്നാണു പാര്‍ട്ടി നേതൃത്വം ആദ്യം തീരുമാനിച്ചത്. അതിനാല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പ്രഭാകരന്റെ പേര് ജില്ലാ നേതൃത്വം മലമ്പുഴ മണ്ഡലത്തിലേക്കു ശിപാര്‍ശ ചെയ്തിരുന്നു. പ്രഭാകരന്റെ പേരില്‍ മണ്ഡലത്തിലെ ഏതാനും സ്ഥലങ്ങളില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. വിവാദങ്ങള്‍ക്കൊടുവില്‍ വി എസിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ ജില്ലാ നേതൃത്വത്തിന്റെ ശിപാര്‍ശ തള്ളി വി എസിന്റെ പേര് എഴുതിച്ചേര്‍ത്തു.

മലമ്പുഴ മണ്ഡലത്തില്‍ ടി ശിവദാസമേനോന്‍ മല്‍സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേര് ജില്ലാ നേതൃത്വമാണു നിര്‍ദേശിച്ചത്. പിന്നീട് അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായതോടെ സംസ്ഥാന നേതൃത്വമാണ് പേരു നിര്‍ദേശിച്ചത്. ചരിത്രവും കണക്കും ഒരിക്കലും മലമ്പുഴയില്‍ യു ഡി എഫിനെ തുണക്കുന്നില്ല. വി എസ് അല്ല സ്ഥാനാര്‍ഥിയെങ്കില്‍ എളുപ്പത്തില്‍ വിട്ടുകളയേണ്ട മണ്ഡലമല്ല മലമ്പുഴയെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍. നാട്ടുകാരനായ സ്ഥാനാര്‍ഥിയാണെങ്കില്‍ കഥ മാറുമെന്ന പ്രതീക്ഷയുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടും തദ്ദേശ തിരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും നല്‍കുന്ന ആത്മവിശ്വാസത്തില്‍ പൊരുതാമെന്ന പ്രതീക്ഷയാണ് ബി ജെ പിക്ക്. എന്നാല്‍ വി എസ് അച്യുതാനന്ദന്‍ സ്ഥാനാര്‍ഥിയാകുന്നതോടെ പാര്‍ട്ടിക്കുള്ളിലും പ്രതിപക്ഷത്തിനും ഏറെ കോളിളക്കം സൃഷ്ടിക്കും. ഏതായാലും മലമ്പുഴയില്‍ വി എസ് സ്ഥാനാര്‍ഥിയായാലും ഇല്ലെങ്കിലും മലമ്പുഴ രാഷ്ടീയചരിത്രത്തില്‍ ഇടം നേടുമെന്നതാണ് പ്രത്യേകത.