കൊടുവള്ളിയിലും തിരുവമ്പാടിയിലും ലീഗിന് ആത്മവിശ്വാസം നഷ്ടമാകുന്നു

Posted on: March 6, 2016 11:58 am | Last updated: March 6, 2016 at 11:58 am

IUMLകോഴിക്കോട്:തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പെ പോരാളികളെ നിശ്ചയിച്ച്, ആത്മവിശ്വാസത്തോടെ ഗോദയിലിറങ്ങിയ മുസ്‌ലിം ലീഗിന് കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ പ്രതിസന്ധി. ലീഗിന്റെ പച്ചത്തുരുത്തായ കൊടുവള്ളിയില്‍ 2006ല്‍ അനുഭവിച്ചത്‌പോലുള്ള വിമത ഭീഷണിയാണ് പ്രശ്‌നമെങ്കില്‍, തിരുവമ്പാടിയില്‍ യു ഡി എഫിന്റെ വോട്ട ്‌ബേങ്കെന്ന് പറയപ്പെടുന്ന ക്രിസ്തീയ സഭയുടെ വിയോജിപ്പാണ് പ്രശ്‌നം. കൊടുവള്ളിയില്‍ ലീഗിന്റെ മണ്ഡലം സെക്രട്ടറി കാരാട്ട് റസാഖ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം സി പി എം നേതാക്കളായ എളമരം കരീം, പി മോഹനന്‍ മാസ്റ്റര്‍, പി ടി എ റഹീം എം എല്‍ എ എന്നിവരുമായി റസാഖ് രഹസ്യ കൂടിക്കാഴ്ച നടത്തി. എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയതായാണ് വിവരം. പാര്‍ട്ടി അംഗത്വം രാജിവെച്ച് അദ്ദേഹം മത്സര രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കയാണ്. ഇപ്പോള്‍ തന്നെ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം തുടങ്ങി.

കൊടുവള്ളിയില്‍ ഏറെക്കാലമായി ലീഗില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ അവസാനമായാണ് കരാട്ട് റസാഖ് പാര്‍ട്ടി വിടുന്നത്. മുന്‍പഞ്ചായത്ത് ഭരണ സമിതിയിലെ ചിലയാളുകുളുമായുണ്ടായ അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നില്ല.

അഴിമതി ആരോപണം നേരിട്ടവര്‍ക്ക് വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് മാറിനിന്നത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പ്രചാരണ യോഗങ്ങളിലും അദ്ദേഹം രംഗത്തെത്തിയിരുന്നില്ല. കൊടുവള്ളി മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച റസാഖിന് വലിയ വ്യക്തിബന്ധങ്ങളാണ് കൊടുവള്ളിയിലുള്ളത്. കൂടാതെ ബിസിനസ് രംഗത്തും മറ്റുമായി വലിയ സൗഹൃദ വലയം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ പി ടി എ റഹീം എല്‍ എയുടെ നേതൃത്വത്തില്‍ നേരത്തെ ചരടുവലി തുടങ്ങിയിരുന്നു. എം എ റസാഖ് ലീഗ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയാല്‍ കാരാട്ട് റസാഖ് ഇടത് സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു.

2006ല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന പി ടി എ റഹീം ഇടത് സ്വതന്ത്രനായി കൊടുവള്ളിയില്‍ നിന്ന് അട്ടിമറി വിജയം നേടിയിരുന്നു. റഹീമിനെ തഴഞ്ഞ് അന്ന് സിറ്റിംഗ് സീറ്റ് ലീഗ് കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ കെ മുരളീധരനെയാണ് റഹീം തോല്‍പ്പിച്ചത്. സമാന അനുഭവം ഇത്തവണയും ഉണ്ടാകുമെന്ന് പ്രമുഖ റഹീം ലീഗ് നേതാവ് പ്രതികരിച്ചു.
എന്നാല്‍ കാരാട്ട് റസാഖ് പാര്‍ട്ടിവിട്ടതായ വാര്‍ത്ത സംബന്ധിച്ച് തങ്ങള്‍ക്ക് വിവരവുമില്ലെന്ന് ലീഗ് നേതാവ് പ്രതികരിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി എം എ റസാഖിന്റെ വിജയത്തിനായിപ്രവര്‍ത്തിക്കുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചു. സംസ്ഥാന- ജില്ലാ കമ്മിറ്റിയുടെയും പാര്‍ട്ടി നേതാക്കളുടെയും പൂര്‍ണ പിന്തുണയോടെയാണ് എം എ റസാഖ് സ്ഥാനാര്‍ഥിയാകുന്നത്.

