കുട്ടികളുടെ വളര്‍ച്ചക്ക് വായന അനിവാര്യമെന്ന് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

Posted on: March 5, 2016 3:22 pm | Last updated: March 5, 2016 at 3:22 pm
SHARE

literay festദുബൈ: കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക് വായന ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണെന്ന് റൗണ്ട് ടേബിള്‍ സെഷന്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ നടന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2016ന്റെ ഭാഗമായി സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ സെഷനില്‍ പങ്കെടുത്തവരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഇസബെല്‍ അബ്ദുല്‍ ഹൗളിന്റെ നേതൃത്വത്തിലായിരുന്നു റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഹണ്‍ഡേര്‍ഡ് വെല്‍നെസ് സ്ഥാപക അസ്മ ഹിലാല്‍ ലൂത്ത, പ്രൊഫഷണല്‍ കോച്ചും ബ്രോഡ്കാസ്റ്ററുമായ മായി അല്‍ ഖലീഫ പങ്കെടുത്തു.
മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാനും ശ്രമിക്കണമെന്ന് ഇസബെല്‍ അഭ്യര്‍ഥിച്ചു. വായനയുടെ സുഖവും സന്തോഷവും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ സാധിക്കുകയെന്നത് അവര്‍ക്ക് ലഭിക്കുന്ന അമൂല്യമായ സമ്മാനമാണ് വായനയിലേക്ക് കുട്ടികളെ എത്രയും പെട്ടെന്ന് എത്തിക്കാന്‍ രക്ഷിതാക്കള്‍ പ്രയത്‌നിക്കണമെന്നും ചോദ്യോത്തര വേളയില്‍ അവര്‍ പറഞ്ഞു. നന്നേ ചെറിയ പ്രായത്തിലെ കുട്ടികളെ വായനയുമായി ബന്ധിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. അതിനായി അവര്‍ ശ്രമിക്കണം.
നവജാത ശിശുക്കളുടെ സമീപത്തുനിന്നും വായിച്ചാല്‍ അവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും. വളര്‍ന്നുവരുമ്പോള്‍ അതിവേഗം നിറങ്ങളും മറ്റും തിരിച്ചറിയാന്‍ ഇതിലൂടെ കൊച്ചുകുട്ടികള്‍ക്ക് കഴിയും. ഇത് അവരെ വാനയുമായിചെറിയ പ്രായത്തിലെ ചങ്ങാത്തത്തിലാവാനും പ്രേരിപ്പിക്കും. ശരിയായ രീതിയില്‍ വായിച്ചുവളര്‍ന്നാല്‍ മികച്ച വ്യക്തിത്വമുള്ളവരായി കുട്ടികളെ പരിവര്‍ത്തിപ്പിക്കാനാവും. നമ്മെപ്പോലെ കുട്ടികള്‍ക്കും അവരുടേതായ ഇഷ്ടങ്ങളും രീതികളുമുണ്ട്. നമുക്ക് എല്ലാവര്‍ക്കും ഒരേ കാര്യം തന്നെ ഇഷ്ടപ്പെടാന്‍ സാധിക്കുമോ. ഓരോ വ്യക്തിയുടെയും അഭിരുചികള്‍ വ്യത്യസ്തമല്ലേ, രക്ഷിതാക്കള്‍ ഇക്കാര്യത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കണം. വായനക്ക് ഏറ്റവും പറ്റിയ സമയം ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പാണ്. ഇത് കുട്ടികളെ പരിശീലിപ്പിച്ചാല്‍ അവര്‍ക്ക് എന്തെങ്കിലും വായിക്കാതെ ഉറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകും. ഇന്ന് നമുക്കിടയില്‍ ആകര്‍ഷകമായ രേഖാചിത്രങ്ങളോടുകൂടിയ നിരവധി പുസ്തകങ്ങളാണ് കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കപ്പെടുന്നത്.
വായിച്ചുകൊടുക്കുക എന്നത് കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനുള്ള മികച്ച മാര്‍ഗമാണ്. അത് വളരെ കുറച്ചുസമയം മാത്രമാണെങ്കിലും വലിയ കാര്യമായി നാം പരിഗണിക്കണമെന്നും ഇസബെല്‍ അബ്ദുല്‍ ഖാദര്‍ ഓര്‍മിപ്പിച്ചു. ജീവിതത്തിന്റെ താളം നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യമനുസരിച്ച് മുന്‍ഗണന നല്‍കണമെന്ന് യുവ സംരംഭകക്കുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പുരസ്‌കാരം കരസ്ഥമാക്കിയ അസ്മ ഹിലാല്‍ ലൂത്ത അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here