Connect with us

Malappuram

മലപ്പുറത്ത് ഡി വൈ എഫ് ഐ- എം എസ് എഫ് സംഘര്‍ഷം

Published

|

Last Updated

മലപ്പുറം: മലപ്പുറം ഗവ. വനിതാ കോളജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ ഡി വൈ എഫ് ഐ കരിങ്കൊടി.
കുന്നുമ്മല്‍ ടൗണ്‍ഹാള്‍ പരിസരത്ത് തടിച്ച് കൂടിയ പ്രവര്‍ത്തകരാണ് 11.30 ഓടെ മുഖ്യമന്ത്രി കടന്ന് വരുന്ന ഔദ്യോഗിക വാഹനത്തിന് നേരെ കരിങ്കൊടിയുമായി എത്തിയത്. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിയമപാലകരെ വകഞ്ഞ് മാറ്റി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.
ഇതിനിടയില്‍ ടൗണ്‍ഹാള്‍ പ്രവേശന കവാടത്തിന് സമീപം സംഘടിച്ച എം എസ് എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചതോടെ രംഗം കൂടുതല്‍ വഷളായി.
ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സ്ഥലത്ത് വാക്ക് പോര് നടത്തുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഈ സമയത്ത് വേദിയിലേക്കത്തിയ ആംബുലന്‍സിന് നേരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ തടയാനുള്ള ദൗത്യത്തിനിടെ റോഡ് അരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ നിലത്ത് വീണ് കേടുപാടുകള്‍ സംഭവിച്ചു.
അപ്പോഴേക്കും മുഖ്യമന്ത്രി ടൗണ്‍ ഹാളിലെ പ്രവേശന കവാടം താണ്ടിയിരുന്നു. തുടര്‍ന്നും പ്രതിഷേധ സ്വരവുമായി ഇടതു പ്രവര്‍ത്തകര്‍ റോഡില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. ഈ ഘട്ടത്തില്‍ ഇരു മുന്നണി പ്രവര്‍ത്തകരും തമ്മില്‍ പോലീസ് നോക്കി നില്‍ക്കെ ചെറിയ തോതില്‍ അടിപിടിയുണ്ടായി. ഇതോടെ പോലീസ് നടപടി ശക്തമാക്കി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. മുഖ്യമന്ത്രി വേദിയിലേക്ക് കടന്നതോടെ പ്രതിഷേധവും അവസാനിച്ചു. രാവിലെ പത്ത് മണിക്ക് എം എസ് എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സ്ഥലം എം എല്‍ എക്കും അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.

Latest