സൈനികരുടെ എണ്ണം കുറക്കണമെന്ന് പ്രതിരോധ മന്ത്രി

Posted on: March 6, 2016 12:53 am | Last updated: March 5, 2016 at 11:58 pm

manohar parikkarന്യൂഡല്‍ഹി:ഇന്ത്യന്‍ സൈന്യത്തില്‍ അംഗസംഖ്യ വെട്ടിക്കുറക്കണമെന്ന ആവശ്യവുമായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ശമ്പളച്ചെലവ് വെട്ടിക്കുറച്ച് ആ തുക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നതുള്‍പ്പെടെയുള്ള പുതിയ പരിഷ്‌കരണമാണ് പ്രതിരോധ മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

കരസേന, നാവികസേന വ്യോമസേന എന്നീ വിഭാഗങ്ങളിലായി 13 ലക്ഷം സൈനികരാണ് രാജ്യത്ത് സേവനം അനുഷ്ഠിക്കുന്നത്. ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ സേനാ വിഭാഗമാണ്. സൈന്യത്തെ ആധുനികവത്കരിച്ചെങ്കിലും ഇപ്പോഴും പഴയ രീതിതന്നെയാണ് തുടര്‍ന്ന് പോരുന്നത്. എല്ലാ സൈനിക കേന്ദ്രങ്ങളിലും സൈനിക യൂനിറ്റുകളിലും ടെലിഫോണ്‍ ഓപറേറ്റര്‍ മാരുണ്ട്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇപ്പോഴും ഓപറേറ്റമാരെ വെക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. പെന്‍ഷന്‍, ശമ്പളം, എന്നിവക്കായി കോടിക്കണക്കിന് രൂപയാണ് ഇപ്പോള്‍ സൈന്യത്തിന് ചെലവ് വരുന്നത്. ശമ്പളത്തിനായി 9500 കോടി രൂപയും പെന്‍ഷന്‍ നല്‍കാന്‍ 82333 കോടി രൂപയുമാണ് ആകെ ചെലവ്. ഇത് ഭീമമായ സംഖ്യയാണെങ്കിലും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആയുധങ്ങളും യുദ്ധ സാമഗ്രികളും വാങ്ങുന്നതിനും സൈന്യത്തിന്റെ നവീകരണത്തിനും വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വലിയ അംഗസംഖ്യയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സൈന്യത്തേക്കാള്‍ വിവേകപരമായി പ്രവര്‍ത്തിക്കുന്ന സൈന്യമാണ് ആവശ്യമെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സൈന്യത്തോട് ആവശ്യപ്പെടുമെന്ന് പരീക്കര്‍ പറഞ്ഞു. ശമ്പള പെന്‍ഷന്‍ ബില്ലുകള്‍ വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് സൈനിക അംഗസംഖ്യ വെട്ടിക്കുറക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റിലും സൈന്യത്തിന് കൂടുതല്‍ ഫണ്ടുകള്‍ വിലയിരുത്തിയിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.