പ്രാദേശികതലത്തില്‍ അദ്ദേഹത്തിന് എതിര്‍പ്പില്ല. ശക്തികേന്ദ്രമായ കൊടുവള്ളിയില്‍ മികച്ച വിജയം എം എ റസാഖ് കരസ്ഥമാക്കുമെന്നും ലീഗ് നേതൃത്വം പറഞ്ഞു.
കൊരമ്പയില്‍ അഹമ്മദ്ഹാജിയെ പോലുള്ള മുസ്‌ലിം ലീഗ് നേതാക്കന്‍മാര്‍ പതിനായിരക്കണക്കിന് വോട്ടിന് ജയിച്ച് കയറിയ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപിച്ചതോടെ പ്രധിഷേധവുമായി ക്രിസ്തീയ സഭാ നേതൃത്വം രംഗത്തെത്തുകയായിരുന്നു.

കൊടുവള്ളിയിലെ സിറ്റിംഗ് എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്ററെയാണ് തിരുവമ്പാടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് കൂടി സ്വീകാര്യനായ ഒരാള്‍ വേണം തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയാകാനെന്നും ലീഗ് സ്ഥാനാര്‍ഥിയെ അംഗീകരിക്കാനാകില്ലെന്നും താമരശ്ശേരി രൂപതയും മലയോര സംരക്ഷണ സമിതിയും പറയുന്നു. മലയോര കര്‍ഷകരുടെ വികാരം അറിയുകയും അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളായിരിക്കണം തിരുവമ്പാടിയില്‍ മത്സരിക്കേണ്ടതെന്നാണ് ഇവര്‍ പറയുന്നത്.

ലീഗിന്റെ സിറ്റിംഗ് മണ്ഡലമായ തിരുവമ്പാടിയില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ധാരണയുണ്ടായിരുന്നതായും ഇവര്‍ പറയുന്നു.
കുടിയേറ്റ കര്‍ഷകര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവമ്പാടി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ പതിവാണ്. കൂടുതലും യു ഡി എഫിനോട് മൃദു സമീപനമാണ് ഇവര്‍ക്കുണ്ടാകാറുള്ളത്. സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ ലീഗിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന താമരശ്ശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും പ്രസ്താവനയെ ഗൗരവത്തോടെയാണ് യു ഡി എഫ് നേതൃത്വം കാണുന്നത്.

തിരുവമ്പാടി മണ്ഡലത്തിലെ പഴയ രാഷ്ട്രീയ അവസ്ഥയല്ല ഇന്നുള്ളത്. മുന്‍കാലങ്ങളില്‍ യു ഡി എഫിന് വ്യക്തമായ മേധാവിത്വമുണ്ടായിരുന്ന മണ്ഡലത്തില്‍ അവസാനം നടന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റം നടത്താന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. യു ഡി എഫിന് പ്രത്യേകിച്ച് മുസ്‌ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള താമരശ്ശേരി പഞ്ചായത്ത് കൊടുവള്ളിയുടെ ഭാഗമായതും എല്‍ ഡി എഫിന് സ്വാധീനമുള്ള മുക്കം അടക്കമുള്ള പ്രദേശങ്ങള്‍ തിരുവമ്പാടിയുടെ ഭാഗമായതുമാണ് ഇതിന് കാരണം. ഈ സാഹചര്യത്തതില്‍ സഭാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയരുന്നത് യു ഡി എഫില്‍ ആശങ്കയേറ്റുന്നു.

എന്നാല്‍ താമരശ്ശേരി രൂപതയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭാ നേതൃത്വവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വരും ദിവസങ്ങളിള്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കന്‍മാര്‍ അരമനയിലെത്തി സഭാ നേതാക്കളെ കാണുമെന്നാണ് അറിയുന്നത്.