ഒറ്റക്കുട്ടി നയം: വലിയ വില നല്‍കേണ്ടിവന്നുവെന്ന് ചൈന

Posted on: March 6, 2016 8:12 am | Last updated: March 6, 2016 at 12:13 am
SHARE

one childബീജിംഗ്: മൂന്ന് പതിറ്റാണ്ടു കാലം തുടര്‍ന്നു വന്ന ഒറ്റക്കുട്ടി നയത്തിന് ചൈനീസ് ജനത വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ടെന്ന് ചൈനീസ് അധികൃതരുടെ ഖേദപ്രകടനം. ചൈനീസ് നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍ പി സി)വക്താവ് ഫു യിംഗ് ആണ് ഒറ്റക്കുട്ടി നയത്തില്‍ സംഭവിച്ച പാളിച്ചകളെ തുറന്നുകാട്ടി രംഗത്തെത്തിയത്. അടുത്തിടെ ഈ നയത്തില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ പിന്‍മാറുകയും ചൈനീസ് ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാകാമെന്ന പുതിയ നിയമത്തിലേക്ക് ചുവടുമാറുകയും ചെയ്തിരുന്നു.

ചൈനീസ് ജനതയുടെ വലിയൊരു ഭാഗം പ്രായമായ ആളുകളാകുകയും യുവാക്കളുടെ എണ്ണത്തില്‍ ഭീമമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തത് ചൈനയെ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം, ഒറ്റക്കുട്ടി നയം ചൈനീസ് ജനസംഖ്യ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചതായും അധികൃതര്‍ സമ്മതിക്കുന്നു. ഒറ്റക്കുട്ടി നയത്തില്‍ നിന്ന് ഇരട്ടക്കുട്ടി നയത്തിലേക്കുള്ള ചൈനയുടെ നയംമാറ്റം ചരിത്രസംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

ഒറ്റക്കുട്ടി നയത്തിന് ചൈനീസ് ജനത വലിയ വില നല്‍കേണ്ടിവന്നു. വ്യക്തികളാണ് ഇതിന്റെ പ്രയാസം അനുഭവിച്ചത്. ശരിയായ സമയത്താണ് ഇരട്ടക്കുട്ടി നയത്തിലേക്ക് ചൈന ചുവടുമാറ്റിയിരിക്കുന്നത്. സമൂഹത്തിലെ പ്രായമായ ആളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ സര്‍ക്കാര്‍ അഭിമുഖീകരിക്കുമെന്നും എന്‍ പി സി വക്താവ് ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ജനുവരി ഒന്നുമുതലാണ് പുതിയ ഇരട്ടക്കുട്ടി നയം ചൈനയില്‍ നിലവില്‍ വന്നത്. 2014 അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൈനയില്‍ 60 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരുടെ എണ്ണം 22.1 കോടി കവിഞ്ഞിരുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 15.5 ശതമാനം വരും. ഇവരില്‍ തന്നെ അവശരായ പ്രായമായ ആളുകളുടെ എണ്ണം നാല് കോടിയോളമായിരുന്നു. 2030ഓടെ ചൈനീസ് ജനസംഖ്യയുടെ 18 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ കണക്കുകള്‍ ഉദ്ദരിച്ച് വ്യക്തമാക്കുന്നുണ്ട്. അതായത് 2011ലുള്ളതിന്റെ ഇരട്ടിയായിരിക്കും ഇത്. തൊഴില്‍ മേഖലയിലും രാജ്യത്തിന്റെ വളര്‍ച്ചയിലും ഇത് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുകയാണ്. 2050ഓടെ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 50 കോടി കവിയുമെന്നാണ് കണക്ക്. ഇത് അമേരിക്കന്‍ ജനസംഖ്യയെ മറികടക്കുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here