പരീക്ഷാഭവനില്‍ വിദ്യാര്‍ഥിനിയെ നായ കടിച്ചു

Posted on: March 5, 2016 10:40 am | Last updated: March 5, 2016 at 10:40 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാഭവനില്‍ വച്ച് വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. വയനാട് മുട്ടില്‍ കളത്തില്‍തൊടി ആതിരക്കാണ് നായയുടെ കടിയേറ്റത്. കൈവിരലിന് സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കല്‍പ്പറ്റ് ഗവ. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആതിര സഹപാഠികളോടൊപ്പം എന്‍ എസ് എസ് ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്നതിനായി എത്തിയതായിരുന്നു . ഉച്ചഭക്ഷണ സമയത്ത് പരീക്ഷാഭവനിലെ മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ നായ കൈവിരലിന് കടിക്കുകയായിരുന്നു.
സര്‍വ്വകലാശാല ക്യാമ്പസിലെ ഹെല്‍ത്ത് സെന്ററില്‍ നിന്ന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയതിന് ശേഷം ആതിരയെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് സര്‍വ്വകലാശാല വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചിരുന്നു. ക്യാമ്പസിലെ തെരുവ് നായ ശല്യം പരിഹരിക്കാന്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടിയുണ്ടായിട്ടില്ല. ദിനംപ്രതി ജീവനക്കാര്‍ അടക്കം നിരവധിയാളുകള്‍ എത്തുന്ന പരീക്ഷഭവനിലും ടാഗോര്‍ നികേതനിലും സര്‍വ്വകലാശാല ലൈബ്രറി പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്.