ബി ജെ പി സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കം മുറുകുന്നു; ശ്രീകാന്തിനും സുരേന്ദ്രനും വേണ്ടി അവകാശവാദം

Posted on: March 5, 2016 4:11 am | Last updated: March 4, 2016 at 8:31 pm

കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിലെ പി ബി അബ്ദുറസാഖ് ഇക്കുറിയും മത്സരിക്കുമെന്നുറപ്പായതോടെ തങ്ങളുടെ സ്ഥാനാര്‍ഥിയായി ആരെ നിര്‍ത്തണമെന്നതുസംബന്ധിച്ച് ബി ജെ പിയിലും ചര്‍ച്ചകള്‍ ചൂടുപിടിച്ചു.
കഴിഞ്ഞ തവണ മല്‍സരിച്ച ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തന്നെ ഇക്കുറിയും മത്സരിക്കുമെന്നാണ് നേരത്തെ പ്രചാരണമുണ്ടായിരുന്നത്. എന്നാല്‍ ബി ജെ പി ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. കെ ശ്രീകാന്തിനെ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബി ജെ പി ആലോചിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. സുരേന്ദ്രനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കി ശ്രീകാന്തിനെ മഞ്ചേശ്വരത്ത് ഇറക്കുന്നതായിരിക്കും ഗുണകരമെന്നാണ് ചില പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം.
ജില്ലാ പഞ്ചായത്തംഗം കൂടിയായതോടെ ശ്രീകാന്തിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും പൊതുരംഗത്തും സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും സുരേന്ദ്രനോട് മുമ്പ് അണികള്‍ക്കുണ്ടായിരുന്ന മതിപ്പ് ഇപ്പോഴില്ലെന്നുമാണ് ഇവരുടെ വാദം.
അതേസമയം മഞ്ചേശ്വരം വിടുന്നതില്‍ താത്പര്യമില്ലെന്ന് സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ സുരേന്ദ്രന്റെ മത്സരം മഞ്ചേശ്വരം മണ്ഡലത്തില്‍ ബി ജെ പിക്ക് വോട്ടുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്തിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ മറുവിഭാഗം എതിര്‍ക്കുന്നത്.
കാസര്‍കോട് മണ്ഡലത്തില്‍ ആരെ നിര്‍ത്തുമെന്ന കാര്യത്തില്‍ ബി ജെ പിയില്‍ വ്യക്തമായ ധാരണയായിട്ടില്ല.
ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്.