ഇടതു മുന്നണി സ്ഥാനാര്‍ഥികളെ 20ന് പ്രഖ്യാപിക്കും

Posted on: March 5, 2016 10:22 am | Last updated: March 5, 2016 at 10:22 am

ldfതിരുവനന്തപുരം: മെയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 19ന് സി പി ഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. അതുംകൂടി അറിഞ്ഞശേഷമാണ് എല്‍ ഡി എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുക. അതിനുമുമ്പ് ഓരോ മുന്നണികള്‍ക്കും ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സി പി എം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് 11, 12 തീയതികളില്‍ നടക്കുന്ന സെക്രട്ടേറിയറ്റിലെ തീരുമാനങ്ങള്‍ 13ന് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഇത് ഓരോ ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും സമര്‍പ്പിക്കും. അവരുടെ അഭിപ്രായം കേട്ട ശേഷം 16ന് നടക്കുന്ന സെക്രട്ടേറിയറ്റില്‍ വീണ്ടും ചര്‍ച്ച ചെയ്യും. ഈ തീരുമാനം തുടര്‍ന്ന് പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ച് അവരുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
എന്നാല്‍ വി എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യത്തിന് ഒരു സ്ഥാനാര്‍ഥിയേയും മുന്‍കൂട്ടി തീരുമാനിക്കില്ലെന്നും എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്ത് 140 മണ്ഡലത്തിലേയും സ്ഥാനാര്‍ഥികളേയും ഒരുമിച്ച് പ്രഖ്യാപിക്കുമെന്നും കോടിയേരി മറുപടി നല്‍കി. അതേസമയം, ഏതു സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡി എഫ് തയ്യാറാണെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന് സമയം നീട്ടിക്കിട്ടിയതിനാല്‍ ചിട്ടയായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നും കോടിയേരി പറഞ്ഞു. അതിനനുസരിച്ച് തിരഞ്ഞെടുപ്പില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എല്‍ ഡി എഫ് വ്യക്തമായ രൂപം നല്‍കും. എന്നാല്‍ ഉടന്‍ തന്നെ എല്‍ ഡി എഫ് ചേരേണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ യു ഡി എഫില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. മൂന്നാംകക്ഷിയായ കേരളാ കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നു. ജോസഫ് വിഭാഗത്തില്‍ ജോസഫ് ഒഴികെ മറ്റു പ്രമുഖരെല്ലാം രാജി വെച്ചു. അവര്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനകള്‍ സ്വാഗതാര്‍ഹമാണ്. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം സി പി എമ്മുമായി ചര്‍ച്ച നടത്തി അവരുടെ നിലപാട് അറിയിച്ചിട്ടുണ്ട്. അവരോട് എന്ത് സമീപനം സ്വീകരിക്കണം എന്ന് എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.